ബൈബിൾ വിതരണത്തിന്റെ ഒരു സവിശേഷ വർഷം
മുൻ കാലങ്ങളെ അപേക്ഷിച്ച് ബൈബിൾ സ്വന്തമായി ഉള്ളവരുടെ എണ്ണം വർധിച്ചിരിക്കുന്നുവെന്നാണ് ‘യുണൈറ്റഡ് ബൈബിൾ സൊസൈറ്റി’കളുടെ ഒരു റിപ്പോർട്ടു സൂചിപ്പിക്കുന്നത്. കാരണം, 1998-ൽ ബൈബിളുകളുടെ വിതരണം അതിനു മുൻ വർഷത്തെക്കാൾ അഞ്ചു ലക്ഷത്തിൽ പരമായി വർധിച്ചു. ഗോളത്തിനു ചുറ്റുമായി 58,50,00,000-ത്തിലധികം ബൈബിളുകൾ—മുഴു ബൈബിളോ ബൈബിളിന്റെ ഏതെങ്കിലും ഭാഗങ്ങളോ—വിതരണം ചെയ്യപ്പെട്ടു. ആ റിപ്പോർട്ടു പ്രസ്താവിക്കുന്ന പ്രകാരം, “ഇതു പ്രോത്സാഹജനകമാണ്, ഇന്നു കൂടുതൽ ആളുകളുടെ പക്കൽ ദൈവവചനം എത്തിക്കൊണ്ടിരിക്കുന്നു.”
തീർച്ചയായും, ഒരു ബൈബിൾ കൈവശം ഉണ്ടായിരിക്കുന്നതും അതു വായിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, 90 ശതമാനത്തിലധികം അമേരിക്കക്കാർക്കു ബൈബിളിന്റെ ഒരു പ്രതിയെങ്കിലും ഉണ്ടെന്നും അത്രയും തന്നെ ആളുകൾ ബൈബിൾ നല്ല ധാർമിക ഉപദേശത്തിന്റെ ഒരു ഉറവാണെന്നു വിശ്വസിക്കുന്നുവെന്നും ഒരു സർവേ വെളിപ്പെടുത്തി. എന്നുവരികിലും, 59 ശതമാനം പേരേ ഉപദേശാർഥം ബൈബിളിലേക്കു തിരിയുന്നതായി പറഞ്ഞുള്ളൂ. 29 ശതമാനം പേർ തങ്ങൾക്ക് ബൈബിളുമായി “അത്ര നല്ല” പരിചയമില്ലെന്ന് അല്ലെങ്കിൽ “ഒട്ടുംതന്നെ” പരിചയമില്ലെന്നു സമ്മതിച്ചുപറഞ്ഞു.
യഹോവയുടെ സാക്ഷികൾ ബൈബിളുകൾ അച്ചടിച്ചു വിതരണം ചെയ്യുക മാത്രമല്ല, 230-ലധികം രാജ്യങ്ങളിൽ ആളുകളുമായി ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തുകയും ചെയ്യുന്നു. ഈ ബൈബിൾ വിദ്യാഭ്യാസ പരിപാടിയിൽ നിന്നു ലോകമെമ്പാടുമുള്ള ദശലക്ഷങ്ങൾ പ്രയോജനം അനുഭവിക്കുന്നുണ്ട്. അത് തങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തരണം ചെയ്യാനും ദൈവരാജ്യത്തിൻ കീഴിലെ ശോഭനമായ ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്നതു പഠിക്കാനും അവരെ സഹായിക്കുന്നു.—യെശയ്യാവു 48:17, 18; മത്തായി 6:9, 10.
[32-ാം പേജിലെ ചിത്രങ്ങൾ]
ബൊളീവിയ, ഘാന, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഭവന ബൈബിൾ അധ്യയനങ്ങൾ (മുകളിൽ ഇടത്തുനിന്നു ഘടികാര ദിശയിൽ)