ചരിത്രസ്മൃതികൾ
“തോടിനുള്ളിലെ ആമയെപ്പോലെയായിരുന്നു ഞാൻ”
കൊടുങ്കാറ്റിന്റെ വേഗമായിരുന്നു 1929 ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ ആ ഒമ്പതുദിന സാക്ഷീകരണപരിപാടിക്ക്! 10,000-ലധികം രാജ്യഘോഷകരാണ് ഐക്യനാടുകളിലെമ്പാടും പ്രസംഗവേലയ്ക്കായി മുന്നിട്ടിറങ്ങിയത്. പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ആയി രണ്ടരലക്ഷം പ്രസിദ്ധീകരണങ്ങൾ അവർ ആളുകളുടെ കൈകളിൽ എത്തിച്ചു. ആ രാജ്യഘോഷകരിൽ ആയിരത്തോളം പേർ കോൽപോർട്ടർമാരായിരുന്നു. “തികച്ചും അവിശ്വസനീയം” എന്നാണ് ബുള്ളറ്റിൻa അതിനെ വിശേഷിപ്പിച്ചത്. കാരണം, 1927 മുതൽ 1929 വരെയുള്ള ചുരുങ്ങിയ കാലയളവിൽ പയനിയർ അണികളിലേക്ക് കടന്നുവന്നവരുടെ എണ്ണം മൂന്നിരട്ടിയായി!
1929-ന്റെ അവസാനത്തോടെ രാജ്യം വൻ സാമ്പത്തികപ്രതിസന്ധിയിലായി. ആ വർഷം ഒക്ടോബർ 29-ലെ ആ കറുത്ത ചൊവ്വാഴ്ച ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരിവിലകൾ കുത്തനെ ഇടിഞ്ഞു. അതുണ്ടാക്കിയ സംഭ്രാന്തിയുടെ അലയൊലികൾ ആഗോള സാമ്പത്തികവ്യവസ്ഥയെ മഹാമാന്ദ്യത്തിലേക്കു ചുഴറ്റിയെറിഞ്ഞു. ആയിരക്കണക്കിനു ബാങ്കുകൾ പൊളിഞ്ഞു. ഫാമുകൾ അടച്ചുപൂട്ടി. ഭീമൻ വ്യവസായശാലകൾ നിശ്ശബ്ദമായി. ദശലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഐക്യനാടുകളിൽ, 1933-ൽ ദിവസം ഏതാണ്ട് 1,000 വീടുകൾവെച്ച് ജപ്തി ചെയ്യപ്പെട്ടു.
ഈ പ്രതിസന്ധിഘട്ടത്തിൽ മുഴുസമയശുശ്രൂഷകരുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമായിരുന്നു? ‘വാഹനവസതികൾ’ ഉണ്ടാക്കുക, അതായിരുന്നു ഒരു പരിഹാരം. വാടക വേണ്ട, നികുതി വേണ്ട. ഏറ്റവും ചുരുങ്ങിയ ചെലവിൽ ജീവിക്കാനും ശുശ്രൂഷ തുടരാനും ഈ വാഹനവീടുകൾ അല്ലെങ്കിൽ ട്രെയിലറുകൾ നിരവധി പയനിയർമാർക്ക് സഹായമായി.b സഞ്ചരിക്കുന്ന ഈ വീടുകൾ കൺവെൻഷൻ സമയങ്ങളിൽ അവരുടെ ‘ഹോട്ടൽ മുറികളായി’ മാറും. വേണ്ടതെല്ലാം ഉൾക്കൊള്ളിച്ച് സൗകര്യപ്രദമായ ഒരു വാഹനവസതി സജ്ജമാക്കുന്നതിനുള്ള വിശദമായ രൂപരേഖ 1934-ലെ ബുള്ളറ്റിൻ നൽകുകയുണ്ടായി. വാട്ടർ ടാങ്ക്, സ്റ്റൗ, മടക്കിവെക്കാവുന്ന കിടക്ക, തണുപ്പ് തടുക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഉൾപ്പെടുന്നതായിരുന്നു ആ വീട്.
സമർഥരും കാര്യപ്രാപ്തരും ആയ രാജ്യഘോഷകർ ലോകത്തിന്റെ പല ഭാഗത്തും വാഹനവസതികൾ ഉണ്ടാക്കിത്തുടങ്ങി. അവരിലൊരാളായ വിക്ടർ ബ്ലാക്വെൽ അനുസ്മരിച്ചു: “നോഹയ്ക്ക് കപ്പൽനിർമാണ പരിചയമൊന്നും ഉണ്ടായിരുന്നില്ലല്ലോ. വാഹനവീട് ഉണ്ടാക്കാൻ എനിക്കും അറിവോ പരിചയമോ ഇല്ലായിരുന്നു.” എന്നിട്ടും അദ്ദേഹവും ഉണ്ടാക്കി ഒരു വാഹനവസതി!
