നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ സമീപകാല ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിച്ചുവോ? അങ്ങനെയെങ്കിൽ, പിൻവരുന്നവ അനുസ്മരിക്കുന്നതു നിങ്ങൾ ആസ്വദിക്കും:
□ വിവാഹനിശ്ചയത്തെ കുറിച്ചു ചിന്തിക്കുന്നതിനു മുമ്പ് ഉൾപ്പെട്ടിരിക്കുന്ന രണ്ടു ക്രിസ്ത്യാനികൾക്കും തങ്ങളോടുതന്നെ ചോദിക്കാവുന്ന ചില ചോദ്യങ്ങൾ ഏവ?
‘ആ വ്യക്തിയുടെ ആത്മീയതയും ദൈവഭക്തിയും സംബന്ധിച്ച് എനിക്ക് ഉറപ്പുണ്ടോ? ആയുഷ്കാലം മുഴുവനും ആ വ്യക്തിയോടൊപ്പം ദൈവത്തെ സേവിക്കുന്നത് എനിക്കു വിഭാവന ചെയ്യാൻ കഴിയുമോ? ഞങ്ങൾ ഇരുവരും വ്യക്തിത്വ സവിശേഷതകൾ പരസ്പരം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ? ഞങ്ങൾ എക്കാലവും ഇണങ്ങിക്കഴിയാവുന്നവർ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടോ? ഇരുവരുടെയും കഴിഞ്ഞകാല പ്രവൃത്തികളെ കുറിച്ചും ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചും ഞങ്ങൾക്കു വേണ്ടത്ര അറിയാമോ?’—8/15, പേജ് 31.
◻ “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന് തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (മത്തായി 5:13)
ദൈവരാജ്യത്തെ കുറിച്ചുള്ള തന്റെ അനുഗാമികളുടെ പ്രസംഗത്തിനു ശ്രോതാക്കളുടെമേൽ സംരക്ഷകമോ ജീവരക്ഷാകരമോ ആയ സ്വാധീനം ഉണ്ടായിരിക്കും എന്നാണ് യേശു അർഥമാക്കിയത്. യഥാർഥത്തിൽ, യേശുവിന്റെ വാക്കുകൾ അനുസരിക്കുന്നവർ ലോകത്തിലെ ധാർമികവും ആത്മീയവുമായ അപക്ഷയത്തിൽ നിന്നും സംരക്ഷിക്കപ്പെടുമായിരുന്നു.—8/15, പേജ് 32.
◻ കോർട്ടിങ് നടത്തുന്ന ഇണകൾക്ക് ലൈംഗിക അധാർമികത എന്ന കെണി എങ്ങനെ ഒഴിവാക്കാനാകും?
നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടുന്നെങ്കിൽ, അനുചിത സാഹചര്യങ്ങളിൽ നിങ്ങളുടെ ഭാവി വിവാഹ ഇണയോടൊപ്പം തനിച്ചായിരിക്കുന്നത് ഒഴിവാക്കുന്നതു ജ്ഞാനമാണ്. ഒരു കൂട്ടത്തോടൊപ്പമോ പൊതു സ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ പരസ്പര സഹവാസം ആസ്വദിക്കുന്നതാണ് ഏറ്റവും മെച്ചം. ഓരോ വ്യക്തിയും മറ്റേ വ്യക്തിയുടെ വികാരങ്ങളെയും മനസ്സാക്ഷിയെയും ആദരിച്ചുകൊണ്ട് വാത്സല്യ പ്രകടനങ്ങൾക്കു പരിധികൾ വെക്കുക.—9/1, പേജുകൾ 17, 18.
◻ ഗ്രാഹ്യം എന്നാൽ എന്ത്?
ഒരു കാര്യത്തെ അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു കാണാനും അതിന്റെ ഭാഗങ്ങൾക്ക് മുഴു സംഗതിയുമായുള്ള ബന്ധം മനസ്സിലാക്കുകവഴി അതിന്റെ ഘടന വിവേചിച്ച് അറിയാനും ഉള്ള പ്രാപ്തിയാണ് ഗ്രാഹ്യം. (സദൃശവാക്യങ്ങൾ 4:1, NW)—9/15, പേജ് 13.
