നിങ്ങൾക്ക് ഒരു പരിശീലിത മനസ്സാക്ഷി ആവശ്യം
അത് സ്മരണാർഹമായ ഒരു ദിനമായിരിക്കുമെന്ന് അന്റാർട്ടിക്കയിലേക്കു പുറപ്പെട്ട എയർ ന്യൂസിലൻഡ് ഫ്ളൈറ്റ് 901-ലെ യാത്രക്കാരും ജോലിക്കാരും പ്രതീക്ഷിച്ചു. ആ ഡിസി-10 ജെറ്റ് വിമാനം വെളുത്ത ഭൂഖണ്ഡത്തോട് അടുത്തപ്പോൾ അതിനുള്ളിൽ ഒരു ഉത്സവ പ്രതീതി ആയിരുന്നു. താഴ്ന്നു പറക്കുന്ന വിമാനത്തിൽനിന്ന്, അതുല്യമായ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ എല്ലാവരും തയ്യാറെടുത്തു.
വൈമാനികനെന്ന നിലയിൽ 15 വർഷത്തെ അനുഭവപരിചയമുള്ള വ്യക്തിയായിരുന്നു വിമാനത്തിന്റെ ക്യാപ്റ്റൻ. അദ്ദേഹം മൊത്തം 11,000-ത്തിലേറെ മണിക്കൂർ വിമാനം പറത്തിയിട്ടുമുണ്ടായിരുന്നു. പറന്നു പൊങ്ങുന്നതിനു മുമ്പ് അദ്ദേഹം ശ്രദ്ധാപൂർവം യാത്രാ പ്ലാൻ വിമാനത്തിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി. എന്നാൽ തനിക്കു ലഭിച്ചിരുന്ന നിർദേശാങ്കങ്ങൾ തെറ്റായിരുന്നെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. വെറും 600 മീറ്ററിലും കുറഞ്ഞ ഉയരത്തിൽ ഒരു മേഘത്തിലൂടെ പറക്കവേ വിമാനം എറെബസ് പർവതത്തിന്റെ താഴ്ന്ന ചെരുവുകളിൽ ചെന്നിടിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 257 പേരും മരിച്ചു.
വ്യോമസഞ്ചാരത്തിനുള്ള വഴികാട്ടിയെന്ന നിലയിൽ ഇന്ന് വിമാനങ്ങൾ കമ്പ്യൂട്ടറുകളെ ആശ്രയിക്കുന്നതു പോലെ ജീവിതപാതയിൽ തങ്ങളെ വഴികാട്ടുന്നതിന് മനുഷ്യർക്കു മനസ്സാക്ഷി നൽകപ്പെട്ടിരിക്കുന്നു. ഫ്ളൈറ്റ് 901-നു സംഭവിച്ച അതിദാരുണ ദുരന്തത്തിന് നമ്മുടെ മനസ്സാക്ഷിയെ കുറിച്ചുള്ള ചില ശക്തമായ പാഠങ്ങൾ പഠിപ്പിക്കാനാകും. ഉദാഹരണത്തിന്, വിമാനയാത്രയുടെ സുരക്ഷിതത്വം ശരിയായി പ്രവർത്തിക്കുന്ന ഒരു നാവിക സംവിധാനത്തിലും എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ സഹായിക്കുന്ന കൃത്യമായ നിർദേശങ്ങളിലും ആശ്രയിച്ചിരിക്കുന്നതു പോലെ നമ്മുടെ ആത്മീയവും ധാർമികവും ശാരീരികം പോലുമായ ക്ഷേമം ശരിയായ ധാർമിക മാർഗനിർദേശങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രതികരണാത്മക മനസ്സാക്ഷിയിൽ ആശ്രയിച്ചിരിക്കുന്നു.
ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ ലോകത്തിൽ അത്തരം മാർഗനിർദേശങ്ങൾ വേഗത്തിൽ അപ്രത്യക്ഷമാകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു. ഒരു അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണ ഇങ്ങനെ പറഞ്ഞു: “ജോണിക്ക് വായിക്കാനറിയില്ല, ജോണിക്ക് എഴുതാനറിയില്ല, ജോണിക്ക് ഭൂപടത്തിൽ ഫ്രാൻസ് കണ്ടുപിടിക്കാനാവുന്നില്ല എന്നിങ്ങനെയുള്ള വിലാപങ്ങൾ നാം ഇന്ന് വളരെയധികം കേൾക്കുന്നു. ജോണിക്ക് ശരിയും തെറ്റും തിരിച്ചറിയുന്ന കാര്യത്തിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്നുള്ളതാണു സത്യം. അക്ഷരങ്ങളും അക്കങ്ങളും മാത്രമല്ല അവനെ ആശയക്കുഴപ്പത്തിലാക്കുന്നത്. മറിച്ച് ആഴമായ ധാർമിക ആശയക്കുഴപ്പത്തെയും നമുക്കു വിദ്യാഭ്യാസ പ്രശ്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം.” അവർ ഇങ്ങനെയും പറഞ്ഞു: “ഇന്നത്തെ യുവജനങ്ങൾക്ക് ധാർമികത സംബന്ധിച്ചു വളരെ അവ്യക്തമായ കാഴ്ചപ്പാടാണ് ഉള്ളത്. ‘ശരി, തെറ്റ്’ എന്നിങ്ങനെ കാര്യങ്ങളെ കൃത്യമായി വേർതിരിക്കാൻ സാധിക്കുമോ എന്ന് അവരിൽ ഒരാളോടു ചോദിക്കുക. പെട്ടെന്ന് നിങ്ങളുടെ മുമ്പിൽ, എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ കുഴങ്ങുന്ന അസ്വസ്ഥനായ ഒരു വ്യക്തി നിൽക്കുന്നതു കാണാം. . . . കോളെജിൽ എത്തുന്നതോടെ ഈ കുഴപ്പം കൂടുന്നതല്ലാതെ കുറയുന്നില്ല.”
