ഒരിക്കലും പ്രായം പഠനത്തിന് ഒരു തടസ്സമല്ല
ക്സെനിയ ജനിച്ചത് 1897-ൽ ആണ്. അവർക്ക് 3 പെൺമക്കളും ഒരു മകനും 15 പേരക്കുട്ടികളുമുണ്ട്, കൂടാതെ പേരക്കുട്ടികൾക്കെല്ലാം കൂടി 25 മക്കളുമുണ്ട്. തന്റെ മാതാപിതാക്കൾ പഠിപ്പിച്ച കാര്യങ്ങൾ ജീവിതകാലം മുഴുവൻ ക്സെനിയ പിൻപറ്റിപ്പോന്നു. കരിങ്കടലിനും കോക്കസസിനും ഇടയ്ക്കായി സ്ഥിതി ചെയ്യുന്ന, യുദ്ധകലുഷിതമായ അബ്കാസ് റിപ്പബ്ലിക്കിൽനിന്ന് ഒരു അഭയാർഥിയായി മോസ്കോയിലേക്കു വന്നതായിരുന്നു ക്സെനിയ എങ്കിലും അവർ തന്റെ ജീവിതത്തിൽ തികച്ചും സംതൃപ്തയായിരുന്നു, വിശേഷിച്ചും തന്റെ പൈതൃകമെന്ന് അവർ അവകാശപ്പെട്ടിരുന്ന മതവിശ്വാസത്തോടുള്ള ബന്ധത്തിൽ.
അങ്ങനെയിരിക്കെ, 1993-ൽ അവരുടെ മകൾ മെറി യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നു. മെറി, യഹോവയാം ദൈവത്തെയും ബൈബിളിനെയും കുറിച്ച് ക്സെനിയയോടു സംസാരിക്കാൻ തുടങ്ങി. എങ്കിലും അതൊന്നും ശ്രദ്ധിക്കാൻ ക്സെനിയ താത്പര്യം കാണിച്ചില്ല. “ഇനിയിപ്പോ പുതിയതായിട്ടൊന്നും പഠിക്കാൻ എന്നെക്കൊണ്ടാവില്ല, ആ പ്രായമൊക്കെ കഴിഞ്ഞുപോയി” എന്ന് ക്സെനിയ എപ്പോഴും തന്റെ മകളോടു പറയുമായിരുന്നു.
എങ്കിലും യഹോവയുടെ സാക്ഷികൾ ആയിത്തീർന്നിരുന്ന മകൾ മെറിയും കൊച്ചുമകന്റെ ഭാര്യ ലോൻഡയും കൊച്ചുമക്കളുടെ മക്കളായ നാന്നയും സസ്സയുമെല്ലാം ക്സെനിയയോട് ബൈബിളിനെ കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. 1999-ലെ ഒരു സായാഹ്നത്തിൽ, അവർ വായിച്ചുകേൾപ്പിച്ച ഒരു തിരുവെഴുത്ത് ക്സെനിയയുടെ ഹൃദയത്തെ സ്പർശിച്ചു. കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തവേ യേശു തന്റെ വിശ്വസ്ത അപ്പൊസ്തലന്മാരോടു പറഞ്ഞ ഹൃദയസ്പൃക്കായ വാക്കുകൾ ആയിരുന്നു അത്. (ലൂക്കൊസ് 22:19, 20) 102 വയസ്സുള്ള ക്സെനിയ ബൈബിൾ പഠിക്കാൻ അപ്പോൾത്തന്നെ തീരുമാനമെടുത്തു.
ക്സെനിയ പറയുന്നു: “102 വർഷം ജീവിച്ചശേഷം, ഒടുവിൽ ജീവിതത്തിന്റെ അർഥം എനിക്കു മനസ്സിലായി. നമ്മുടെ സ്നേഹവാനും മഹാനുമായ ദൈവമായ യഹോവയെ സേവിക്കുന്നതിനെക്കാൾ മെച്ചമായ യാതൊന്നുമില്ലെന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ആരോഗ്യവതിയാണ്, ഇപ്പോഴും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യാൻ എനിക്കു കഴിയുന്നു. വായിക്കാൻ എനിക്കു കണ്ണടയുടെ സഹായം വേണ്ട, എന്റെ കുടുംബവുമൊത്ത് ഞാൻ സജീവമായി സഹവസിക്കുന്നു.”
ഒടുവിൽ 2000 നവംബർ 5-ന് ക്സെനിയ സ്നാപനമേറ്റു. അവർ പറയുന്നു: “ഇപ്പോൾ യഹോവയെ സ്നേഹത്തോടെ സേവിക്കാൻ ഞാൻ എന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നു. വീടിനടുത്തുള്ള ബസ്സ്റ്റോപ്പിൽ ഇരിക്കുമ്പോൾ ഞാൻ മാസികകളും ലഘുലേഖകളും സമർപ്പിക്കും. മിക്കപ്പോഴും ബന്ധുക്കൾ എന്നെ കാണാൻ വരാറുണ്ട്, യഹോവയെ കുറിച്ചുള്ള സത്യം ഞാൻ സന്തോഷത്തോടെ അവരുമായി പങ്കുവെക്കുന്നു.”
‘താൻ യുവത്വം വീണ്ടെടുക്കുകയും യൗവ്വനോൻമേഷത്തിന്റെ നാളുകളിലേക്കു മടങ്ങിവരികയും’ ചെയ്യുന്ന നാളിനായി ക്സെനിയ നോക്കിപ്പാർത്തിരിക്കുന്നു. (ഇയ്യോബ് 33:25, പി.ഒ.സി. ബൈബിൾ) ജീവിതത്തിന്റെ അർഥത്തെ കുറിച്ചു ബൈബിളിൽനിന്ന് പഠിക്കാനുള്ള പ്രായം കഴിഞ്ഞുപോയിട്ടില്ലെന്ന് നൂറിലധികം വയസ്സുള്ള ഒരു വ്യക്തി കരുതുന്നു, നിങ്ങളോ?