‘ബാലനെ അഭ്യസിപ്പിക്കുക’
വിജയകരമായി കൃഷി ചെയ്യുന്നതിന്, കുറെ വിത്തുകൾ വിതറിയിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞു വിളവെടുപ്പിനായി മടങ്ങിച്ചെന്നാൽ പോരാ. നിലം ഒരുക്കുക, വിത്തു വിതയ്ക്കുക, ചെടികൾ ശരിയായി വളരാൻ വേണ്ടി വെള്ളം ഒഴിക്കുക, വളമിടുക എന്നിങ്ങനെ ഏറെ കഠിനാധ്വാനം അതിൽ ഉൾപ്പെട്ടിരിക്കുന്നു.
ഈ പ്രക്രിയ സദൃശവാക്യങ്ങൾ 22:6-ന്റെ സത്യതയെ നന്നായി ചിത്രീകരിക്കുന്നു. അത് ഇപ്രകാരം പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” തീർച്ചയായും കുട്ടികളെ വിജയപ്രദമായി വളർത്തുന്നതിലെ ഒരു മുഖ്യ ഘടകമാണു മാതാപിതാക്കൾ നൽകുന്ന പരിശീലനം.
എന്നാൽ ഇന്നത്തെ അനുവാദാത്മക ലോകത്ത് അനേകം മാതാപിതാക്കൾ ഈ ബുദ്ധ്യുപദേശത്തിനു ശ്രദ്ധ കൊടുക്കാൻ പരാജയപ്പെടുന്നു. പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ കുട്ടികൾ പഠിക്കണം എന്നുള്ള പരമ്പരാഗത വീക്ഷണം അവർ പിൻപറ്റുമ്പോൾ അവരുടെ കുട്ടികൾക്കു മിക്കപ്പോഴും സഹായം കൂടാതെ സ്വയം കാര്യങ്ങൾ ചെയ്യേണ്ടിവരുന്നു. അത്തരമൊരു ഗതി ചെറുപ്പക്കാർ തത്ത്വദീക്ഷയില്ലാത്ത ആളുകളുടെ ഉപദ്രവകരമായ സ്വാധീനത്തിന് ഇരകളാകാൻ ഇടയാക്കുന്നു—സദൃശവാക്യങ്ങൾ 13:20
മാതാപിതാക്കൾ ദൈവിക പരിശീലനത്തിലൂടെ തങ്ങളുടെ കുട്ടികളിൽ ക്രിസ്തീയ തത്ത്വങ്ങൾ കുട്ടിക്കാലത്തുതന്നെ ഉൾനടുന്നത് എത്ര ഏറെ മെച്ചമാണ്! എന്നാൽ എത്ര ചെറുപ്പത്തിൽ? “ശൈശവം മുതൽ” എന്ന് പൗലൊസ് അപ്പൊസ്തലൻ പറയുന്നു. കുട്ടിയായിരുന്ന തിമൊഥെയൊസിന്റെ കാര്യത്തിൽ അത് അപ്രകാരമായിരുന്നു. അവൻ “പഠിക്കുകയും” “വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെടുകയും” ചെയ്യത്തക്കവണ്ണം അവന്റെ അമ്മയായ യൂനീക്കയും വല്യമ്മയായ ലോവീസും “വിശുദ്ധ ലിഖിതങ്ങൾ” അവനിൽ ഉൾനട്ടു. ഫലമോ? അവനെ “രക്ഷയ്ക്കു ജ്ഞാനി” ആക്കുന്നതിൽ ആ പരിശീലനം ഒരു സുപ്രധാന പങ്കു വഹിച്ചു.—2 തിമൊഥെയൊസ് 1:5; 3:14, 15, NW.
സമാനമായി ഇന്ന്, “നന്മ ചെയ്യുന്നതിൽ പിൻവാങ്ങാ”തിരിക്കുന്ന മാതാപിതാക്കൾ അതിൽ “മടുത്തു പോകാ”തിരുന്നാൽ സമൃദ്ധമായ പ്രതിഫലങ്ങൾ കൊയ്യും. (ഗലാത്യർ 6:9, NW) ജ്ഞാനിയായ ശലോമോൻ രാജാവ് പറയുന്നു: “നീതിമാന്റെ അപ്പൻ ഏററവും ആനന്ദിക്കും.”—സദൃശവാക്യങ്ങൾ 23:24.