“നമ്മുടെ ഇടവകകളെ എങ്ങനെ ഉണർത്തും?”
ഈയിടെ ഫാമിയെ ക്രേറ്റ്യെൻ (ക്രിസ്തീയ കുടുംബം) എന്ന ഫ്രഞ്ച് കത്തോലിക്കാ മാസിക ഉന്നയിച്ച മേലുദ്ധരിച്ച ചോദ്യം, അനേകരെയും തെല്ലും അതിശയിപ്പിക്കുന്നില്ല. ബ്രിട്ടന്റെ കർദിനാൾ ഹ്യൂം, ഇടവകകളെ “ഉറങ്ങുന്ന അതികായന്മാർ” എന്നു പോലും വിളിക്കുകയുണ്ടായി. ഉറക്കം തൂങ്ങൽ ഒഴിവാക്കാനുള്ള മാർഗമെന്ന നിലയിൽ, മറ്റുള്ളവരോടു സുവിശേഷം പ്രസംഗിക്കുന്ന ഇടവക അടിസ്ഥാനത്തിലുള്ള സംഘങ്ങൾ രൂപീകരിക്കുക എന്ന നിർദേശം മുന്നോട്ടു വെക്കപ്പെട്ടിരിക്കുന്നു. “പുതിയ രീതിയിൽ നേരിട്ടു സുവിശേഷിക്കൽ” എന്ന് ഇറ്റലിയിലെ ഒരു പുരോഹിതൻ അതിനെ വിളിക്കുന്നു. അത്തരമൊരു നടപടിയെ ഈയിടെ പാപ്പാ പ്രോത്സാഹിപ്പിച്ചെങ്കിലും തങ്ങളുടെ വിശ്വാസം പങ്കിടേണ്ടത് ആവശ്യമാണെന്ന അഭിപ്രായം എല്ലാവർക്കുമൊന്നുമില്ല.
മിലാനിലെ വികാരിയായ പിജി പെറിനി അടുത്തയിടെ ആഫ്രിക്ക സന്ദർശിക്കുകയുണ്ടായി. അവിടെ വെച്ച് ഒരു കന്യാസ്ത്രീ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇവിടെ വന്നിട്ട് 40 വർഷമായി. ആഫ്രിക്കൻ സംസ്കാരത്തിനു ക്ഷതമേൽക്കാതിരിക്കാൻ യേശുവിന്റെ നാമം ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതിൽ ഞാൻ വിജയിച്ചിരിക്കുന്നു.” ആ വികാരി ഇങ്ങനെ ഉപസംഹരിക്കുന്നു: “ഞങ്ങൾ മേലാൽ യേശുവിനെ കുറിച്ചു സംസാരിക്കുന്നില്ല, മേലാൽ യേശുവിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നില്ല, മേലാൽ സുവിശേഷം പ്രസംഗിക്കുന്നില്ല!” നേരെ മറിച്ച്, പ്രസംഗവേല തങ്ങളുടെ ജീവിതത്തിലെ ഒരു പ്രമുഖ ഭാഗമാക്കിയിരിക്കുന്ന നിരവധി ആളുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അത് ആത്മീയമായി ഉണർന്നിരിക്കാനുള്ള ഒരു മാർഗം കൂടിയാണ്. പിജി പെറിനി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ചന്ത സ്ഥലങ്ങളിൽ ക്രിസ്തുവിനെ കുറിച്ചു സംസാരിക്കുന്ന അല്ലെങ്കിൽ കയ്യിൽ ബൈബിൾ പിടിച്ചിരിക്കുന്ന രണ്ടു വ്യക്തികളെ നിങ്ങൾ കണ്ടെത്തുന്നു. അപ്പോൾ നിങ്ങൾ മനസ്സിൽ പറയുന്നു: ദാ, യഹോവയുടെ സാക്ഷികൾ!”
ദശലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ സാക്ഷികളുമായി ദൈവവചനം ചർച്ച ചെയ്യുന്നത് ആസ്വദിക്കുന്നു. നിങ്ങളുടെ പ്രദേശത്തും സാക്ഷികൾ ബൈബിൾ ചർച്ചകൾ ക്രമീകരിച്ചിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. ഒന്നാം നൂറ്റാണ്ടിലേതു പോലെ, തീക്ഷ്ണതയുള്ള ഈ ക്രിസ്ത്യാനികൾ മറ്റുള്ളവരുമായി തങ്ങളുടെ വിശ്വാസം പങ്കിടാൻ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. അവരുടെ യോഗസ്ഥലങ്ങളിൽ (രാജ്യഹാളുകൾ എന്ന് അറിയപ്പെടുന്നു) ഊഷ്മളതയും സൗഹൃദവും കളിയാടുന്നു. യഹോവയുടെ സാക്ഷികൾ നടത്തുന്ന ഒരു യോഗത്തിനു ഹാജരായി ആത്മീയ മാന്ദ്യത്തിനെതിരെ എങ്ങനെ പോരാടാമെന്നു മനസ്സിലാക്കരുതോ?