ജോലിയും വിശ്രമവും സമനിലയിൽ നിർത്തൽ
“മനോഹരമായ ഒരു ഉടയാടയാണു വിശ്രമം. പക്ഷേ, അതു സ്ഥിരം ധരിക്കാനുള്ളതല്ല.” ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു അജ്ഞാത എഴുത്തുകാരൻ വിശ്രമത്തിന്റെ മൂല്യം യഥോചിതം ചിത്രീകരിക്കുന്നു. എന്നുവരികിലും, വിശ്രമവും ഉത്പാദനക്ഷമമായ പ്രവർത്തനവും സമനിലയിൽ നിർത്തേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നിശ്വസ്ത ബൈബിൾ എഴുത്തുകാരനായ ശലോമോനും ഇതേക്കുറിച്ച് എഴുതിയിരുന്നു. ഒഴിവാക്കേണ്ടതായ അതിരുകടന്ന രണ്ടു നിലപാടുകൾ ജ്ഞാനിയായ ആ രാജാവ് വ്യക്തമാക്കി. ആദ്യത്തെതിനെ കുറിച്ച് അവൻ ഇങ്ങനെ എഴുതി: “മൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.” (സഭാപ്രസംഗി 4:5) അതേ, അലസത ഒരുവനെ ദാരിദ്ര്യത്തിൽ ആഴ്ത്തിയേക്കാം. മടിയന്റെ ആരോഗ്യത്തെ, ജീവനെ പോലും അപകടത്തിലാക്കാൻ അതിനു കഴിയും. നേരെ വിപരീതമായി, കഠിനാധ്വാനത്തിന്റെ പേരിൽ സകലതും ബലികഴിക്കാൻ മുതിരുന്ന ചിലരുണ്ട്. അവരുടെ നിരന്തരമായ കഠിനാധ്വാനത്തെ, “മായയും വൃഥാപ്രയത്നവും” എന്നു ശലോമോൻ വിശേഷിപ്പിച്ചു.—സഭാപ്രസംഗി 4:4.
സമനില പാലിക്കാൻ ശലോമോൻ ഇങ്ങനെ ശുപാർശ ചെയ്തതു നല്ല കാരണത്തോടെയാണ്: ‘രണ്ടു കയ്യും നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലതു.’ (സഭാപ്രസംഗി 4:6) ഒരുവൻ “തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്ക”ണം, അതായത്, തന്റെ സമ്പാദ്യം ആസ്വദിക്കാൻ ഇടയ്ക്കിടെ സമയം കണ്ടെത്തണം. (സഭാപ്രസംഗി 2:24) ലൗകിക തൊഴിൽ ആയിരിക്കരുത് ജീവിതത്തിൽ സർവപ്രധാനം. നമ്മുടെ സമയത്തിൽ കുറച്ച് കുടുംബത്തിനു വേണ്ടിയും നീക്കിവെക്കണം. ലൗകിക തൊഴിൽ ചെയ്യുന്നതല്ല മറിച്ച്, ദൈവത്തെ സേവിക്കുന്നതാണു നമ്മുടെ പ്രഥമ കടപ്പാട് എന്നു ശലോമോൻ ഊന്നിപ്പറഞ്ഞു. (സഭാപ്രസംഗി 12:13) ജോലിയെ കുറിച്ചു സമനിലയുള്ള വീക്ഷണമാണോ നിങ്ങൾക്കുള്ളത്?