“സ്നേഹിതൻ വരുത്തുന്ന മുറിവുകൾ”
ഒന്നാം നൂറ്റാണ്ടിലെ ഗലാത്യ ക്രിസ്ത്യാനികൾക്ക് ചില തിരുത്തൽ ബുദ്ധിയുപദേശങ്ങൾ നൽകേണ്ടത് ആവശ്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് കണ്ടു. സഭയിലുള്ളവർക്ക് അമർഷം തോന്നുന്നതു തടയുന്നതിനു വേണ്ടിയാകാം അവൻ ഇങ്ങനെ ചോദിച്ചു: “നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ?”—ഗലാത്യർ 4:16.
“സത്യം പറകകൊണ്ടു” പൗലൊസ് അവരുടെ ശത്രുവായി പോയിരുന്നില്ല. വാസ്തവത്തിൽ അവൻ പിൻവരുന്ന ബൈബിൾ തത്ത്വത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു: “സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം.” (സദൃശവാക്യങ്ങൾ 27:6) തെറ്റിലകപ്പെട്ടവരുടെ ആത്മാഭിമാനം മുറിപ്പെടാൻ സാധ്യതയുണ്ടെന്ന് അവന് അറിയാമായിരുന്നു. എങ്കിലും, പാപം ചെയ്ത ആൾക്ക് ആവശ്യമായിരിക്കുന്ന ശിക്ഷണം നൽകാതിരിക്കുമ്പോൾ യഹോവയാം ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടനം ആ വ്യക്തിക്ക് നിഷേധിക്കുകയാണെന്ന് അവൻ മനസ്സിലാക്കി. (എബ്രായർ 12:5-7) അതുകൊണ്ട്, സഭയുടെ സ്ഥായിയായ പ്രയോജനങ്ങൾ മുൻനിറുത്തി പ്രവർത്തിക്കുന്ന ഒരു വിശ്വസ്ത സുഹൃത്ത് എന്ന നിലയിൽ പൗലൊസ് തിരുത്തൽ ബുദ്ധിയുപദേശം നൽകുന്നതിൽനിന്നു പിന്മാറി നിന്നില്ല.
ഇന്ന് യഹോവയുടെ സാക്ഷികൾ, ‘[യേശുക്രിസ്തു] കൽപ്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കാനുള്ള’ നിയോഗം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ചെയ്യവേ, ആത്മാർഥ ഹൃദയരായ ഈ ക്രിസ്ത്യാനികൾ ഉപദേശപരമായ തെറ്റുകളെയും ക്രിസ്തീയ വിരുദ്ധ നടത്തയെയും തുറന്നുകാട്ടുകയും കുറ്റം വിധിക്കുകയും ചെയ്യുന്ന ബൈബിൾ സത്യങ്ങളിൽ വെള്ളം ചേർക്കുന്നില്ല. (മത്തായി 15:9; 23:9; 28:19, 20; 1 കൊരിന്ത്യർ 6:9, 10) വെറുക്കപ്പെടേണ്ട ശത്രുക്കൾ ആയിത്തീരുന്നതിനു പകരം അവർ യഥാർഥ സ്നേഹിതർ ആയി വർത്തിക്കുകയാണു ചെയ്യുന്നത്.
ദിവ്യ നിശ്വസ്തമായ ഉൾക്കാഴ്ചയോടെ സങ്കീർത്തനക്കാരൻ എഴുതി: “നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ.”—സങ്കീർത്തനം 141:5.