യഹോവ അതിയായി വിലമതിക്കുന്ന കൊടുക്കൽ ശീലം
യഹോവയുടെ സാക്ഷികളുടെ മൊസാമ്പിക്ക് ബ്രാഞ്ച് ഓഫീസിന് പിൻവരുന്ന പ്രകാരം ഒരു കത്തു ലഭിച്ചു:
“പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഏഴു വയസ്സുള്ള ഒരു ആൺകുട്ടിയാണു ഞാൻ. എന്റെ കോഴിയെ വിറ്റപ്പോൾ കിട്ടിയ 12,000 മെറ്റിക്കൈസ് [ഒരു യു.എസ്. ഡോളർ] ആണ് ഇതോടൊപ്പം അയയ്ക്കുന്നത്. ഞാൻ ആദ്യമായി വളർത്തിയ കോഴിക്കുഞ്ഞ് വലിയ ഒരു പൂവൻ കോഴിയായി തീരാൻ ഇടയാക്കിയതിനു യഹോവയ്ക്കു നന്ദി പറയുന്നു. എന്റെ ഈ സമ്മാനം യഹോവയുടെ രാജ്യ വേലയ്ക്കായി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
“P.S. ഈ കത്ത് എഴുതാൻ എന്നെ സഹായിച്ചതു ഡാഡിയാണ്.”
ഉദാര മനസ്കതയെ കുറിച്ചു പറയുമ്പോൾ ചിലർ ഉടനെ ചിന്തിക്കുന്നത് ആവശ്യത്തിലധികം സമ്പത്തുള്ളവരെ കുറിച്ചാണ്. എന്നാൽ “മൂല്യം തീരെ കുറവായ രണ്ടു ചെറിയ നാണയങ്ങൾ” ഭണ്ഡാരത്തിലിട്ട വിധവയെ കുറിച്ചുള്ള ബൈബിൾ വിവരണം വായിക്കുമ്പോൾ ഉദാര മനസ്കതയെ അളക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. ഒരുവൻ എന്തുമാത്രം കൊടുക്കുന്നു എന്നതല്ല, പിന്നെയോ ഏതു മനോഭാവത്തോടെ കൊടുക്കുന്നു എന്നതാണു പ്രധാനം.—ലൂക്കൊസ് 21:1-4, NW.
നാം നൽകുന്ന എന്തും, അത് എത്ര ചെറുതായിക്കൊള്ളട്ടെ, സ്നേഹത്താൽ പ്രചോദിതമായ ഹൃദയത്തോടെയാണെങ്കിൽ യഹോവ വിലമതിക്കും. സമയമോ ഊർജമോ ഭൗതിക സമ്പത്തോ ദൈവരാജ്യത്തിനു വേണ്ടി ചെലവഴിച്ചുകൊണ്ട് തന്റെ ഉദാര മനസ്കത അനുകരിക്കുന്നവരെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു.—മത്തായി 6:33; എബ്രായർ 6:10.