“കത്തോലിക്കരായ നമുക്ക് അവരിൽനിന്നു ധാരാളം പഠിക്കാനുണ്ട്”
യഹോവയുടെ സാക്ഷികളെക്കുറിച്ച് അങ്ങനെ അഭിപ്രായപ്പെട്ടത് ഇറ്റലിയിലെ ബാരിയിലുള്ള ഒരു അധ്യാപികയാണ്. തന്റെ ഹൈസ്കൂൾ ക്ലാസ്സിൽ മതചരിത്രത്തെക്കുറിച്ചു പഠിപ്പിക്കുന്ന അവസരത്തിലായിരുന്നു അത്. പഠിപ്പിക്കൽ സഹായിയായി താൻ വീഡിയോ കാസെറ്റുകൾ ഉപയോഗിക്കുമെന്ന് അവർ വിദ്യാർഥികളോടു പറഞ്ഞിരുന്നു. ഇതു കേട്ടപ്പോൾ വിദ്യാർഥികളിൽ ഒരാളായ 18 വയസ്സുള്ള റോബേർട്ടോ തന്റെ മതത്തെയും ചർച്ചയിൽ ഉൾപ്പെടുത്തണമെന്നു നിർദേശിച്ചു. അവൻ അധ്യാപികയ്ക്ക് യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോ കൊടുത്തു. റോബേർട്ടോയുടെ നിർദേശം അവർ സ്വീകരിച്ചു. അങ്ങനെ ആ ക്ലാസ്സിലെ 30-ഓളം വരുന്ന വിദ്യാർഥികൾ ആ വീഡിയോ കണ്ടു. “യഹോവയുടെ സാക്ഷികളുടെ ഇടയിലെ ഐക്യവും സംഘാടനവും ആഴമായ സ്നേഹവും എല്ലാവരിലും മതിപ്പുളവാക്കി. വീക്ഷാഗോപുരത്തിന്റെ 4 കോടി കോപ്പികളും ഉണരുക!യുടെ 3.6 കോടി കോപ്പികളും ഓരോ മാസവും അച്ചടിക്കപ്പെടുന്നുണ്ട് എന്നു കേട്ടപ്പോൾ അവർ അതിലേറെ അതിശയിച്ചുപോയി” എന്ന് റോബേർട്ടോ പറയുന്നു.
“നിങ്ങൾ ഇത്രമാത്രം സംഘടിതരാണെന്നു ഞാൻ കരുതിയില്ല” എന്ന് ആ വീഡിയോ കണ്ടശേഷം റോബേർട്ടോയുടെ സഹപാഠികളിൽ പലരും അഭിപ്രായപ്പെട്ടു. യഹോവയുടെ സാക്ഷികളെക്കുറിച്ച് അവരുടെ അധ്യാപിക കുട്ടികളോട് ഇപ്രകാരം പറഞ്ഞു: “വളരെ ഐക്യമുള്ളവരും സംഘടിതരും ആയിരിക്കാൻ വിശ്വാസം അവരെ പ്രചോദിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കുക. കത്തോലിക്കരായ നമുക്ക് അവരിൽനിന്നു ധാരാളം പഠിക്കാനുണ്ട്.” ആ വീഡിയോ പ്രദർശനവും തുടർന്നുള്ള ക്ലാസ്സ് ചർച്ചയും യഹോവയുടെ സാക്ഷികളെക്കുറിച്ച് മെച്ചമായ ഒരു ഗ്രാഹ്യം പ്രദാനം ചെയ്യാൻ വളരെ ഉപകരിച്ചു.