ആ പ്രത്യേക പരിപാടിയിൽ നിങ്ങൾ സംബന്ധിക്കുമോ?
മൂവായിരത്തഞ്ഞൂറിലധികം വർഷങ്ങൾക്കു മുമ്പ് നടന്ന ശ്രദ്ധേയമായ ഒരു സംഭവത്തെ കുറിച്ചു ചിന്തിക്കുക. അന്ന് യഹോവയാം ദൈവം, ഈജിപ്തിൽ അടിമകളാക്കപ്പെട്ട ഓരോ ഇസ്രായേല്യ കുടുംബത്തോടും ഒരു ചെമ്മരിയാട്ടിൻ കുട്ടിയെയോ കോലാട്ടിൻ കുട്ടിയെയോ കൊന്ന് അതിന്റെ രക്തം വാതിലിന്റെ കട്ടളകളിലും കുറുമ്പടികളിലും തളിക്കാൻ ആവശ്യപ്പെട്ടു. അന്നു രാത്രി, പ്രസ്തുത അടയാളം ഉണ്ടായിരുന്ന വീടുകളുടെ മുകളിലൂടെ ദൈവദൂതൻ കടന്നുപോയി. എന്നാൽ ഈജിപ്തുകാരുടെ ഭവനങ്ങളിലെ ആദ്യജാതന്മാരെയെല്ലാം അവൻ കൊന്നുകളഞ്ഞു. തുടർന്ന് ഇസ്രായേല്യർ സ്വതന്ത്രരാക്കപ്പെട്ടു. പ്രസ്തുത സംഭവത്തിന്റെ വാർഷികം എന്ന നിലയിലാണ് യഹൂദന്മാർ പെസഹാ ആഘോഷിച്ചിരുന്നത്.
അപ്പൊസ്തലന്മാരുമായി അവസാനത്തെ പെസഹാ ആഘോഷിച്ച ഉടൻതന്നെ, തന്റെ ബലിമരണത്തിന്റെ സ്മാരകമായി യേശു ഒരു അത്താഴം ഏർപ്പെടുത്തി. അപ്പൊസ്തലന്മാർക്കു പുളിപ്പില്ലാത്ത അപ്പം കൊടുത്തിട്ട് അവൻ പറഞ്ഞു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം.” തുടർന്ന് അവൻ അവർക്ക് ഒരു പാനപാത്രത്തിൽ വീഞ്ഞ് കൊടുത്തശേഷം പറഞ്ഞു, “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം.” യേശു ഇങ്ങനെയും പ്രസ്താവിച്ചു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (മത്തായി 26:26-28; ലൂക്കൊസ് 22:19, 20) അങ്ങനെ, തന്റെ മരണത്തെ അനുസ്മരിക്കാൻ യേശു അനുഗാമികളോടു കൽപ്പിച്ചു.
ഈ വർഷം യേശുവിന്റെ മരണത്തിന്റെ സ്മാരകം ഏപ്രിൽ 19 ബുധനാഴ്ച സൂര്യാസ്തമയശേഷം ആയിരിക്കും. യേശു ആവശ്യപ്പെട്ടതുപോലെ, പ്രസ്തുത സ്മാരകം ആഘോഷിക്കാൻ ആ രാത്രിയിൽ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ കൂടിവരും. നിരീക്ഷകരായി സന്നിഹിതരായിരിക്കാൻ നിങ്ങളെയും ഞങ്ങൾ ഊഷ്മളമായി ക്ഷണിക്കുന്നു. യോഗം നടക്കുന്ന കൃത്യ സമയവും സ്ഥലവും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോട് അന്വേഷിക്കുക.