സൗന്ദര്യ വർധകങ്ങളെക്കാൾ മെച്ചമായ ഒന്ന്
സൗന്ദര്യം വർധിപ്പിക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്ന “പുറമെയുള്ള” സംഗതികളെ പരാമർശിച്ച ശേഷം അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: ‘നിങ്ങളുടെ അലങ്കാരം സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.’—1 പത്രൊസ് 3:3, 4.
രസാവഹമായി, ബാഹ്യ അലങ്കാരത്തെക്കുറിച്ച് എഴുതിയപ്പോൾ കൊസ്മോസ് എന്ന ഗ്രീക്കു പദത്തിന്റെ ഒരു രൂപമാണ് അപ്പൊസ്തലൻ ഉപയോഗിച്ചത്. ഇംഗ്ലീഷിലെ “കോസ്മെറ്റിക്” എന്ന പദം ഉണ്ടായതും ഇതിൽ നിന്നാണ്. അതിന്റെ അർഥം “സൗന്ദര്യം, പ്രത്യേകിച്ചും ചർമകാന്തി വർധിപ്പിക്കൽ” എന്നാണ്. പത്രൊസ്, മേക്കപ്പിനെയും സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗത്തെയും സംബന്ധിച്ച വിലക്ക് ക്രിസ്തീയ സ്ത്രീകളുടെമേൽ അടിച്ചേൽപ്പിക്കുകയായിരുന്നോ? ദൈവവചനത്തിൽ ഒരിടത്തും അത്തരം യാതൊരു സൂചനയും ഇല്ല. പകരം, ബൈബിൾ ഇക്കാര്യം സംബന്ധിച്ച തീരുമാനം വ്യക്തികൾക്കു വിട്ടുകൊടുത്തിരിക്കുന്നു. അക്കാരണത്താൽ, അഭിരുചിയിലുള്ള വൈവിധ്യം ഒരു പരിധിവരെ പ്രതീക്ഷിക്കാവുന്നതാണ്.
എന്നിരുന്നാലും, മേക്കപ്പ് അമിതമാകുകയോ മറ്റുള്ളവർക്ക് ഇടർച്ചയാകുന്ന ഘട്ടത്തോളം എത്തുകയോ ചെയ്യുന്നെങ്കിൽ അത് എന്തു സന്ദേശമാണു നൽകുന്നത്? പാരുഷ്യം, വീണ്ടുവിചാരമില്ലായ്മ, പുറംപൂച്ച്, പത്രാസ്സ്, സ്വശരീരപ്രേമം എന്നിവയിൽ ഏതെങ്കിലും അല്ലേ? യഥാർഥത്തിൽ ഒരു സ്ത്രീയുടെ ആകാരത്തെ വിലകെട്ടതാക്കാൻ അതിനു കഴിയും. ഒരുപക്ഷേ അവളുടെ ധാർമികത സംബന്ധിച്ച് തെറ്റായ ഒരു ധാരണ പോലും അതു നൽകിയേക്കാം.—യെഹെസ്കേൽ 23:36-42 താരതമ്യം ചെയ്യുക.
ഇതു തിരിച്ചറിയുന്ന, “ദൈവഭക്തി”യുള്ള ഒരു സ്ത്രീ, സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാൻ തീരുമാനിക്കുന്നെങ്കിൽ സുബോധം, വിനയം, ദയ, എളിമ എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങൾ തന്റെ മുഖത്തു പ്രതിഫലിപ്പിക്കാൻ ശ്രമിക്കും. അത്തരം ഗുണങ്ങൾ അവളുടെ ആകർഷകത്വത്തിനും വശ്യതയ്ക്കും മാറ്റു കൂട്ടും. വാസ്തവത്തിൽ, മേക്കപ്പ് ചെയ്താലും ഇല്ലെങ്കിലും അവൾ അന്തസ്സും ആന്തരിക സൗന്ദര്യവും പ്രകടമാക്കുന്നവളായിരിക്കും. മേലുദ്ധരിച്ച പത്രൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, സൗന്ദര്യവർധക വസ്തുക്കളെക്കാൾ മെച്ചമായ ഒന്ന് ഉണ്ടെന്നുള്ള അവളുടെ ജ്ഞാനത്തെ ആയിരിക്കും ഇതു പ്രതിഫലിപ്പിക്കുക.—1 തിമൊഥെയൊസ് 2:9, 10.