യഹോവയോടു വിശ്വസ്തരായി നിലകൊള്ളൽ
വിശ്വസ്തത ഇന്ന് ഒരു അപൂർവ സംഗതിയാണെങ്കിലും, അതു സത്യ ദൈവമായ യഹോവയുടെ ദാസന്മാരെ തിരിച്ചറിയിക്കുന്ന ഒരു ഗുണമാണ്. വിശ്വസ്തരായ വ്യക്തികൾ പീഡാനുഭവങ്ങളിൽ ഉറച്ചു നിൽക്കുന്നു, കാലം എത്ര കടന്നുപോയാലും അവർ അചഞ്ചലരായി നിലകൊള്ളുന്നു. നല്ല രാജാവായ ഹിസ്കീയാവിന്റെ കാര്യമെടുക്കുക. “അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. ഹിസ്കീയാവിനെ അതുല്യനാക്കിയത് എന്തായിരുന്നു? വ്യാജദൈവമായ മോലേക്കിന്റെ ആരാധകരാൽ ചുറ്റപ്പെട്ടിരുന്നെങ്കിലും “അവൻ യഹോവയോടു ചേർന്നിരുന്നു.” അതേ, ഹിസ്കീയാവ് “[യഹോവയെ] വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.”—2 രാജാക്കൻമാർ 18:1-6.
യഹോവയോടു വിശ്വസ്തനായി നിലകൊണ്ട മറ്റൊരു വ്യക്തിയായിരുന്നു പൗലൊസ് അപ്പൊസ്തലൻ. അവന്റെ ശുശ്രൂഷയെ കുറിച്ച് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ നാം കാണുന്ന രേഖ, ദൈവസേവനത്തിൽ അവൻ മുഴുദേഹിയോടെ വിശ്വസ്തമായി നിലകൊണ്ടു എന്നതിനു വ്യക്തമായ സാക്ഷ്യം നൽകുന്നു. തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനത്തോട് അടുത്ത് പൗലൊസിനു തന്നെ കുറിച്ച് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.”—2 തിമൊഥെയൊസ് 4:7.
വിശ്വസ്തതയുടെ എത്ര നല്ല ദൃഷ്ടാന്തങ്ങളാണ് ഹിസ്കീയാവും പൗലൊസും! നമ്മുടെ മഹാദൈവമായ യഹോവയോടു വിശ്വസ്തരായി തുടർന്നുകൊണ്ട് നമുക്ക് അവരുടെ വിശ്വാസം അനുകരിക്കാം.—എബ്രായർ 13:7.