‘സംഭവിക്കാനിരിക്കുന്നത് മുൻകൂട്ടിക്കാണാനുള്ള’ ജ്ഞാനം
“അവർ സുബോധവും വിവേകവും നഷ്ടപ്പെട്ട ഒരു ജനമാകുന്നു. അവർ ജ്ഞാനികളായിരുന്നെങ്കിൽ, ഇതു ഗ്രഹിക്കുകയും തങ്ങൾക്കു സംഭവിക്കാനിരിക്കുന്നതു മുൻകൂട്ടിക്കാണുകയും ചെയ്യുമായിരുന്നു.”—ആവർത്തനപുസ്തകം 32:28, 29, ബെക്ക്.
വാഗ്ദത്ത ദേശത്തിന്റെ അതിർത്തിയിൽ നിന്ന ഇസ്രായേല്യരോടു മോശെ പറഞ്ഞ വാക്കുകളാണ് ഇവ. അവർ യഹോവയെ ഉപേക്ഷിക്കുകയും തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെ കുറിച്ച് ഒട്ടുംതന്നെ ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്തെ കുറിച്ച് മോശെ മുൻകൂട്ടിപ്പറയുകയായിരുന്നു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ, ഇസ്രായേല്യർ—അനേകം രാജാക്കന്മാർ ഉൾപ്പെടെ—ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു.
ഉദാഹരണത്തിന്, യഹോവയെ അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്ന ആരെയും വിവാഹം കഴിക്കരുത് എന്ന ദിവ്യനിയമം ശലോമോന് അറിയാമായിരുന്നു. (ആവർത്തനപുസ്തകം 7:1-4) എന്നിരുന്നാലും, അദ്ദേഹത്തിന് “അനവധി വിദേശ ഭാര്യമാർ ഉണ്ടായിരുന്നു.” (1 രാജാക്കന്മാർ 11:1, NW) ഫലമോ? ബൈബിൾ രേഖ പറയുന്നു: “ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.” (1 രാജാക്കന്മാർ 11:4) ജ്ഞാനി ആയിരുന്നെങ്കിലും, താൻ ദൈവകൽപ്പന അനുസരിക്കാതിരുന്നാൽ ‘എന്തു സംഭവിക്കുമെന്നു മുൻകൂട്ടിക്കാണാനുള്ള’ സുബോധം ശലോമോന് ഇല്ലാതെപോയി.
നമ്മെ സംബന്ധിച്ചോ? ജീവിതത്തിലെ തീരുമാനങ്ങൾക്കു മുന്നമേതന്നെ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നെങ്കിൽ വേദനാകരമായ അനേകം സാഹചര്യങ്ങളും നമുക്ക് ഒഴിവാക്കാനാകും. ഉദാഹരണത്തിന്, “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാ”ക്കാൻ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 7:1) ഇതു ജ്ഞാനപൂർവകമായ ഒരു നടപടിയാണ്. എന്നിരുന്നാലും, പൗലൊസിന്റെ ആ ബുദ്ധിയുപദേശം നിരസിച്ചാൽ എന്തു സംഭവിച്ചേക്കാം എന്നു മുൻകൂട്ടിക്കാണാനുള്ള സുബോധം അനേകർക്കുമില്ല. ഉദാഹരണത്തിന്, തങ്ങൾ പക്വമതികളും അറിവുള്ളവരുമായി കണക്കാക്കപ്പെടും എന്നു ചിന്തിച്ചുകൊണ്ട് അനേകം ചെറുപ്പക്കാരും തങ്ങളുടെ ശരീരങ്ങളെ പുകയിലയുടെ ഉപയോഗത്താൽ ദുഷിപ്പിക്കുന്നു. അതിന്റെ ഫലമായി നിരവധി പേർ ഹൃദയസംബന്ധമായ തകരാറുകൾ, ശ്വാസകോശ അർബുദം, എംഫിസിമ എന്നിവയ്ക്ക് ഇരകളായിത്തീരുന്നത് എത്ര ദുഃഖകരമാണ്!
നമ്മുടെ തീരുമാനങ്ങളുടെയും ചെയ്തികളുടെയും അനന്തരഫലങ്ങൾക്ക് ഗൗരവമായ പരിഗണന കൊടുക്കുന്നതു വളരെ പ്രധാനമാണ്. നല്ല കാരണത്തോടെ പൗലൊസ് എഴുതി: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.”—ഗലാത്യർ 6:7, 8.