നിങ്ങൾ കാര്യങ്ങളെ ലാഘവത്തോടെ കാണുന്നവരോ?
ശാന്തനും അക്ഷോഭ്യനും വിശാലമനസ്കനുമായി അറിയപ്പെടുന്നത് ഒരു നല്ല സംഗതിയായി മിക്കവരും കരുതാറുണ്ട്. എന്നിരുന്നാലും, ഇതു ചിലപ്പോൾ കാര്യങ്ങളെ ലാഘവത്തോടെ കാണുന്ന ഒരു സ്വഭാവ വിശേഷമായി പരിണമിച്ചേക്കാം. ബൈബിൾ പറയുന്നു: “ഭോഷരുടെ ലാഘവബുദ്ധി അവരെ നശിപ്പിക്കും.” (സദൃശവാക്യങ്ങൾ 1:32, ഓശാന ബൈബിൾ) അതിന്റെ അർഥമെന്താണ്?
ലാഘവബുദ്ധി എന്നതിന്റെ മൂല എബ്രായ പദത്തെ മറ്റു ബൈബിളുകളിൽ “നിശ്ചിന്ത” (സത്യവേദപുസ്തകം) “അലംഭാവം” (പി.ഒ.സി. ബൈബിൾ) എന്നൊക്കെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ അർഥത്തിൽ, അത് അലസതയോടും അശ്രദ്ധയോടും അതുകൊണ്ടുതന്നെ വിഡ്ഢിത്തത്തോടും അഥവാ ഭോഷത്തത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
ഒന്നാം നൂറ്റാണ്ടിൽ, ലവൊദിക്ക്യ സഭയിലെ ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയ കുറവുകൾ സംബന്ധിച്ച് ചിന്തയില്ലാത്തവർ ആയിരുന്നു. അതിരുകടന്ന ആത്മവിശ്വാസത്തോടെ അവർ തങ്ങൾക്ക് “ഒന്നിനും മുട്ടില്ല” എന്ന് ഊറ്റംകൊണ്ടിരുന്നു. യേശു അവരെ തിരുത്തി, അവർ തങ്ങളുടെ ക്രിസ്തീയ തീക്ഷ്ണത പുതുക്കേണ്ടതുണ്ടായിരുന്നു.—വെളിപ്പാടു 3:14-19.
കാര്യങ്ങളെ ലാഘവത്തോടെ കാണുക എന്നത് നോഹയുടെ നാളിലെ ആളുകളുടെയും ഒരു വിശേഷത ആയിരുന്നു. അനുദിന ജീവിതത്തിലെ കാര്യാദികളിൽ മുഴുകി, “അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു. ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല.” തുടർന്ന് യേശു കൂട്ടിച്ചേർത്തു: “മനുഷ്യപുത്രന്റെ വരവും [“സാന്നിധ്യവും,” NW] അങ്ങനെ തന്നേ ആകും.”—മത്തായി 24:37-39.
“മനുഷ്യപുത്രന്റെ” അതായത് യേശുക്രിസ്തുവിന്റെ ‘സാന്നിധ്യ’ കാലത്താണ് നാം ജീവിക്കുന്നതെന്നു നിവൃത്തിയേറിയ ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട്, നമുക്ക് ഒരിക്കലും അലംഭാവമുള്ളവരോ അശ്രദ്ധരോ കാര്യങ്ങളെ ലാഘവത്തോടെ കാണുന്നവരോ ആകാതിരിക്കാം.—ലൂക്കൊസ് 21:29-36.