ഇന്ത്യയിൽ, ഒരു മഴക്കാലത്ത് നദിക്ക് അക്കരെ കടത്താൻ ശ്രമിക്കുന്ന ഒരു വാഹനവീട്
എവ്രി ബ്രിസ്റ്റോയ്ക്കും ഭാര്യ ലവീനയ്ക്കും ഒരു വാഹനഗൃഹമുണ്ടായിരുന്നു. “തോടിനുള്ളിലെ ആമയെപ്പോലെയായിരുന്നു ഞാൻ, വീട് എപ്പോഴും കൂടെക്കാണും,” എവ്രിയുടെ വാക്കുകൾ. ഹാർവി കോൺറോയും ഭാര്യ ആനും ഒരു കാലത്ത് ഇവരുടെ പയനിയർപങ്കാളികളായിരുന്നു. അവർക്കുമുണ്ടായിരുന്നു ഒരു വാഹനഗൃഹം. അവരുടെ സഞ്ചരിക്കുന്ന വീടിന്റെ ‘പുറംഭിത്തി’കൾ ടാർപേപ്പർ ഒട്ടിച്ചതായിരുന്നു. അടുത്ത സ്ഥലത്തേക്കു കൊണ്ടുപോകാനായി ‘വീട് അനക്കിയാൽ’ ടാർപേപ്പർ പൊളിഞ്ഞുവീഴുകയായി! “അത്തരമൊരു ട്രെയിലർ അതുവരെ ആരും കണ്ടിട്ടുണ്ടാവില്ല. ഇനി കാണാനും വഴിയില്ല!” എവ്രി പറഞ്ഞു. എങ്കിലും, “അതുപോലൊരു സന്തുഷ്ടകുടുംബത്തെ നിങ്ങൾക്കു വേറെങ്ങും കാണാൻ കഴിയില്ല” എന്നാണ് കോൺറോ ദമ്പതികളും രണ്ട് ആൺമക്കളും അടങ്ങിയ കുടുംബത്തെപ്പറ്റി എവ്രി പറഞ്ഞത്. ഹാർവി കോൺറോ ഇങ്ങനെ എഴുതി: “ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല. യഹോവയുടെ സേവനത്തിലായിരിക്കെ അവന്റെ വാത്സല്യത്തണലിൽ ഞങ്ങൾ തികച്ചും സുരക്ഷിതരായിരുന്നു.” പിന്നീട് അവർ നാലുപേരും ഗിലെയാദ് സ്കൂളിൽ പങ്കെടുത്തു. പെറുവിലേക്ക് മിഷനറിമാരായി നിയമിക്കപ്പെടുകയും ചെയ്തു.
കുടുംബമൊന്നിച്ച് പയനിയറിങ് ചെയ്ത മറ്റൊരു ദമ്പതികളാണ് ഗുസ്തോ ബറ്റൈനോയും ഭാര്യ വിൻസെൻസായും. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അവർ തങ്ങളുടെ 1929 ‘മോഡൽ എ’ ഫോർഡ് ട്രക്ക് ഒരു വാഹനഗൃഹമാക്കി മാറ്റി. മുമ്പ് അവർ താമസിച്ചിരുന്ന കൂടാരഭവനവുമായി താരതമ്യപ്പെടുത്തിയാൽ ഇത് ‘ഒരു നല്ല ഹോട്ടൽ മുറിപോലെയായിരുന്നു.’ മകൾ ജനിച്ച ശേഷം അവളുമൊത്ത് ഈ ദമ്പതികൾ, ഐക്യനാടുകളിലെ ഇറ്റലിക്കാരോട് സുവാർത്ത പ്രസംഗിക്കുകയെന്ന അവരുടെ പ്രിയപ്പെട്ട നിയമനത്തിൽത്തന്നെ തുടർന്നു.
സുവാർത്തയോടു താത്പര്യമുള്ള നിരവധിപ്പേരെ കണ്ടെത്തുമെങ്കിലും ബൈബിൾസാഹിത്യങ്ങൾ കൊടുക്കുമ്പോൾ സംഭാവന നൽകാനുള്ള സാമ്പത്തികശേഷി മിക്കപ്പോഴും അവർക്കുണ്ടായിരിക്കില്ല. തൊഴിൽരഹിതരായ ആ ആളുകൾ സംഭാവനയായി പലവിധ സാധനങ്ങൾ നൽകുമായിരുന്നു. ഒരിക്കൽ, രണ്ട് പയനിയർമാർ അങ്ങനെ കിട്ടിയ സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിനോക്കി, മൊത്തം 64 തരം സാധനങ്ങൾ! “പലചരക്കുകടയിലെ ഇനവിവരപ്പട്ടിക”പോലെയിരുന്നു അത്.
