“ഐക്യത്തിന്റെ ഒരു മാതൃക”
ബ്രസീലിലെ സാവൊ പൗലോയിലുള്ള ഇൻഡയാറ്റ്യൂബ നഗരത്തിലെ ഒരു പത്രത്തിൽ വന്ന ഒരു മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആയിരുന്നു അത്. ആരാണ് ആ മാതൃക വെച്ചത്? യഹോവയുടെ സാക്ഷികൾ. പ്രസ്‌തുത മുഖപ്രസംഗത്തിൽ എഴുത്തുകാരൻ ഇങ്ങനെ വിശദീകരിച്ചു: “ഒരു പുതിയ ‘രാജ്യഹാൾ’—യഹോവയുടെ സാക്ഷികളുടെ ദേവാലയങ്ങളെ അഥവാ ഓഡിറ്റോറിയങ്ങളെ അങ്ങനെയാണു വിളിക്കുന്നത്—നിർമിക്കാൻ പരിപാടിയിടുന്ന യഹോവയുടെ സാക്ഷികൾ സഹകരണത്തിന്റെ കാര്യത്തിൽ ക്രിയാത്മകമായ ഒരു മികച്ച മാതൃകയാണ്; ആ വസ്‌തുത അവഗണിക്കാനാവില്ല.”
യഹോവയുടെ സാക്ഷികളുടെ ഐക്യം അത്തരം അവസരങ്ങളിൽ വളരെ പ്രകടമാണ്. പ്രസ്‌തുത ലേഖനം ഇങ്ങനെ ചൂണ്ടിക്കാട്ടി: “തങ്ങൾക്കു കൂടിവരാനും ദൈവത്തെ ആരാധിക്കാനുമുള്ള ഒരു സ്ഥലം പണിയുന്നതിന് സ്‌ത്രീപുരുഷന്മാരും കൗമാരപ്രായക്കാരും സ്വമനസ്സാലേ കൂട്ടായി പ്രവർത്തിക്കുന്നത് ഹൃദയസ്‌പർശിയായ ഒരു കാഴ്‌ചയാണ്.”
മറ്റു മണ്ഡലങ്ങളിലും യഹോവയുടെ സാക്ഷികൾ നല്ലൊരു മാതൃകയാണ്. “പഠിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതിനു പുറമേ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ അതിൽനിന്നു കരകയറാൻ സഹായിക്കുകയും ഐക്യദാർഢ്യത്തിന്റെയും സ്‌നേഹത്തിന്റെയും മാർഗം ആളുകൾക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് അവരുടെ ലക്ഷ്യത്തിൽ പെടുന്നു” എന്ന് ആ മുഖപ്രസംഗം കൂട്ടിച്ചേർത്തു. അവർ എങ്ങനെയാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്? ബൈബിളിലെ ബുദ്ധിയുപദേശങ്ങൾ പഠിക്കുകയും അവ ബാധകമാക്കുകയും ചെയ്യുന്നത് ദുശ്ശീലങ്ങളെ തരണം ചെയ്യാൻ ഒരുവനെ സഹായിക്കുന്നുവെന്ന് സാക്ഷികൾ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ബൈബിളിൽനിന്നു തങ്ങൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാൻ അവർ യത്‌നിക്കുന്നത്. ആ മുഖപ്രസംഗം ഇങ്ങനെ ഉപസംഹരിക്കുന്നു: “നിസ്സംശയമായും നാമെല്ലാം സത്വരം അനുകരിക്കേണ്ട ഒരു മാതൃകയാണ്” അവരുടേത്.
യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ ഏതൊരാൾക്കും സംബന്ധിക്കാം, അവിടെ യാതൊരു പണപ്പിരിവുമില്ല. സമീപത്തുള്ള ഒരു രാജ്യഹാൾ സന്ദർശിക്കാൻ ഞങ്ങൾ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു.