മൗനം സമ്മതം
നാസിസത്തിൽ മതത്തിനുണ്ടായിരുന്ന പങ്കിനെക്കുറിച്ച് ബിട്രേയൽ—ജർമൻ ചർച്ചസ് ആൻഡ് ഹോളൊകാസ്റ്റ് എന്ന പുസ്‌തകം തുറന്നു ചർച്ച ചെയ്യുന്നുണ്ട്. ആ പുസ്‌തകം തറപ്പിച്ചു പറയുന്നു: “പൊതുവെ ക്രിസ്‌ത്യാനികൾ നാസി ഭരണത്തെ പിന്താങ്ങിയിരുന്നു, യഹൂദന്മാരെ പീഡിപ്പിക്കുന്നതിനെതിരെ ഭൂരിപക്ഷംപേരും മൗനം പാലിച്ചു. ഈ സന്ദർഭത്തിൽ മൗനം ഉച്ചത്തിൽ സംസാരിച്ചു.”
നാമധേയ ക്രിസ്‌ത്യാനികളെ നാസിസത്തിലേക്ക് ആകർഷിച്ചത് എന്താണ്? ആ പുസ്‌തകം പറയുന്നപ്രകാരം, “ജർമൻ സമൂഹത്തിനുനേരെ” ഹിറ്റ്‌ലർ കൈക്കൊണ്ട, “കർശനമായ നിയമങ്ങളിലൂടെ ക്രമസമാധാനം കൊണ്ടുവരുക” എന്ന സമീപനമാണ് അനേകരെയും അതിലേക്ക് ആകർഷിച്ചത്. അതു തുടരുന്നു: “അദ്ദേഹം അശ്ലീലത്തെയും വേശ്യാവൃത്തിയെയും ഗർഭച്ഛിദ്രത്തെയും സ്വവർഗസംഭോഗത്തെയും നവീന കലയിലെ ‘അസഭ്യത്തെ’യും എതിർത്തിരുന്നു. കൂടാതെ നാലും ആറും എട്ടും കുട്ടികളെ പ്രസവിച്ച സ്‌ത്രീകൾക്ക് അവാർഡുകളായി ഓട്, വെള്ളി, സ്വർണം എന്നിവയിൽ തീർത്ത മെഡലുകൾ നൽകിക്കൊണ്ട് വീട്ടമ്മ എന്ന പരമ്പരാഗത റോളിൽ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ജർമനിയിലെ ക്രിസ്‌ത്യാനികളിൽ അനേകർക്കും—ഭൂരിപക്ഷത്തിനും—നാസിസത്തോടു പ്രതിപത്തി തോന്നാൻ ഇടയാക്കിയ രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് പരമ്പരാഗത മൂല്യങ്ങളോടുള്ള ആഭിമുഖ്യമാണ്. വേഴ്‌സായി ഉടമ്പടി രാഷ്‌ട്രത്തിനേൽപ്പിച്ച അപമാനത്തിനു പ്രതികരണമായി ഹിറ്റ്‌ലർ കാഴ്‌ചവെച്ച യുദ്ധക്കൊതിപൂണ്ട ദേശീയതയാണ് രണ്ടാമത്തേത്.”
എന്നാൽ, ഒരു മതവിഭാഗം മാത്രം തികച്ചും വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചു. ബിട്രേയൽ പറയുന്നു: “യഹോവയുടെ സാക്ഷികൾ അക്രമത്തിലോ സൈനിക പ്രവർത്തനത്തിലോ പങ്കുചേർന്നില്ല.” അതുനിമിത്തം ഈ ചെറിയ കൂട്ടം നിർദയമായ ആക്രമണത്തിനു വിധേയരായി, അവരിൽ പലരും തടങ്കൽപ്പാളയങ്ങളിൽ ആക്കപ്പെട്ടു. അപ്പോഴും ക്രിസ്‌തുവിന്റെ അനുഗാമികളെന്ന് അവകാശപ്പെട്ടവർ ആരും അതിനെതിരെ ശബ്ദമുയർത്തിയില്ല. ആ പുസ്‌തകം തുടരുന്നു: “സഹതാപത്തിനു പകരം കൊടും വൈരമാണ് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും പൊതുവെ യഹോവയുടെ സാക്ഷികളോടു കാണിച്ചത്. യഹോവയുടെ സാക്ഷികളുടെ സമാധാന നിലപാടല്ല, ഹിറ്റ്‌ലറുടെ പരുക്കൻ മൂല്യങ്ങളായിരുന്നു അവർക്കിഷ്ടം.” അവർ മൗനം പാലിച്ചത് നാസി ഭരണകാലത്ത് യഹോവയുടെ സാക്ഷികളോടുള്ള ദുഷ്‌പെരുമാറ്റത്തിന് ആക്കം കൂട്ടി എന്നതിന് സംശയമില്ല.
സഭകൾക്കു നാസി രാഷ്‌ട്രീയത്തിൽ ഉണ്ടായിരുന്ന പങ്കിനെ കുറിച്ച് ഇപ്പോഴും ചൂടുപിടിച്ച വിവാദങ്ങൾ നടക്കുന്നുണ്ട്. എന്നാൽ “നാസിഭരണത്തെ പിന്തുണയ്‌ക്കുകയോ അതിനോടു കൂറുപുലർത്തുകയോ ചെയ്യാതിരുന്ന ഒരു മതവിഭാഗം” എന്നാണ് ബിട്രേയൽ യഹോവയുടെ സാക്ഷികളെ വിശേഷിപ്പിക്കുന്നത്.