“കഴിവുറ്റ ഭാര്യയുടെ സന്തുഷ്ട ഭർത്താവ്”
യഹോവയുടെ സാക്ഷികൾ കുടുംബം കലക്കുന്നവരാണ് എന്ന ആരോപണം ചിലപ്പോഴൊക്കെ അവർക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നുവരികിലും, ഒരു ഇണ മാത്രം യഹോവയുടെ സാക്ഷി ആയിരിക്കുന്ന നിരവധി കുടുംബങ്ങളിലെ വിജയകരമായ ദാമ്പത്യജീവിതം കാണിക്കുന്നത് സത്യാവസ്ഥ മറിച്ചാണെന്നാണ്. ബൈബിൾ ബുദ്ധിയുപദേശം കുടുംബജീവിതത്തിൽ ബാധകമാക്കുമ്പോൾ അത് വിവാഹബന്ധം സന്തുഷ്ടമാകുന്നതിൽ കലാശിക്കുന്നു, ഒരു ഫ്രഞ്ച് ദിനപ്പത്രത്തിൽ വന്ന പിൻവരുന്ന എഴുത്ത് പ്രകടമാക്കുന്നതും അതുതന്നെയാണ്.
“28 വർഷത്തോളമായി, കഴിവുറ്റ ഒരു ഭാര്യയുടെ സന്തുഷ്ട ഭർത്താവാണു ഞാൻ. അവൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. അവൾ എന്റെ അഞ്ചു മക്കളെയും—അവരിൽ രണ്ടുപേർ അവളുടെ സ്വന്തം മക്കൾ അല്ലാതിരുന്നിട്ടും—തുല്യ സ്നേഹവും പരിലാളനയും കൊടുത്തു വളർത്തി. 45 തൊഴിലാളികളുള്ള ഒരു കമ്പനിയുടെ ഡയറക്ടറായ എനിക്ക്, എന്റെ തൊഴിൽ വിജയത്തിന് അവൾ വളരെയേറെ സഹായം ചെയ്തിരിക്കുന്നു എന്ന് ഉറപ്പോടെ നിങ്ങളോടു പറയാൻ കഴിയും. അതുകൊണ്ടാണ് ലൊട്ടേഗരൊൺ പ്രവിശ്യയ്ക്ക് യഹോവയുടെ സാക്ഷികൾ ഒരു ഭീഷണിയാണെന്നു നിങ്ങളുടെ പത്രത്തിലെ ഒരു ലേഖനത്തിൽ വായിച്ചപ്പോൾ നിങ്ങൾക്ക് ഒരു ആധികാരിക തെളിവു നൽകാൻ ഞാൻ ആഗ്രഹിച്ചത്.”
ആ എഴുത്തു തുടർന്നിങ്ങനെ പറയുന്നു: “അവർ പുകവലിക്കാരോ കുടിയന്മാരോ അല്ല. അതൊരു ഭീഷണിയാണോ? തങ്ങൾ പിൻപറ്റുന്ന നിയമങ്ങൾ ആരുടെമേലും അടിച്ചേൽപ്പിക്കാത്ത സഹിഷ്ണുതയുള്ള ക്രിസ്ത്യാനികളാണ് അവർ. കൂടാതെ മറ്റു പല കാര്യങ്ങളിലും അവർ മാതൃകായോഗ്യരാണ്. . . . അവർ സാമ്പത്തിക അപവാദങ്ങളിലോ മയക്കുമരുന്നു കള്ളക്കടത്തിലോ ഉൾപ്പെടാറില്ല. അവർ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരല്ല. പകരം സാധാരണ ജീവിതം നയിക്കുന്നവരാണ് എന്ന് എനിക്ക് ഉറപ്പു നൽകാനാകും. . . .
“‘എന്നാൽ താങ്കൾ ഒരു യഹോവയുടെ സാക്ഷി ആകാത്തത് എന്തുകൊണ്ട്?’ എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. ക്രിസ്തീയ വിശ്വാസവും കർശനമായ ധാർമിക നിഷ്ഠകളും അതിന് ആവശ്യമാണ് എന്നതാണ് കാരണം. എന്നാൽ, മിക്കവരുടെയും ഇടയിൽ അതു കണ്ടെത്തുക അത്ര എളുപ്പമല്ല.”