◻ ഇന്ന് യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്?
തന്റെ പുത്രനു ശ്രദ്ധ കൊടുക്കാനും അവന്റെ മാതൃകയും പഠിപ്പിക്കലുകളും പിൻപറ്റാനുമാണ് അടിസ്ഥാനപരമായി യഹോവ നമ്മോട് ആവശ്യപ്പെടുന്നത്. (മത്തായി 16:24; 1 പത്രൊസ് 2:21)—9/15, പേജ് 22.
◻ ആർക്കു മാത്രമേ സമാധാനം അനുഭവിക്കാൻ സാധിക്കൂ?
യഹോവ “സമാധാനത്തിന്റെ ദൈവം” ആയതിനാൽ ദൈവത്തോടു സ്നേഹവും അവന്റെ നീതിയുള്ള തത്ത്വങ്ങളോട് ആഴമായ ആദരവും ഉള്ളവർക്കു മാത്രമേ സമാധാനം അനുഭവിക്കാൻ സാധിക്കൂ. (റോമർ 15:33)—10/1, പേജ് 11.
◻ പോത്തിഫറിന്റെ ഭാര്യയുടെ നാൾതോറുമുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാനുള്ള ധാർമിക കരുത്ത് യോസേഫ് എങ്ങനെയാണ് ആർജിച്ചത്?
ക്ഷണിക സുഖത്തെക്കാൾ യഹോവയുമായുള്ള ബന്ധത്തിന് അവൻ അത്യധികം മൂല്യം കൽപ്പിച്ചു. അതു മാത്രമല്ല, ഒരു ദിവ്യ നിയമസംഹിതയ്ക്കു കീഴിൽ അല്ലായിരുന്നെങ്കിലും ധാർമിക തത്ത്വങ്ങൾ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യം യോസേഫിന് ഉണ്ടായിരുന്നു. (ഉല്പത്തി 39:9)—10/1, പേജ് 29.
◻ നമ്മുടെ സഹോദരങ്ങളോടു ക്ഷമിക്കാൻ മനസ്സൊരുക്കം കാട്ടുന്നത് എത്ര പ്രധാനമാണ്?
ദൈവത്തിന്റെ ക്ഷമ നേടുന്നതു കൂടുതലും, സഹോദരങ്ങളോടു ക്ഷമിക്കാൻ നാം എത്രമാത്രം മനസ്സൊരുക്കം കാട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. (മത്തായി 6:12, 14; ലൂക്കൊസ് 11:4)—10/15, പേജ് 17.
◻ മത്തായി 18:15-17 ഏതു തരം പാപങ്ങളെയാണ് അർഥമാക്കുന്നത്, അത് എങ്ങനെ മനസ്സിലാക്കാനാകും?
തെറ്റുകാരനെ “പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ” വീക്ഷിക്കുന്നതിലേക്കു നയിക്കത്തക്കവണ്ണം ഗൗരവാവഹമായിരുന്ന പാപങ്ങളെയാണ് യേശു അർഥമാക്കിയത്. യഹൂദന്മാർ പുറജാതിക്കാരുമായി സഹവസിക്കുകയില്ലായിരുന്നു, അവർ ചുങ്കക്കാരെ ഒഴിവാക്കിയിരുന്നു. അതുകൊണ്ട്, മത്തായി 18:15-17-ൽ സൂചിപ്പിക്കുന്നതു ഗൗരവാവഹമായ പാപത്തെയാണ്, അല്ലാതെ കേവലം ക്ഷമിക്കാനും മറക്കാനും സാധിക്കുന്ന പിഴവുകളെയോ വ്രണപ്പെടുത്തലുകളെയോ അല്ല. (മത്തായി 18:21, 22)—10/15, പേജ് 19.