ഫ്രെഡ് ആൻഡേഴ്സൺ സഹോദരൻ ഒരിക്കൽ ഒരു കൃഷിക്കാരനെ കണ്ടുമുട്ടി. ഒരു സെറ്റ് പുസ്തകങ്ങൾ സ്വീകരിച്ച അദ്ദേഹം സംഭാവനയായി നൽകിയത് ഒരു കണ്ണടയാണ്. അത് അദ്ദേഹത്തിന്റെ അമ്മയുടേതായിരുന്നു. തൊട്ടടുത്ത കൃഷിയിടത്തിൽ, നമ്മുടെ പുസ്തകങ്ങൾ വായിക്കാനാഗ്രഹിച്ച മറ്റൊരാളെ സഹോദരൻ കണ്ടു. പക്ഷേ, “എനിക്കു വായിക്കാൻ കണ്ണടയില്ലല്ലോ,” അദ്ദേഹം നിരാശനായി. തൊട്ടുമുമ്പു സഹോദരനു കിട്ടിയ കണ്ണട ഈ മനുഷ്യനു പറ്റിയതായിരുന്നു! സഹോദരൻ പുസ്തകങ്ങളും ആ കണ്ണടയും ആ കൃഷിക്കാരനു നൽകി. അദ്ദേഹം സന്തോഷത്തോടെ കണ്ണടയ്ക്കും പുസ്തകങ്ങൾക്കും ഉള്ള സംഭാവനയും നൽകി.
ഹെർബട്ട് ആബട്ട് സഹോദരൻ തന്റെ കാറിൽ ഒരു കോഴിക്കൂടു കൂടി കൊണ്ടുപോകുമായിരുന്നു. സംഭാവനയായി മൂന്നോ നാലോ കോഴികളെ കിട്ടിക്കഴിയുമ്പോൾ സഹോദരൻ അവയെ ചന്തയിൽ വിറ്റ് വാഹനത്തിൽ ഇന്ധനം നിറയ്ക്കും. ആ കാലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: “ഒരു ചില്ലിക്കാശുപോലും കൈയിൽ ഇല്ലാത്ത അവസരങ്ങളുണ്ടായിട്ടുണ്ട്, പലപ്പോഴും. പക്ഷേ, അതൊന്നും ഞങ്ങൾക്കൊരു തടസ്സമായില്ല. ഞങ്ങൾ എല്ലായ്പോഴും യഹോവയിൽ ആശ്രയിച്ചു. ഞങ്ങളുടെ വാഹനത്തിൽ ഇന്ധനമുണ്ടോ, ഞങ്ങൾ പോയിരിക്കും.”
വിഷമം പിടിച്ച ആ കാലങ്ങളിൽ ദൈവജനത്തെ മുന്നോട്ടു നയിച്ചത് യഹോവയിലുള്ള അവരുടെ ആശ്രയവും അവർ എടുത്ത ഉറച്ച തീരുമാനങ്ങളും ആണ്. കനത്തമഴയുള്ള ഒരു സമയത്ത്, മാക്സ്വെൽ ലെവിസും എമിയും ഒരു മരം കടപുഴകി വരുന്നതുകണ്ട് ട്രെയിലറിൽ നിന്നും ഇറങ്ങിയോടി. മരം ട്രെയിലറിന്റെ മുകളിൽ വീണു, ട്രെയിലർ രണ്ടായി പിളർന്നുപോയി. അതേക്കുറിച്ച് മാക്സ്വെൽ എഴുതി: “ഇതൊന്നും വൻപ്രതിബന്ധങ്ങളായിരുന്നില്ല. ജീവിതത്തിലുണ്ടാകുന്ന സാധാരണസംഭവങ്ങൾ, അത്രമാത്രം. ശുശ്രൂഷ നിറുത്തിക്കളയുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചതേയില്ല. വേല ധാരാളമുണ്ടായിരുന്നു, അതു ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചുറച്ചു.” അവർ പതറിയില്ല. സ്നേഹമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ മാക്സ്വെലും എമിയും അവരുടെ ‘വീട്’ പുതുക്കിപ്പണിതു.
ക്ലേശങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഈ കാലത്തും അതേ ത്യാഗമനഃസ്ഥിതിയുള്ളവരാണ് തീക്ഷ്ണതയുള്ള ദശലക്ഷക്കണക്കിന് സാക്ഷികൾ. ആ ആദ്യകാലപയനിയർമാരെപ്പോലെ നമുക്കും പ്രസംഗവേല അനവരതം തുടരാം. യഹോവ ‘മതി’ എന്നു പറയുന്നതു വരെ!
a ഇന്ന്, നമ്മുടെ രാജ്യ ശുശ്രൂഷ എന്ന് അറിയപ്പെടുന്നു.
b അക്കാലങ്ങളിൽ മിക്ക പയനിയർമാരും തൊഴിൽ ചെയ്യുന്നവരായിരുന്നില്ല. ബൈബിൾസാഹിത്യങ്ങൾ അവർക്ക് കുറഞ്ഞ നിരക്കിൽ കിട്ടുമായിരുന്നു. അത് സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സംഭാവനകൾകൊണ്ട് അവരുടെ എളിയ ജീവിതച്ചെലവുകൾ നടന്നുപോകുമായിരുന്നു.