നമുക്ക് മറ്റുള്ളവരെ ആവശ്യമുണ്ടോ?
“നമ്മുടെ ജീവിതത്തെയും ഉദ്യമങ്ങളെയും വിശകലനം ചെയ്യുമ്പോൾ, നമ്മുടെ പ്രവർത്തനങ്ങളും അഭിലാഷങ്ങളും എല്ലാംതന്നെ മറ്റു മനുഷ്യരുടെ അസ്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്കു പെട്ടെന്നുതന്നെ മനസ്സിലാകും” എന്ന് ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ പറയുകയുണ്ടായി. അദ്ദേഹം തുടർന്ന് ഇങ്ങനെ പറഞ്ഞു: “നാം മറ്റുള്ളവർ ഉത്പാദിപ്പിച്ച ആഹാരം കഴിക്കുന്നു, മറ്റുള്ളവർ ഉണ്ടാക്കിയ വസ്ത്രങ്ങൾ ധരിക്കുന്നു, മറ്റുള്ളവർ പണിത വീടുകളിൽ പാർക്കുന്നു. . . . ഒരു വ്യക്തിയെ അയാളാക്കുന്നതും അയാൾക്ക് പ്രാധാന്യം നൽകുന്നതും ഏറെയും അയാളുടെ വ്യക്തിത്വത്തനിമയല്ല, പിന്നെയോ അയാൾ അംഗമായിരിക്കുന്ന, ജനനം മുതൽ മരണം വരെ അയാളുടെ ഭൗതികവും ആത്മീയവുമായ അസ്തിത്വത്തിനു നിദാനമായിരിക്കുന്ന, വലിയ മാനവ സമുദായമാണ്.”
സഹജമായ കൂട്ടുകെട്ട് ജന്തുലോകത്തിലെ ഒരു സാധാരണ കാഴ്ചയാണ്. ആനകൾ തങ്ങളുടെ കുഞ്ഞുങ്ങളെ ശ്രദ്ധാപൂർവം കാവൽ ചെയ്തുകൊണ്ട് കൂട്ടത്തോടെ സഞ്ചരിക്കുന്നു. പെൺസിംഹങ്ങൾ ഒരുമിച്ച് വേട്ടയാടുകയും തങ്ങളുടെ തീറ്റി ആൺസിംഹങ്ങളുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഡോൾഫിനുകൾ ഒന്നിച്ചു കളിക്കുകയും അപകടത്തിൽപ്പെടുന്ന മറ്റ് ജന്തുക്കളുടെയോ നീന്തൽക്കാരുടെയോ സഹായത്തിനെത്തുകയും ചെയ്യുന്നു.
എന്നാൽ മനുഷ്യർക്കിടയിൽ സാമൂഹ്യ ശാസ്ത്രജ്ഞർ ആശങ്കാജനകമായ ഒരു പ്രവണത നിരീക്ഷിച്ചിരിക്കുന്നു. ഒരു മെക്സിക്കൻ വർത്തമാനപത്രം റിപ്പോർട്ടു ചെയ്തപ്രകാരം, “ആളുകൾക്കിടയിൽ ദശകങ്ങളായി കണ്ടുവരുന്ന സ്വയം ഒറ്റപ്പെടുത്തുന്ന പ്രവണതയും സാമൂഹിക ജീവിതത്തിന്റെ അപക്ഷയവും അമേരിക്കൻ സമൂഹത്തിന്മേൽ വിനാശകമായ ഫലം ഉളവാക്കിയിരിക്കുന്നു” എന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. “രാഷ്ട്രത്തിന്റെ ക്ഷേമം സമഗ്രമായ ഒരു സാമൂഹിക മാറ്റത്തെ ആശ്രയിച്ചിരിക്കുന്നു” എന്നും “ഇതിൽ സാമൂഹിക ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് ഉൾപ്പെടുന്നു” എന്നും മേൽപ്പറഞ്ഞ ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് പത്രം അഭിപ്രായപ്പെട്ടു.
വികസിത രാജ്യങ്ങളിൽ ജീവിക്കുന്നവർക്കിടയിൽ ഈ പ്രശ്നം വിശേഷിച്ചും വ്യാപകമായിരിക്കുന്നതായി കാണാം. ഒറ്റപ്പെട്ടു ജീവിക്കാനുള്ള പ്രവണത അനുദിനം വർധിച്ചുവരികയാണ്. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ആളുകൾ താത്പര്യപ്പെടുന്നു, തങ്ങളുടെ കാര്യങ്ങളിൽ മറ്റുള്ളവർ തലയിടുന്നത് അവർക്കു തീരെ ഇഷ്ടമല്ല. ഈ മനോഭാവം വൈകാരിക പ്രശ്നങ്ങൾ, വിഷാദം, ആത്മഹത്യ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നതായി അഭിപ്രായമുണ്ട്.
ഇതു സംബന്ധിച്ച് ഡോ. ഡാനിയേൽ ഗോൾമാൻ ഇങ്ങനെ പറയുന്നു: “സാമൂഹികമായ ഒറ്റപ്പെടൽ—സ്വകാര്യ വികാരങ്ങൾ പങ്കിടാൻ അല്ലെങ്കിൽ അടുത്തു സഹവസിക്കാൻ പറ്റിയ ആരും ഇല്ലെന്ന തോന്നൽ—രോഗത്തിനോ മരണത്തിനോ ഉള്ള സാധ്യത ഇരട്ടിയായി വർധിപ്പിക്കുന്നു.” “പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ അളവ്, അമിത വണ്ണം, വ്യായാമമില്ലായ്മ എന്നിവയ്ക്ക് മരണനിരക്കിന്മേലുള്ള അത്രയും സ്വാധീനംതന്നെ” സാമൂഹിക ഒറ്റപ്പെടലിനും ഉണ്ടെന്ന് സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നു.
അതേ, പല കാരണങ്ങളാൽ നമുക്കു മറ്റുള്ളവരെ ആവശ്യമുണ്ട്. നമുക്ക് ഒറ്റയ്ക്കു നിൽക്കാനാവില്ല. അങ്ങനെയെങ്കിൽ ഒറ്റപ്പെടൽ സംബന്ധിച്ച ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാൻ സാധിക്കും? പലരുടെയും ജീവിതത്തിന് യഥാർഥ അർഥം നൽകിയത് എന്താണ്? അടുത്ത ലേഖനം അത്തരം ചോദ്യങ്ങൾ കൈകാര്യം ചെയ്യും.
[3 -ാം പേജിലെ ആകർഷക വാക്യം]
“നമ്മുടെ പ്രവർത്തനങ്ങളും അഭിലാഷങ്ങളും എല്ലാംതന്നെ മറ്റു മനുഷ്യരുടെ അസ്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.”—ആൽബർട്ട് ഐൻസ്റ്റീൻ