ലോകസമാധാനം—എങ്ങനെ?
ലോക സമാധാനം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരുമോ? അങ്ങനെ വിചാരിച്ചിരുന്ന പലരും ഇപ്പോൾ സംശയാലുക്കളാണ്. ദക്ഷിണാഫ്രിക്കയിലെ ഡെയ്‌ലി മെയിൽ & ഗാർഡിയനിൽ പ്രസിദ്ധീകരിച്ച, നമ്മുടെ ഭാവി വെല്ലുവിളികളെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഒരു റിപ്പോർട്ടനുസരിച്ച്, “സമാധാനവും ക്രമവുമുള്ള ഒരു പുതിയ സാർവദേശീയ ക്രമത്തെ കുറിച്ച് വെറും പത്തുവർഷം മുമ്പു നടത്തിയ പ്രവചനങ്ങൾ ഇപ്പോൾ തികച്ചും പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു.”
കേവലം ഒരു ദശാബ്ദത്തിനു മുമ്പ് പൊതുവെ ഉണ്ടായിരുന്ന ശോഭനമായ പ്രതീക്ഷകളെ സംബന്ധിച്ച് ഗ്രന്ഥകർത്താക്കൾ ഓർമിക്കുന്നു. ശീതസമരവും വൻകിട രാഷ്‌ട്രങ്ങൾ തമ്മിലുള്ള പോരാട്ടവും അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഒരു നവയുഗപ്പിറവിയെന്നു തോന്നിയ ആ അവസരത്തിൽ മനുഷ്യവർഗം, ദാരിദ്ര്യത്തെയും രോഗത്തെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും നിർമാർജനം ചെയ്യുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു തുടങ്ങുമെന്ന് അനേകർ പ്രതീക്ഷിച്ചു. പ്രസ്‌തുത റിപ്പോർട്ട് പറയുന്നു: “ആ കണക്കുകൂട്ടലുകളെല്ലാം തികച്ചും ഭാവന മാത്രമാണെന്ന് ഇപ്പോൾ തോന്നുന്നു. നമുക്കറിയില്ലായിരുന്ന പല ദേശങ്ങളിലും പുതുതായി പോരാട്ടങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ലോകവ്യാപകമായി ദാരിദ്ര്യം വർധിച്ചുവരുന്നു. രണ്ടു രാജ്യങ്ങൾകൂടി അണ്വായുധ ശേഷി കൈവരിച്ചു. ഒന്നിനുപുറകേ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിനാശകമായ പ്രശ്‌നങ്ങളെ വേണ്ടുംവിധം പരിഹരിക്കാൻ യുഎൻ-ന് കഴിയാത്തത് അതിന്റെ കീർത്തിക്കു കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നു. ആദർശലോകത്തെ കുറിച്ചുള്ള പ്രതീക്ഷ ഇപ്പോൾ കീഴ്‌മേൽ മറിയുകയാണ്.”
മനുഷ്യ ശ്രമങ്ങൾ എത്രതന്നെ ശ്രേഷ്‌ഠമായിരുന്നാലും ശരി, ഒരിക്കലും അവയ്‌ക്കു പൂർണമായി വിജയിക്കാനാവില്ലെന്നു ബൈബിൾ വിദ്യാർഥികൾ തിരിച്ചറിയുന്നു. എന്തുകൊണ്ട് വിജയിക്കാനാവില്ല? എന്തെന്നാൽ ബൈബിൾ പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ദൈവം ഈ ലോകത്തെ സൃഷ്ടിച്ചപ്പോൾ ഉദ്ദേശിച്ചപ്രകാരം അതിനെ ഒരു പറുദീസയാക്കി മാറ്റാൻ, സാത്താൻ ഇവിടെ നിയന്ത്രണം നടത്തുന്ന കാലത്തോളം കഴിയില്ല.
എന്നാൽ, ശുഭാപ്‌തിവിശ്വാസത്തിന് അടിസ്ഥാനമുണ്ട്. ലോകസമാധാനം കൈവരുത്തുമെന്ന് യഹോവ വാഗ്‌ദാനം ചെയ്യുന്നു. ഈ വ്യവസ്ഥിതി കേടുപോക്കിക്കൊണ്ടല്ല അവൻ അതു ചെയ്യുന്നത്, മറിച്ച് ‘നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും’ സ്ഥാപിച്ചുകൊണ്ടാണ്. (2 പത്രൊസ് 3:13) അതേ, ദൈവരാജ്യം മുഖാന്തരം നമ്മുടെ ഈ ഭൂമി സന്തോഷവും സമാധാനവും കളിയാടുന്ന ഒരു ഭവനമായി മാറും, അവിടെ അനുസരണമുള്ള മനുഷ്യവർഗത്തിന്റെ ജീവിതവും വേലയും എന്നെന്നും ആസ്വാദ്യമായിരിക്കും. കൂടാതെ “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നും ദൈവം വാഗ്‌ദാനം ചെയ്യുന്നു. ഈ വാഗ്‌ദാനങ്ങൾ ഒന്നും മനുഷ്യരുടെ ദുർബലമായ പ്രവചനങ്ങളിൽ അധിഷ്‌ഠിതമല്ല. മറിച്ച്, ഭോഷ്‌കില്ലാത്ത ദൈവമായ നമ്മുടെ സ്രഷ്‌ടാവിന്റെ ഒരിക്കലും തെറ്റുപറ്റാത്ത വചനത്തിൽ അധിഷ്‌ഠിതമാണവ.—വെളിപ്പാടു 21:4, 5; തീത്തൊസ് 1:2.