അക്രമം—ഉടൻതന്നെ എന്നേക്കുമായി അവസാനിക്കും!
“അക്രമം രാഷ്ട്രങ്ങളെ അപകടത്തിലാക്കുന്നു”—ദ ന്യൂയോർക്ക് ടൈംസ്, ഐക്യനാടുകൾ.
“അക്രമം ഭവനത്തിൽ”—ഊ ഗ്ലോബൂ, ബ്രസീൽ.
“അക്രമം ലോകമെമ്പാടും സ്ത്രീകളെ വേട്ടയാടുന്നു”—ദ ഗ്ലോബ് ആൻഡ് മെയിൽ, കാനഡ.
വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും പത്രങ്ങളിൽ നിന്നുള്ള ഈ തലക്കെട്ടുകൾ ആശങ്കാജനകമായ ഒരു ലോകവ്യാപക പ്രവണത വ്യക്തമാക്കുന്നു. അടുത്തയിടെ ലോകാരോഗ്യ സംഘടന പറഞ്ഞതുപോലെ, “എല്ലാ തരത്തിലുള്ള അക്രമങ്ങളും ഇക്കഴിഞ്ഞ ദശകങ്ങളിൽ അതിശയകരമാംവണ്ണം വർധിച്ചിരിക്കുന്നു.”
ചിന്തോദ്ദീപകമായ ഈ സ്ഥിതിവിവര കണക്കുകൾ പരിചിന്തിക്കുക:
നരഹത്യ. ലാറ്റിൻ അമേരിക്കയിലും കരീബിയനിലും അനുദിനം ഏറെക്കുറെ 1,250 ആളുകൾ അക്രമത്താൽ മരിക്കുന്നു. തത്ഫലമായി “ഈ മേഖലയിലെ പകുതി രാജ്യങ്ങളിലും 15-24 പ്രായമുള്ള യുവജനങ്ങളുടെ ഇടയിലെ മരണത്തിന്റെ രണ്ടാമത്തെ പ്രമുഖ കാരണം കൊലപാതകമാണ്.”
കുട്ടികളോടുള്ള അക്രമം. കുട്ടികൾ നേരിടുന്ന ശാരീരികവും ലൈംഗികവും വൈകാരികവുമായ ദ്രോഹങ്ങൾ ലോകവ്യാപക പ്രശ്നങ്ങളാണ്. ദൃഷ്ടാന്തത്തിന്, “10%-15% കുട്ടികൾ—മിക്കവരും പെൺകുട്ടികൾ—ലൈംഗിക ദ്രോഹത്തിന് ഇരകളാകുന്നുവെന്ന് ചില വ്യവസായവത്കൃത രാജ്യങ്ങളിലെ പ്രായപൂർത്തി ആയവരിൽ നടത്തിയ സർവേകൾ സൂചിപ്പിക്കുന്നു.”
സ്ത്രീകളോടുള്ള അക്രമം. “ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും സ്ത്രീകൾക്കുണ്ടായിട്ടുള്ള പരിക്കുകളുടെ മുഖ്യ കാരണം ഭവനത്തിലെ അക്രമം ആയിരുന്നു” എന്ന് 1997-ൽ ലോകവ്യാപകമായി നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ ഗവേഷകർ നിഗമനം ചെയ്തു. (മനുഷ്യാവകാശ നിരീക്ഷണ ലോക റിപ്പോർട്ട് 1998) ഭവനത്തിലെ അക്രമം വ്യാപകമാണെങ്കിലും മിക്കപ്പോഴും അവ റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. ആയതിനാൽ അത് ഇപ്പോൾ, “20-ാം നൂറ്റാണ്ടിലെ നിശ്ശബ്ദ പ്രതിസന്ധി” എന്നു വിളിക്കപ്പെടുന്നു.—ദ ഗ്ലോബ് ആൻഡ് മെയിൽ, കാനഡ.
നോഹയുടെ കാലത്ത് ഭൂമി സമാനമായ വിധത്തിൽ “അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” (ഉല്പത്തി 6:9-12) എന്നാൽ യഹോവയാം ദൈവം “ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ” ആ “നീതിപ്രസംഗി”യെയും അവന്റെ കുടുംബത്തെയും ജീവനോടെ സംരക്ഷിച്ചു. നമ്മുടെ നാളിൽ ദൈവം സമാനമായ നടപടി സ്വീകരിക്കും. അവൻ അക്രമികളെയും ദുഷ്ടന്മാരെയും നീക്കം ചെയ്ത് താൻ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകം ആനയിച്ചുകൊണ്ട് ഈ ഭൂമിയെ ഒരു പറുദീസ ആക്കുമ്പോൾ അവൻ തന്റെ “ഭക്തന്മാരെ” സംരക്ഷിക്കും. (2 പത്രൊസ് 2:4-9; 3:11-13) അക്രമം ഉടൻതന്നെ എന്നേക്കുമായി അവസാനിക്കുമെന്ന് അറിയുന്നതു നിങ്ങളെ പുളകം കൊള്ളിക്കുന്നില്ലേ?