എല്ലാ വൈദികരും തങ്ങൾ പഠിപ്പിക്കുന്നത് വിശ്വസിക്കുന്നുണ്ടോ?
ആസ്ത്രീയുടെ ഭർത്താവ് മരിച്ചിട്ട് അധികമായില്ല. അയാൾ നേരേ സ്വർഗത്തിലേക്കു പോകാൻ മാത്രം അത്ര നല്ലവൻ അല്ലെന്നും അഗ്നിനരകത്തിലേക്കു വിടാൻ മാത്രം അത്ര ദുഷ്ടൻ അല്ലെന്നും പുരോഹിതൻ വിശദീകരിക്കുന്നു. അതുകൊണ്ട് പുരോഹിതൻ പറയുന്നത് അനുസരിച്ച്, സ്വർഗത്തിലേക്കു പോകാൻ യോഗ്യത നേടുന്നതുവരെ അയാൾ ശിക്ഷ അനുഭവിക്കുകയാണ്. ശുദ്ധീകരണ സ്ഥലത്തുനിന്നു തന്റെ ഭർത്താവ് പെട്ടെന്നുതന്നെ വിടുവിക്കപ്പെടുന്നതിനു കുർബാന ചൊല്ലാൻ അവൾ പുരോഹിതനു പണം നൽകുന്നു. അങ്ങനെ, തനിക്കുള്ള ആത്മാർഥ വിശ്വാസങ്ങൾ തന്നെയാണ് പുരോഹിതനും ഉള്ളതെന്ന് കരുതി ആ വിധവ തൃപ്തിയടയുന്നു.
മരണാനന്തര ശിക്ഷയിൽ ആ പുരോഹിതനു വാസ്തവത്തിൽ വിശ്വാസം ഇല്ലെന്ന് തിരിച്ചറിയുന്നു എങ്കിൽ ആ വിധവയ്ക്ക് നിരാശ തോന്നുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? ഒട്ടനവധി വൈദികർക്കും തങ്ങൾ പഠിപ്പിക്കുന്ന അധികം കാര്യങ്ങളിലും വിശ്വാസമില്ല എന്നു മനസ്സിലാക്കുമ്പോൾ അനേകരും അസ്വസ്ഥരാകുന്നു. “ലൈംഗിക ദുർന്നടപ്പിനെക്കാൾ ആഴത്തിലുള്ള ഒരു വൈദിക പ്രശ്നം” എന്ന് നാഷണൽ കാത്തലിക് റിപ്പോർട്ടർ വിളിച്ച പ്രശ്നത്തെക്കുറിച്ച് അത് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തിന്റെ അസ്തിത്വത്തിലോ പ്രതിഫലവും ശിക്ഷയും കിട്ടുമെന്നുള്ള ഉപദേശത്തിലോ പുനരുത്ഥാനത്തിലോ വിശ്വാസമില്ലാതായവർ പൊതുവേ വൈദികരുടെ ഇടയിൽ ധാരാളമുണ്ട് . . . തത്ഫലമായി ഈ അവിശ്വാസം അവരുടെ ഇടയിലെങ്ങും പുകമഞ്ഞുപോലെ വ്യാപിച്ചിരിക്കുന്നു.”
മറ്റു സഭകളിലുമുണ്ട് സമാനമായ ഒരു പ്രശ്നം. “കന്യകയിൽ നിന്നുള്ള യേശുവിന്റെ ജനനം, അവന്റെ അത്ഭുതങ്ങൾ, മിശിഹായുടെ രണ്ടാം വരവ് എന്നിങ്ങനെയുള്ള പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന വശങ്ങളിൽ വിശ്വസിക്കാത്തവർ” അനവധിയാണെന്ന് ആംഗ്ലിക്കൻ സഭയിലെ വികാരിമാരുടെ ഇടയിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയെന്ന് ഓസ്ട്രേലിയയിലെ കാൻബെറാ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
താൻതന്നെ വിശ്വസിക്കാത്ത ഒരു വിശ്വാസപ്രമാണം ശുദ്ധ മനസ്സാക്ഷിയോടെ ഒരു മതശുശ്രൂഷകന് എങ്ങനെ ചൊല്ലാൻ കഴിയുന്നുവെന്നതു സംബന്ധിച്ച് മതലേഖകനായ ജോർജ് ആർ. പ്ലേഗെൻസ് ചോദിക്കുകയുണ്ടായി. വിശ്വാസപ്രമാണത്തിലെ “ഞാൻ വിശ്വസിക്കുന്നു” എന്ന പ്രയോഗത്തിനു പകരം മറ്റൊന്ന് ഉപയോഗിച്ചതായി ഒരു മതശുശ്രൂഷകൻ പറഞ്ഞു. അദ്ദേഹം പ്രസ്താവിച്ചു: “‘സർവശക്തനാം പിതാവായ ദൈവത്തിൽ അവർ വിശ്വസിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് ഞാൻ വിശ്വാസപ്രമാണം ചൊല്ലുന്നു.” പ്ലേഗെൻസ് അത്തരം കാപട്യത്തെ “രാജ്യത്തെ ഏറ്റവും വലിയ വഞ്ചന” എന്നാണ് വിളിച്ചത്.
ദുഃഖകരമെന്നു പറയട്ടെ, വൈദികരുടെ അത്തരം വിശ്വാസരാഹിത്യവും ആത്മാർഥതയില്ലായ്മയും പൊതുവേ മതത്തോടുള്ള ബന്ധത്തിൽ അനേകരെയും നിരാശരാക്കുന്നു. എന്നാൽ ഇന്നു മതത്തെ സംബന്ധിച്ചുള്ള അസഹ്യപ്പെടുത്തുന്ന ഘടകം അതു മാത്രമല്ല. ബൈബിൾ ദൈവത്തിന്റെ വചനം ആണെന്നാണു പള്ളിയിൽ പോകുന്ന മിക്കവരെയും പഠിപ്പിച്ചിട്ടുള്ളത്. ദീർഘകാലമായി അംഗീകരിച്ചു പോരുന്ന ചില സഭോപദേശങ്ങൾ ബൈബിളിൽ ഇല്ല എന്നു മനസ്സിലാക്കുമ്പോൾ അവർ അമ്പരക്കുമോ? പിൻവരുന്ന ലേഖനം അതിന്റെ ഒരു ഉദാഹരണം പരിശോധിക്കും.