“എന്റെ രാജ്യഹാൾ സന്ദർശനം”
ഒരു മതശുശ്രൂഷയിൽ പങ്കെടുത്ത് തന്റെ അനുഭവത്തെ കുറിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ലൊറa എന്നു പേരുള്ള ഒരു കോളെജ് വിദ്യാർഥിനിക്കു നിയമനം ലഭിച്ചു. അതിനായി അവൾ സന്ദർശിച്ചത് യഹോവയുടെ സാക്ഷികളെയാണ്. തന്റെ ഉപന്യാസത്തിന് “എന്റെ രാജ്യഹാൾ സന്ദർശനം” എന്ന ശീർഷകമാണ് അവൾ നൽകിയത്. സാക്ഷികളെ വ്യത്യസ്തരാക്കുന്ന എന്താണു ലൊറ നിരീക്ഷിച്ചത്? അവൾ പരാമർശിച്ച പല കാര്യങ്ങളിൽ ചിലതു താഴെ കൊടുക്കുന്നു.
കുട്ടികൾ: “എല്ലാ കുട്ടികളും മുതിർന്നവരോടൊപ്പം ഒരേ ഹാളിൽത്തന്നെ ആയിരുന്നു. എന്നാൽ, പള്ളികളിലൊക്കെ കുട്ടികൾക്കു മാത്രമായി സൺഡേ സ്‌കൂൾ നടത്തുന്നതാണു കണ്ടിരിക്കുന്നത്.”
വർഗീയ ഐക്യം: “പ്രത്യേക വർഗത്തിലോ വംശത്തിലോ പെട്ടവർക്കു വെവ്വേറെ പള്ളികൾ ഉണ്ട്. . . . എന്നാൽ, യഹോവയുടെ സാക്ഷികൾ അത്തരം വേർതിരിവുകളില്ലാതെ ഒന്നിച്ചാണു കൂടിവരുന്നത്.”
ഹൃദ്യമായ മനോഭാവം: “പലരും അടുത്തു വന്ന് എന്നോടു സംസാരിച്ചു. . . . ഞാൻ ബൈബിൾ പഠിക്കുന്നുണ്ടോ എന്നു പോലും ചിലർ ചോദിച്ചു. എന്നാൽ ആരും അതിന് എന്നെ നിർബന്ധിക്കുന്നതായി തോന്നിയില്ല. അവർ . . . തീരുമാനം എനിക്കു വിട്ടുതന്നു.”
പണപ്പിരിവില്ല: “ആരും പണപ്പിരിവു നടത്തിയില്ല എന്നതാണ് എന്നെ യഥാർഥത്തിൽ അതിശയിപ്പിച്ച ഒരു സംഗതി. . . . ഞാൻ പോയിട്ടുള്ള പള്ളികളിലാണെങ്കിൽ, കുട്ടികളുടെ വേദപാഠ ക്ലാസ്സുകളിൽ പോലും പണപ്പിരിവു നടത്തുന്നു.”
ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ ഏകദേശം 90,000 സഭകളുണ്ട്. നിങ്ങൾക്ക് അടുത്തുള്ള ഒരു രാജ്യഹാൾ സന്ദർശിക്കരുതോ?
[അടിക്കുറിപ്പ്]
a യഥാർഥ പേരല്ല.