വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w00 12/1 പേ. 32
  • മതപരമായ ഐക്യം സമീപമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മതപരമായ ഐക്യം സമീപമോ?
  • 2000 വീക്ഷാഗോപുരം
2000 വീക്ഷാഗോപുരം
w00 12/1 പേ. 32

മതപരമായ ഐക്യം സമീപമോ?

“നമ്മുടെ സഭകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാളിനു നാമിന്നു സാക്ഷ്യം വഹിക്കുകയാണ്‌,” ലൂഥറൻ വേൾഡ്‌ ഫെഡറേഷന്റെ പ്രസിഡന്റായ ക്രിസ്റ്റിയാൻ ക്രൗസ പ്രസ്‌താവിച്ചു. സമാനമായി, “ക്രിസ്‌ത്യാനികൾക്കിടയിലെ സമ്പൂർണ ഐക്യം വീണ്ടെടുക്കാനുള്ള ദുഷ്‌കരമായ പാതയിലെ ഒരു നാഴികക്കല്ല്‌” എന്ന്‌ ജോൺ പോൾ രണ്ടാമൻ പാപ്പ പ്രസ്‌തുത കാര്യത്തെ കുറിച്ചു പ്രസ്‌താവിച്ചു.

‘നീതീകരണോപദേശ സംയുക്ത പ്രഖ്യാപന’ത്തെ സ്ഥിരീകരിച്ചുകൊണ്ട്‌ 1999 ഒക്‌ടോബർ 31-ന്‌ ജർമനിയിലെ ഓഗ്‌സ്‌ബർഗിൽ വെച്ച്‌ ‘ഔദ്യോഗിക പൊതു പ്രസ്‌താവന’യിൽ ഒപ്പുവെച്ച സംഭവമാണ്‌ മേൽപ്രസ്‌താവിച്ച അഭിപ്രായപ്രകടനങ്ങൾ നടത്താൻ അവരെ പ്രചോദിപ്പിച്ചത്‌. ആ പരിപാടിക്കായി തിരഞ്ഞെടുത്ത സ്ഥലവും സമയവും തികച്ചും അനുയോജ്യമായിരുന്നു. വിറ്റൻബർഗിലെ പള്ളിയുടെ കതകിൽ തന്റെ 95 സിദ്ധാന്തങ്ങൾ ആണിയടിച്ചു തറച്ചുകൊണ്ട്‌ മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റൻറ്‌ മതനവീകരണ പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌ 1517 ഒക്‌ടോബർ 31-ന്‌ ആണെന്നു പറയപ്പെടുന്നു. അതുപോലെ, ഓഗ്‌സ്‌ബർഗിൽ വെച്ചായിരുന്നു ലൂഥറൻകാർ തങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണമായ ‘ഓഗ്‌സ്‌ബർഗ്‌ വിശ്വാസ പ്രഖ്യാപനം’ അവതരിപ്പിച്ചത്‌​—⁠1530-ൽ. എന്നാൽ കത്തോലിക്കാ സഭ അതിനെ തള്ളിക്കളഞ്ഞു. അത്‌ കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കുമിടയിൽ നികത്താനാവാത്ത ഒരു വിടവ്‌ സൃഷ്ടിച്ചു.

മേൽപ്പറഞ്ഞ സംയുക്ത പ്രഖ്യാപനം സഭയിലെ പിളർപ്പ്‌ ഇല്ലാതാക്കുന്നതിൽ ഒരു നിർണായക പടി ആയിരിക്കുമോ? ഇക്കാര്യത്തിൽ എല്ലാവർക്കുമൊന്നും അത്ര ഉറപ്പില്ലായിരുന്നു. കത്തോലിക്കാ സഭയുടെ സ്വാധീനവലയത്തിൽ പെടുന്നതിനെതിരെ മുന്നറിയിപ്പ്‌ നൽകിക്കൊണ്ട്‌ 250-ലധികം പ്രൊട്ടസ്റ്റൻറ്‌ ദൈവശാസ്‌ത്രജ്ഞർ പ്രസ്‌തുത പ്രഖ്യാപനത്തെ എതിർക്കുന്ന ഒരു നിവേദനത്തിൽ ഒപ്പിടുകയുണ്ടായി. മാത്രമല്ല, 2000-ാമാണ്ടിലേക്ക്‌ ഒരു പ്രത്യേക പാപമോചനച്ചീട്ട്‌ ഇറക്കാനുള്ള കത്തോലിക്കാ സഭയുടെ തീരുമാനം പ്രൊട്ടസ്റ്റന്റുകാരെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്‌തു. 500 വർഷം മുമ്പ്‌ സഭയുടെ പിളർപ്പിലേക്കു നയിച്ചത്‌ അത്തരത്തിലുള്ള പാപമോചനച്ചീട്ടുകൾ ആണെന്നോർക്കണം. പ്രൊട്ടസ്റ്റന്റുകാരുടെ ഓഗ്‌സ്‌ബർഗ്‌ വിശ്വാസ പ്രഖ്യാപനവും തുടർന്ന്‌ അതിനെ നിരസിച്ചുകൊണ്ട്‌ കത്തോലിക്കാ സഭയുടെ ട്രെന്റ്‌ സൂനഹദോസ്‌ കൈക്കൊണ്ട തീരുമാനവും നിലനിൽക്കുന്നിടത്തോളം കാലം ഈ സഭകൾക്കിടയിലെ ഐക്യം ഒരു പാഴ്‌കിനാവായിരിക്കും.

ഏതെങ്കിലുമൊരു സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്നതു വഴി പരിഹരിക്കാവുന്നതിലും സങ്കീർണമാണ്‌ ക്രൈസ്‌തവലോകത്തിനുള്ളിലെ ഭിന്നതയും വിയോജിപ്പും. തന്നെയുമല്ല, വിശ്വാസ ഐക്യം ദൈവവചനമായ ബൈബിളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഉപദേശങ്ങളിലാണ്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌. (എഫെസ്യർ 4:3-6) യഥാർഥ ഐക്യം സാധ്യമാകുന്നത്‌ അനുരഞ്‌ജനത്തിലൂടെ അല്ല, മറിച്ച്‌ ദൈവം നമ്മോട്‌ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ പഠിക്കുകയും അവയനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ്‌. “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും” എന്നു വിശ്വസ്‌ത പ്രവാചകനായ മീഖാ പ്രഖ്യാപിച്ചു.​—⁠മീഖാ 4:⁠5.

[32-ാം പേജിലെ ചിത്രം]

© Ralph Orlowski/REUTERS/Archive Photos

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക