നിങ്ങൾ സംബന്ധിക്കേണ്ട ഒരു ആഘോഷം
“എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നമ്മുടെ സ്വർഗീയ പിതാവായ ദൈവത്തിൽനിന്നാണു വരുന്നത്. —യാക്കോബ് 1:17.
പാപികളായ മനുഷ്യവർഗത്തിനു ദൈവം നൽകിയിരിക്കുന്ന ഏറ്റവും മഹത്തായ ദാനം അവരുടെ വീണ്ടെടുപ്പിനായി തന്റെ ഏകജാത പുത്രനായ യേശുക്രിസ്തു മുഖാന്തരം ചെയ്തിരിക്കുന്ന കരുതലാണ്. വീണ്ടെടുപ്പുകാരൻ എന്നനിലയിലുള്ള യേശുവിന്റെ മരണമാണ് നമുക്കു പറുദീസ ഭൂമിയിലെ നിത്യജീവനിലേക്കുള്ള വഴി തുറന്നു തരുന്നത്. അതുകൊണ്ട്, അവന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കാൻ ലൂക്കൊസ് 22:19-ൽ നമ്മോടു കൽപ്പിച്ചിരിക്കുന്നു.
യേശുവിന്റെ ആ കൽപ്പന അനുസരിക്കുന്നതിൽ തങ്ങളോടൊപ്പം ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. ബൈബിൾ ചന്ദ്രമാസ കലണ്ടർ പ്രകാരം നീസാൻ 14-ന് തത്തുല്യമായ തീയതിയിൽ, അതായത് 2001 ഏപ്രിൽ 8 ഞായറാഴ്ച, സൂര്യാസ്തമയ ശേഷം ആയിരിക്കും ഈ വാർഷിക ആഘോഷം നടക്കുന്നത്. മറക്കാതിരിക്കുന്നതിന് നിങ്ങൾക്ക് ആ തീയതി കുറിച്ചിടാൻ കഴിയും. ഈ യോഗം നടക്കുന്ന കൃത്യ സ്ഥലവും സമയവും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിച്ചു മനസ്സിലാക്കുക.