◻ ദൈവവചനത്തെ യഥാർഥമായും സ്നേഹിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
ദൈവവചനത്തെ സ്നേഹിക്കുന്നത് അതിന്റെ നിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കുന്നതിലേക്ക് ഒരുവനെ നയിക്കുന്നു. (സങ്കീർത്തനം 119:97, 101, 105) അതിന് ഒരുവന്റെ ചിന്തയിലും ജീവിത രീതിയിലും നിരന്തരമായ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ആവശ്യമാണ്.—11/1, പേജ് 14.
◻ ഏറ്റവും വലിയ രാജാവും ദാതാവുമായ യഹോവയാം ദൈവത്തിൽ നിന്നു വളരെയേറെ ദാനങ്ങൾ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് നമുക്ക് എന്താണ് അവനു തിരികെ നൽകാൻ കഴിയുക?
നമുക്ക് യഹോവയ്ക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ദാനം “സ്തോത്രയാഗം” ആണെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (എബ്രായർ 13:15) എന്തുകൊണ്ട്? എന്തെന്നാൽ, ആ യാഗം ജീവൻ രക്ഷിക്കുന്നതിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഈ അന്ത്യകാലത്ത് യഹോവയ്ക്ക് ഏറ്റവും താത്പര്യമുള്ള ഒരു സംഗതിയാണ് അത്. (യെഹെസ്കേൽ 18:23)—11/1, പേജ് 21.
◻ “ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽ പോലെ” ആണെന്ന് എഴുതിയപ്പോൾ ശലോമോൻ എന്താണ് അർഥമാക്കിയത്? (സഭാപ്രസംഗി 12:11)
ദൈവിക ജ്ഞാനം ഉള്ളവരുടെ വാക്കുകൾ, വായിച്ചതോ കേട്ടതോ ആയ ജ്ഞാനമൊഴികൾക്ക് അനുസൃതമായ പുരോഗതികൾ വരുത്താൻ വായനക്കാരെ അല്ലെങ്കിൽ ശ്രോതാക്കളെ പ്രേരിപ്പിക്കുന്നു.—11/15, പേജ് 21.
◻ എന്താണു ദൈവിക വിവേകം?
ശരിയും തെറ്റും വേർതിരിച്ചറിയാനും എന്നിട്ട് ശരിയായ ഗതി തിരഞ്ഞെടുക്കാനുമുള്ള പ്രാപ്തിയാണ് ദൈവിക വിവേകം. ദൈവവചനം പഠിക്കുന്നതിലൂടെയും ബാധകമാക്കുന്നതിലൂടെയും വിവേകം ലഭിക്കുന്നു.—11/15, പേജ് 25.
◻ ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാനുള്ള മനസ്സൊരുക്കത്തെ എന്തിനോടൊപ്പം സമനിലയിൽ നിർത്തേണ്ടതുണ്ട്? (1 തിമൊഥെയൊസ് 3:1)
അതിനെ നല്ല ന്യായബോധത്തോടൊപ്പം സമനിലയിൽ നിർത്തേണ്ടതുണ്ട്. യഹോവയുടെ സേവനത്തിലെ സന്തോഷം നഷ്ടപ്പെടുമാറ് ആരും ആവതിലധികം നിയമനങ്ങൾ സ്വീകരിക്കരുത്. സന്നദ്ധ മനോഭാവം പ്രശംസനീയം തന്നെ. എന്നാൽ, മനസ്സൊരുക്കത്തോടൊപ്പം എളിമയും “സുബോധ”വും പ്രതിഫലിക്കേണ്ടതുണ്ട്. (തീത്തൊസ് 2:13; വെളിപ്പാടു 3:15, 16)—12/1, പേജ് 28.
◻ കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളിയെ എങ്ങനെ നേരിടാം?
കുട്ടികൾക്കു മാതൃക വെക്കാനും അവരുടെ സുഹൃത്തുക്കൾ ആയിരിക്കാനും അവരുമായി ആശയവിനിമയം നടത്താനും അവരെ പ്രബോധിപ്പിക്കാനും ദൈവം മാതാപിതാക്കളെ ബുദ്ധിയുപദേശിക്കുന്നു. (ആവർത്തനപുസ്തകം 6:6, 7)—12/1, പേജ് 32.