ദൈവനാമം പുനഃസ്ഥിതീകരിക്കപ്പെടുന്നു
“അനേക വർഷക്കാലം, ഒരുപക്ഷേ നൂറ്റാണ്ടുകളോളം, യഹോവ എന്ന നാമം ബൈബിളിൽനിന്നു നീക്കം ചെയ്യപ്പെട്ടിരുന്നു. ആ ചതുരക്ഷരിa പുനഃസ്ഥിതീകരിക്കാൻ ശക്തമായ നിലപാടെടുത്ത ഒരേയൊരു ക്രിസ്തീയ മതം അവന്റെ ആധുനികകാല സാക്ഷികളാണ്.”
ആസിസ് ബ്രാസിൽ എന്ന ബ്രസീലിയൻ എഴുത്തുകാരന്റെ ഷിയോവ ദെൻത്രു ദൂ ഷുദയ്സ്മൂ ഇ ദൂ ക്രിസ്ത്യാനിസ്മൂ (യഹോവ, യഹൂദമതത്തിലും ക്രിസ്ത്യാനിത്വത്തിലും) എന്ന പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണിയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. എന്നാൽ ഉയർന്നു വന്നേക്കാവുന്ന ചോദ്യം ഇതാണ്, ഏതെങ്കിലും ഒരു വിധത്തിൽ ദിവ്യനാമം ഉപയോഗിക്കുന്ന ഏതാനും ബൈബിൾ പരിഭാഷകൾ ഉണ്ടെങ്കിലും, എന്തുകൊണ്ടാണ് മറ്റു മതങ്ങൾ ആ നാമം തങ്ങളുടെ ബൈബിളിൽനിന്നു നീക്കം ചെയ്തിരിക്കുന്നത്? ബ്രാസിൽ പറയുന്നു: “ദൈവനാമം നീക്കം ചെയ്തത് ഒന്നുകിൽ അന്ധവിശ്വാസങ്ങളോ . . . ഗൂഢോദ്ദേശ്യങ്ങളോ നിമിത്തം ആണ്, അല്ലെങ്കിൽ യേശുവിന്റെയും അവന്റെ മാതാവായ മറിയയുടെയും നാമങ്ങളെ ഉയർത്തിക്കാട്ടാനുള്ള ആഗ്രഹം നിമിത്തമാണ്.”
എന്നിരുന്നാലും, ബ്രാസിൽ ഉചിതമായി ചൂണ്ടിക്കാട്ടുന്നതുപോലെ, “ദിവ്യനാമത്തിന്റെ നീക്കം ചെയ്യലിനെ പോർച്ചുഗീസ് ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പൂർണമായി തിരുത്തിയിരിക്കുന്നു.” എങ്ങനെ? ആ ബൈബിളിലെ ഉചിതമായ സ്ഥാനത്ത് യഹോവ എന്ന നാമം പുനഃസ്ഥിതീകരിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്. പുതിയലോക ഭാഷാന്തരത്തിൽ യഹോവ എന്ന നാമം 7,200-ലധികം പ്രാവശ്യം കാണാം.
പോർച്ചുഗീസ് ഭാഷയിലുള്ള ഈ ആധുനിക, അക്ഷരീയ പരിഭാഷ പുറത്തുവന്നതു മുതൽ, അതിന്റെ 65 ലക്ഷത്തിലധികം കോപ്പികൾ വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട്, ഡിയാരിയൂ ദൂ നോർദെസ്തേ എന്ന ബ്രസീലിയൻ പത്രത്തിൽ എഴുതുന്ന ഒരു പത്രപ്രവർത്തകൻ ഇങ്ങനെ ചോദിക്കാൻ പ്രചോദിതനായി, “ദൈവത്തിന് ഒരു പേര് ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ?” ഈ ആധുനിക ബൈബിൾ പരിഭാഷയുടെ സഹായത്താൽ ദശലക്ഷങ്ങൾക്ക് ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരമുണ്ട്. “അതേ. ദൈവത്തിന്റെ പേര് യഹോവ എന്നാണ്.”
[അടിക്കുറിപ്പുകൾ]
a എബ്രായ ഭാഷയിൽ ദൈവനാമം എഴുതുന്നത് יהוה എന്നാണ്. ഈ നാല് അക്ഷരങ്ങളെ (വലത്തുനിന്ന് ഇടത്തോട്ട് വായിക്കുന്നു) സാധാരണമായി ചതുരക്ഷരി എന്നാണു പറയാറുള്ളത്.