അദ്ദേഹം ഒരു തത്ത്വത്തിനു വേണ്ടി മരിച്ചു
“യഹോവയുടെ സാക്ഷികളിൽ ഒരുവനായ ഓഗസ്റ്റ് ഡിക്ക്മാനെ (ജനനം 1910) ഞങ്ങൾ അനുസ്മരിക്കുന്നു.” സാക്സൻഹൗസനിലെ മുൻ തടങ്കൽപ്പാളയത്തിൽ ഈയിടെ പ്രദർശിപ്പിച്ച ഒരു ഫലകത്തിലെ (ഇവിടെ കാണിച്ചിരിക്കുന്നു) പ്രാരംഭ വാക്കുകളാണ് അവ. എന്തിനായിരിക്കും യഹോവയുടെ സാക്ഷികളിൽ ഒരാളുടെ പേരിൽ അങ്ങനെയൊരു ഫലകം ഉണ്ടാക്കിയത്? ഫലകത്തിലെ തുടർന്നുള്ള വാചകങ്ങൾ കാരണം വ്യക്തമാക്കുന്നു: “മനസ്സാക്ഷിപരമായ കാരണത്താൽ സൈനിക സേവനത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് 1939 സെപ്റ്റംബർ 15-ന് എസ്എസ് [അദ്ദേഹത്തെ] പരസ്യമായി വെടിവെച്ചുകൊന്നു.”
1937-ലാണ് ഓഗസ്റ്റ് ഡിക്ക്മാനെ സാക്സൻഹൗസൻ തടങ്കൽപ്പാളയത്തിലാക്കിയത്. 1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങി മൂന്നു ദിവസം കഴിഞ്ഞപ്പോൾ, സൈനിക സേവനത്തിനുള്ള അപേക്ഷ ഒപ്പിട്ടു നൽകണമെന്ന ഉത്തരവ് അദ്ദേഹത്തിനു ലഭിച്ചു. അതിനു വിസമ്മതിച്ചപ്പോൾ ക്യാമ്പ് കമാൻഡർ, ഡിക്ക്മാനെ പാളയത്തിലുള്ള മറ്റ് അന്തേവാസികളുടെ മുമ്പിൽവെച്ച് വെടിവെച്ചുകൊല്ലാൻ എസ്എസ്-ന്റെ (ഷുറ്റ്സ്ഷ്റ്റാഫൽ, ഹിറ്റ്ലറിന്റെ വിശിഷ്ട അകമ്പടിസേന) തലവനായ ഹൈന്റിച്ച് ഹിമ്ലറിനോട് അനുമതി ചോദിച്ചു. 1939 സെപ്റ്റംബർ 17-ന് ജർമനിയിൽനിന്ന് ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “29-കാരനായ ഓഗസ്റ്റ് ഡിക്ക്മാനെ . . . ഒരു ഫയറിങ് സ്ക്വാഡ് വെടിവെച്ചു കൊന്നിരിക്കുന്നു.” ആ യുദ്ധത്തിൽ മനസ്സാക്ഷിപരമായ കാരണത്താൽ സൈനിക സേവനത്തിനു വിസമ്മതിച്ച ജർമനിയിലെ ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം എന്ന് പ്രസ്തുത പത്രം റിപ്പോർട്ടു ചെയ്തു.
അറുപതു വർഷത്തിനു ശേഷം, 1999 സെപ്റ്റംബർ 18-ാം തീയതി ബ്രാൻഡെൻബർഗ് മെമ്മോറിയൽ ഫൗണ്ടേഷൻ ഡിക്ക്മാന്റെ മരണത്തിന്റെ അനുസ്മരണ ചടങ്ങ് നടത്തി. അന്നു പ്രദർശിപ്പിച്ച സ്മാരക ഫലകം അദ്ദേഹത്തിന്റെ ധീരതയെയും ശക്തമായ വിശ്വാസത്തെയും കുറിച്ച് സന്ദർശകരെ ഓർമിപ്പിക്കുന്നു. സാക്സൻഹൗസനിലെ മുൻ തടങ്കൽപ്പാളയത്തിന്റെ പുറത്തേ മതിലിന്മേലുള്ള മറ്റൊരു ഫലകം, വിശ്വാസത്തെ പ്രതി ആ പാളയത്തിൽ പീഡനം അനുഭവിച്ച 900-ത്തോളം യഹോവയുടെ സാക്ഷികളിൽ ഒരാൾ മാത്രമായിരുന്നു ഡിക്ക്മാൻ എന്നു വ്യക്തമാക്കുന്നു. മറ്റു പല ക്യാമ്പുകളിലായി വേറെ ഒട്ടേറെ സാക്ഷികളും യാതന അനുഭവിച്ചിട്ടുണ്ട്. അതേ, തടങ്കൽപ്പാളയത്തിലെ കൊടും പീഡനത്തിൻ മധ്യേയും ഒട്ടേറെ പേർ ദൈവിക തത്ത്വങ്ങളോടു വിശ്വസ്തരായി നിലകൊണ്ടു.
യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം “ഭരണാധികാരികൾക്ക് കീഴ്പ്പെട്ടിരി”ക്കുക എന്നത് ഒരു ക്രിസ്തീയ ഉത്തരവാദിത്വമാണ്. (റോമർ 13:1, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) എന്നാൽ ദൈവ നിയമങ്ങൾ ലംഘിക്കാൻ ഗവൺമെന്റുകൾ സമ്മർദം ചെലുത്തുമ്പോൾ, “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പ്രസ്താവിച്ച ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ മാതൃക യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നു. (പ്രവൃത്തികൾ 5:29) തത്ഫലമായി, ഗോത്ര-വംശീയ ശത്രുതകളുടെ ഫലമായി ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങൾ അരങ്ങേറിയിട്ടുള്ള ഈ ലോകത്തിന്റെ എല്ലാ ഭാഗത്തും യഹോവയുടെ സാക്ഷികൾ ഓഗസ്റ്റ് ഡിക്ക്മാനെപോലെ സമാധാനം പിന്തുടരുന്നു. “തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം അവർ പിൻപറ്റുന്നു.—റോമർ 12:21