മാതൃസ്നേഹത്തെക്കാൾ ശക്തമായ സ്നേഹം
അമ്മമാർ നവജാത ശിശുക്കളെ ഭൂഗർഭപാതകളിലോ പൊതു ടോയ്ലറ്റുകളിലോ തിരക്കേറിയ തെരുവുകളിലോ ഉപേക്ഷിച്ചിട്ടു പോകുന്നു. അമ്മയ്ക്കായി കരഞ്ഞു കരഞ്ഞു തളർന്ന ഈ കുഞ്ഞുങ്ങളെ ചപ്പുചവറുകളെടുക്കാൻ വരുന്നവർ ചവറ്റുകൊട്ടയിൽപ്പോലും കണ്ടെത്തിയിട്ടുണ്ട്. ഒ. എസ്റ്റാഡോ ദ സാവുൻ പൗലൂ പറയുന്നപ്രകാരം, “തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു.” നിശ്ചയമായും, യുവമാതാവ് ഈ തീരുമാനത്തെ കുറിച്ചു പിന്നീട് ഖേദിച്ചേക്കാം. കുട്ടിയുടെ ജീവൻ അപകടത്തിലായേക്കാമെങ്കിലും, അവൾ കുഞ്ഞിനെ ഉപേക്ഷിച്ചുപോകുന്നു.
‘എന്തു സംഭവിച്ചാലും വേണ്ടില്ല എന്ന ചിന്തയിൽ ഒരു അമ്മയ്ക്ക് എങ്ങനെയാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയുക?’ എന്നു നിങ്ങൾ വിചാരിച്ചേക്കാം. തന്റെ ജനത്തോടുള്ള സ്രഷ്ടാവിന്റെ വികാരത്തെ വിപരീതതാരതമ്യം ചെയ്യാൻ ബൈബിൾ അത്തരമൊരു ശോകാർദ്ര അവസ്ഥയെ രൂപകമായി ഉപയോഗിക്കുന്നുണ്ട്: “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.”—യെശയ്യാവു 49:15.
വാസ്തവത്തിൽ, ഏതൊരു മാനുഷ മാതാവിനെക്കാളും അധികം, ദൈവത്തിനു നമ്മോട് ആഴമായ സ്നേഹം ഉണ്ട്; അവരെക്കാളധികം അവൻ നമ്മുടെ ആവശ്യങ്ങളെ കുറിച്ചു ബോധവാനുമാണ്. നിങ്ങൾ യുവപ്രായത്തിലുള്ള വ്യക്തിയോ പ്രായപൂർത്തിയായ വ്യക്തിയോ ആയാലും, നിങ്ങളുടെ പ്രശ്നം എന്തുതന്നെ ആയാലും, നിങ്ങൾ തനിച്ചല്ല. നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു, അവൻ നിങ്ങളുടെ ക്ഷേമത്തിൽ തത്പരനാണ്. സങ്കീർത്തനക്കാരന്റെ വാക്കുകളിൽ പറയുകയാണെങ്കിൽ, “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.”—സങ്കീർത്തനം 27:10.
ലോകവ്യാപകമായി പ്രസിദ്ധീകരിക്കപ്പെടുന്ന വീക്ഷാഗോപുരവും ഉണരുക!യും “ഏകസത്യദൈവമായ” യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം, വിലമതിപ്പോടെ സ്വീകരിക്കുന്നവർക്കു നിത്യജീവൻ സാധ്യമാക്കുന്ന പരിജ്ഞാനം, പ്രദാനം ചെയ്യുന്നു.—യോഹന്നാൻ 17:3.