“മേഘപാളികളിൽ ജ്ഞാനത്തെ വെച്ചവനാർ”?
“പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. തെക്കൻകാററു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.” സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് രേഖപ്പെടുത്തിയ യേശുവിന്റെ ഈ വാക്കുകൾ പുരാതന പാലസ്തീനിലെ കാലാവസ്ഥാ പ്രവചനങ്ങളുടെ ഉദാഹരണങ്ങൾ ആണ്. (ലൂക്കൊസ് 12:54, 55) ചില സാഹചര്യങ്ങളിൽ, അടയാളങ്ങൾ നോക്കി കൃത്യമായ ഹ്രസ്വകാല പ്രവചനങ്ങൾ നടത്താൻ പ്രാചീനർക്കു കഴിഞ്ഞിരുന്നു.
ദീർഘകാല അടിസ്ഥാനത്തിൽ കാലാവസ്ഥ മനസ്സിലാക്കാൻ കാലാവസ്ഥാ ശാസ്ത്രജ്ഞർ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങൾ, ഡോപ്ലർ റഡാർ, കാര്യക്ഷമത കൂടിയ കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ അവരുടെ പ്രവചനങ്ങൾ മിക്കപ്പോഴും തെറ്റിപ്പോകുന്നു. എന്തുകൊണ്ട്?
കൃത്യമായ കാലാവസ്ഥാ പ്രവചനത്തെ ദുഷ്കരമാക്കുന്ന അനവധി ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്, താപനില, ഈർപ്പം, വായുമർദം, കാറ്റിന്റെ വേഗം, അതിന്റെ ദിശ തുടങ്ങിയ സംഗതികളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത വ്യതിയാനങ്ങൾ കാര്യങ്ങളെ സങ്കീർണമാക്കുന്നു. കൂടാതെ, സൂര്യന്റെയും മേഘങ്ങളുടെയും സമുദ്രങ്ങളുടെയും സങ്കീർണമായ പ്രതിപ്രവർത്തനങ്ങളും ഉണ്ട്. ശാസ്ത്രജ്ഞന്മാർ അവയെക്കുറിച്ച് ഇനിയും പൂർണമായി മനസ്സിലാക്കിയിട്ടില്ല. അക്കാരണത്താൽ, കാലാവസ്ഥാ പ്രവചനം കൃത്യതയില്ലാത്ത ഒരു ശാസ്ത്രമായി അവശേഷിക്കുന്നു.
കാലാവസ്ഥ സംബന്ധിച്ചു മനുഷ്യനുള്ള അൽപ്പമാത്ര ജ്ഞാനം ഇയ്യോബിനോടു ചോദിച്ച ചോദ്യങ്ങളാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്: “മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? . . . ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? . . . അന്തരംഗത്തിൽ [“മേഘപാളികളിൽ,” NW] ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു [“നഭോ പ്രതിഭാസത്തിന്,” NW] വിവേകം കൊടുത്തവൻ ആർ? . . . ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?”—ഇയ്യോബ് 38:28-38.
ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം മനുഷ്യൻ എന്നല്ല, മറിച്ച് യഹോവ എന്നാണ്. അതേ, എത്രയോ ജ്ഞാനം ഉള്ളവരാണ് മനുഷ്യർ എന്നു തോന്നിയാലും സ്രഷ്ടാവിന്റെ ജ്ഞാനം അതിനെക്കാൾ വളരെയേറെ ശ്രേഷ്ഠമാണ്. നമ്മുടെ പാത വിജയപ്രദമാക്കാൻ കഴിയേണ്ടതിന് ബൈബിളിന്റെ പേജുകളിൽ അവൻ തന്റെ ജ്ഞാനം ലഭ്യമാക്കിയിരിക്കുന്നു എന്നത് വാസ്തവത്തിൽ സ്നേഹമസൃണമായ ഒരു സംഗതിയാണ്.—സദൃശവാക്യങ്ങൾ 5:1, 2.