ധാർമികത ആപേക്ഷികമാണ് അഥവാ വ്യക്തിപരവും സാംസ്കാരികവുമായ ഇഷ്ടങ്ങൾക്കനുസരിച്ച് നിലവാരങ്ങൾക്കു മാറ്റം വരും എന്ന വ്യാപകമായ വീക്ഷണമാണ് ഈ ആശയക്കുഴപ്പത്തിന് ഇടയാക്കുന്ന ഒരു സംഗതി. വിമാനം പറത്തുന്ന വൈമാനികർക്ക് നിർദിഷ്ട നിർദേശങ്ങൾക്കു പകരം അസ്ഥിരവും കൃത്യതയില്ലാത്തതുമായ നിർദേശങ്ങളാണു ലഭിക്കുന്നതെന്നു കരുതുക. എന്തു സംഭവിക്കും? നിസ്സംശയമായും എറെബസ് പർവതത്തിൽ ഉണ്ടായതുപോലുള്ള ദുരന്തങ്ങൾ സാധാരണമായിത്തീരും. സമാനമായി നിശ്ചിത ധാർമിക നിലവാരങ്ങളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുന്ന ഇന്നത്തെ ലോകം അതിന്റെ ദാരുണഫലങ്ങളായ മരണവും കഷ്ടപ്പാടും കൊയ്തുകൊണ്ടിരിക്കുകയാണ്. ദാമ്പത്യ അവിശ്വസ്തത കുടുംബങ്ങളെ ഛിന്നഭിന്നമാക്കുന്നു. ദശലക്ഷങ്ങൾ എയ്ഡ്സിന്റെയും ലൈംഗികമായി പകരുന്ന മറ്റു രോഗങ്ങളുടെയും ഫലമായി ദുരിതം അനുഭവിക്കുന്നു.
ആപേക്ഷിക ധാർമികതയെന്നത് പരിഷ്കൃതമായ ഒരു ആശയമായി തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ അതു പിൻപറ്റുന്നവർ തങ്ങളുടെ ‘വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാഞ്ഞ’ പുരാതനകാലത്തെ നീനെവേക്കാരെ പോലെയാണ്. “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറഞ്ഞിരുന്ന അവിശ്വസ്ത ഇസ്രായേല്യർക്കു സദൃശരാണ് അവർ.—യോനാ 4:11; യെശയ്യാവു 5:20.
അതുകൊണ്ട്, സുരക്ഷിതമായി നമ്മെ വഴിനയിക്കാൻ മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ വ്യക്തവും അസന്ദിഗ്ധവുമായ നിയമങ്ങളും തത്ത്വങ്ങളും നമുക്ക് എവിടെ ലഭിക്കും? ബൈബിൾ ആ ആവശ്യം പൂർണമായി നിറവേറ്റുന്നുവെന്ന് ദശലക്ഷങ്ങൾ കണ്ടെത്തിയിരിക്കുന്നു. ധാർമികത മുതൽ ജോലിശീലങ്ങൾ വരെ, കുട്ടികളുടെ പരിശീലനം മുതൽ ദൈവാരാധന വരെ, പ്രാധാന്യമുള്ള യാതൊന്നും ബൈബിൾ വിട്ടുകളയുന്നില്ല. (2 തിമൊഥെയൊസ് 3:16) ബൈബിൾ തികച്ചും ആശ്രയയോഗ്യമാണെന്ന് നൂറ്റാണ്ടുകളിലൂടെ തെളിഞ്ഞിരിക്കുന്നു. ബൈബിളിലെ ധാർമിക നിലവാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ഏറ്റവും ഉന്നത അധികാരിയായ നമ്മുടെ സ്രഷ്ടാവ് ആയതിനാൽ അവ എല്ലാ മനുഷ്യർക്കും ബാധകമാണ്. അതുകൊണ്ട് ശരിയും തെറ്റും സംബന്ധിച്ച് അനിശ്ചിതത്വത്തിൽ കഴിയേണ്ട ആവശ്യം നമുക്കില്ല.
എന്നാൽ നിങ്ങളുടെ മനസ്സാക്ഷി മുമ്പെന്നത്തെക്കാളും ഇന്ന് ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതെങ്ങനെ? നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ മനസ്സാക്ഷിയെ കാത്തുസൂക്ഷിക്കാൻ കഴിയും? ആരാണ് ഈ ആക്രമണത്തിനു പിന്നിലെന്നും അവന്റെ തന്ത്രങ്ങൾ എന്തൊക്കെയാണെന്നും അറിയുകയാണ് ചെയ്യാൻ കഴിയുന്ന ജ്ഞാനപൂർവകമായ ഒരു സംഗതി. ഇവയെ കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.