ലൂക്കൊസിനു തെറ്റുപറ്റിയോ?
നസറെത്തിൽ വളർന്ന് നസറായൻ എന്ന് പൊതുവേ അറിയപ്പെട്ട യേശുവിന് അവിടെനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ബേത്ലഹേമിൽ ജനിക്കാൻ കഴിഞ്ഞത് എങ്ങനെ? ലൂക്കൊസ് വിശദമാക്കുന്നു: “ആ കാലത്തു [യേശുവിന്റെ ജനനത്തിനു മുമ്പ്] ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ്കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.”—ലൂക്കൊസ് 1:1; 2:1-3.
ഈ ഭാഗം അബദ്ധം ആണെന്ന്, അല്ലെങ്കിൽ കെട്ടിച്ചമച്ചതാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. പേർവഴി ചാർത്തലും കുറേന്യൊസിന്റെ വാഴ്ചയും നടന്നത് പൊ.യു. 6-ലോ 7-ലോ ആണെന്ന് അവർ പറയുന്നു. അവരുടെ വാദം ശരിയാണെങ്കിൽ, ലൂക്കൊസിന്റെ വിവരണം സംബന്ധിച്ചു ഗുരുതരമായ സംശയം ഉണ്ടാകും, എന്തെന്നാൽ പൊ.യു.മു. 2-ൽ യേശു ജനിച്ചു എന്നാണ് തെളിവു സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിമർശകർ രണ്ടു പ്രധാന വസ്തുതകൾ അവഗണിക്കുകയാണ്. ഒന്ന്, ലൂക്കൊസ് ഒന്നിലധികം സെൻസസ് ഉണ്ടായിരുന്നു എന്ന് അംഗീകരിക്കുന്നു—അവൻ “ഒന്നാമത്തെ ചാർത്തൽ” എന്നു പരാമർശിക്കുന്നതു ശ്രദ്ധിക്കുക. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) പിന്നീടു നടന്ന മറ്റൊരു പേർവഴി ചാർത്തലിനെക്കുറിച്ച് അവൻ ബോധവാനായിരുന്നു. (പ്രവൃത്തികൾ 5:37) പിന്നീടു നടന്ന ഈ സെൻസസ് തന്നെയാണ് ചരിത്രകാരനായ ജോസീഫസും വർണിക്കുന്നത്, അതു നടന്നത് പൊ.യു. 6-ൽ ആണ്. രണ്ട്, കുറേന്യൊസിന്റെ വാഴ്ച, യേശുവിന്റെ ജനനത്തീയതിയെ ആ തീയതിക്കു ചേർച്ചയിലാക്കാൻ നമ്മെ നിർബന്ധിക്കുന്നില്ല. എന്തുകൊണ്ട്? വ്യക്തമായും കുറേന്യൊസ് ആ പദവിയിൽ രണ്ടു പ്രാവശ്യം സേവിച്ചു. അവന്റെ ആദ്യ ഭരണകാലം പൊ.യു.മു. 2 ഉൾപ്പെട്ടതാണെന്ന് അനേകം പണ്ഡിതന്മാരും സമ്മതിക്കുന്നു.
യേശുവിന്റെ ജനനം ബേത്ലഹേമിൽ ആക്കുക എന്ന ലക്ഷ്യം സാധിക്കുന്നതിനും അങ്ങനെ മീഖാ 5:2-ലെ പ്രവചനം നിവൃത്തിക്കുന്നതിനും വേണ്ടി ലൂക്കൊസ് കെട്ടിച്ചമച്ചതാണ് സെൻസസ് എന്ന് ചില വിമർശകർ പറയുന്നു. ഈ സിദ്ധാന്തം പ്രകാരം, ലൂക്കൊസ് മനഃപൂർവം നുണ പറഞ്ഞുവെന്നു വരും. സുവിശേഷവും പ്രവൃത്തികളുടെ പുസ്തകവും എഴുതിയ അങ്ങേയറ്റം സത്യസന്ധനായ ചരിത്രകാരന്റെ സ്വഭാവവും അത്തരം ഒരു ആരോപണവും പൊരുത്തപ്പെടുത്താൻ ഒരു വിമർശകനും സാധിക്കുകയില്ല.
ഇനി, വിമർശകർക്ക് വിശദീകരിക്കാൻ കഴിയാത്ത മറ്റൊരു സംഗതിയും ഉണ്ട്: സെൻസസ്തന്നെ ഒരു പ്രവചനനിവൃത്തി ആയിരുന്നു! “മനോഹര രാജ്യത്തിലൂടെ നിഷ്കർഷിക്കുന്നവൻ കടന്നുപോകാൻ ഇടയാക്കു”ന്ന ഒരു ഭരണാധിപനെ കുറിച്ച് പൊ.യു.മു. 6-ാം നൂറ്റാണ്ടിൽ ദാനീയേൽ പ്രവചിച്ചിരുന്നു. ഇത് ഔഗുസ്തൊസിനും ഇസ്രായേലിൽ സെൻസസ് നടത്തണമെന്ന അവന്റെ കൽപ്പനയ്ക്കും ബാധകമായോ? ആകട്ടെ, ഈ ഭരണാധിപന്റെ പിൻഗാമിയുടെ ഭരണകാലത്ത് മിശിഹ അഥവാ “ഉടമ്പടി നായകൻ” “തകർക്ക”പ്പെടുമെന്ന് ആ പ്രവചനം തുടർന്നു പറയുന്നു. ഔഗുസ്തൊസിന്റെ പിൻഗാമിയായ തീബെര്യൊസിന്റെ ഭരണകാലത്ത് യേശു നിശ്ചയമായും “തകർക്ക”പ്പെട്ടു, വധിക്കപ്പെട്ടു.—ദാനീയേൽ 11:20-22, NW.
[7-ാം പേജിലെ ചിത്രം]
ഔഗുസ്തൊസ് കൈസർ (പൊ.യു.മു. 27-പൊ.യു. 14)
[കടപ്പാട]
Musée de Normandie, Caen, France
[7-ാം പേജിലെ ചിത്രം]
തീബെര്യൊസ് കൈസർ (പൊ.യു. 14-37)
[കടപ്പാട]
Photograph taken by courtesy of the British Museum