‘വിശ്വാസത്താൽ പ്രേരിതമായ ധാർമിക ബലം’
വളരെയധികം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ, ഫ്രഞ്ച് ഭാഷയിൽ ഗെ കാനൊനിക് എഴുതിയ, ലേ തേംവെൻ ദ ഷാവോവ ഫസ് അ ഇറ്റ്ലർ (ഹിറ്റ്ലറിന്റെ ഭീഷണിക്കു മുമ്പിൽ യഹോവയുടെ സാക്ഷികൾ) എന്ന ഒരു പുതിയ പുസ്തകം 1998-ൽ പ്രകാശനം ചെയ്യുകയുണ്ടായി. അത്യന്തം ആദരിക്കപ്പെടുന്ന ഫ്രഞ്ച് ചരിത്രകാരനായ ഫ്രാൻസ് സേദാരിദ ആ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതി: “വളരെയധികം സ്വാഗതം ചെയ്യപ്പെടുന്ന ഒരു പുസ്തകമാണിത്. അത് [പ്രസാധന പരമ്പരയിലെ] ഒരു വിടവ് നികത്തുന്നതുകൊണ്ട് മാത്രമല്ല, തക്ക സമയത്തു പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ടുമാണ്. . . . ‘മൂന്നാം റൈച്ചി’ൽ യഹോവയുടെ സാക്ഷികൾക്കുണ്ടായ ദുരിതങ്ങളെ കുറിച്ച്, ആ വിഷയത്തിൽ പ്രത്യേക പഠനം നടത്തിയിട്ടുള്ളവർക്കല്ലാതെ ആർക്കാണ് അറിയാവുന്നത്? ആ 12 വർഷ ഭരണകാലത്ത് ഉടനീളം നിർദയമായ ക്രൂരതയോടും ഹിംസാത്മകതയോടും കൂടിയ ഉഗ്രപീഡനത്തിന് അവർ ഇരകളായി. തടങ്കൽ പാളയങ്ങളിലെ ഭീകരതയും അവർ അനുഭവിച്ചു. വിശ്വാസത്തെയും ബോധ്യങ്ങളെയും പ്രതി അവരും കനത്ത വിലയൊടുക്കേണ്ടി വന്നു. ചരിത്രം ഈ ക്രിസ്ത്യാനികളെ മറന്നതെന്തേ? . . .
“നിരുപദ്രവകാരികളായ, ചിതറിപ്പാർക്കുന്ന ഈ ചെറിയ മതവിഭാഗത്തിന്മേൽ ഇത്ര ക്രൂരവും ആസൂത്രിതവുമായ പീഡനം നടന്നതെന്തുകൊണ്ട്? അതാണ് ആ വിരോധാഭാസത്തിലെ മുഖ്യ വിഷമ വൃത്തം. ജർമനിയിലെ വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമായിരുന്നു യഹോവയുടെ സാക്ഷികൾ—സ്ഥിതിവിവര കണക്കുകൾ അനുസരിച്ച്, ആറു കോടിയിലധികം വരുന്ന മൊത്തം ജനസംഖ്യയിൽ ഏകദേശം 20,000 സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, അവർ എല്ലാവരും നിയമത്തെ ആദരിച്ചിരുന്നവരും ആരെയും ഭീഷണിപ്പെടുത്താത്തവരും ജോലിചെയ്യാൻ മനസ്സൊരുക്കമുള്ളവരും മക്കളെ ശരിയാംവണ്ണം വളർത്തുന്നവരും, ആയിരുന്നു. . . .
“ധീരോദാത്തതയും രക്തസാക്ഷിത്വവും അനിവാര്യമാക്കുന്ന ഘട്ടത്തോളം എത്തിയ പൊലീസ്രാജിന്റെ ശാരീരിക പീഡനം ഉൾപ്പെടെയുള്ള ബാഹ്യ സമ്മർദങ്ങളെ ചെറുക്കാൻ തങ്ങളെ പ്രാപ്തരാക്കിയ, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ആന്തരിക ശക്തിയുടെ ഉടമകളായിരുന്ന ആ വിശ്വാസികളുടെ സുദൃഢവും വിജയോജ്വലവുമായ ആത്മീയ പ്രതിരോധത്തിന് എതിരെയാണ് ആ പീഡനം ഉയർന്നുവന്നത്.”
മത അസഹിഷ്ണുതയിൻ മധ്യേ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായ യഹോവയുടെ സാക്ഷികളെ സംബന്ധിച്ച ആ വിവരണം ശക്തമായ ഒന്നാണ്. ആ പുസ്തകത്തെ വിലയിരുത്തിക്കൊണ്ട്, ഒരു പ്രമുഖ ഫ്രഞ്ച് കാത്തലിക് ദിനപത്രമായ ലാ ക്ർവ ഹൃദയസ്പർശകമാം വിധം ഇങ്ങനെ കൂട്ടിച്ചേർത്തു: “കുട്ടികളുടെ കാര്യത്തിൽ പോലും അവസാനത്തോളം അചഞ്ചലമായിരുന്ന, ഏറ്റവും ലളിതമായ വാക്കുകളിൽ പ്രകടിപ്പിക്കപ്പെട്ടിരുന്ന, വിശ്വാസത്താൽ പ്രേരിതമായ അവരുടെ ധാർമിക ബലം സംബന്ധിച്ച് ഒരുവനെ സ്തബ്ധനാക്കുന്ന ധാരാളം തെളിവുകൾ അത്ര അറിയപ്പെടാത്ത അവരുടെ ചരിത്രത്തിൽ നിന്ന് ഗെ കാനൊനിസി അവതരിപ്പിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സ്വഭാവത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ വിവാദങ്ങൾക്ക് ഈ ഓർമിപ്പിക്കൽ ഒരു പശ്ചാത്തലം നൽകേണ്ടതാണ്.”