ആധുനിക ഗ്രീക്കിൽ ഒരു പുതിയ ബൈബിൾ
“ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷന് ഗ്രീസിൽ കൂടിവന്നവർക്ക് 1997 ആഗസ്റ്റ് 23 ഒരു സവിശേഷ ദിനം ആയിരുന്നു. ഉച്ചകഴിഞ്ഞുള്ള സെഷന്റെ ഒടുവിൽ, ആധുനിക ഗ്രീക്കിൽ ഒരു പുതിയ ബൈബിൾ—വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—പ്രകാശനം ചെയ്യപ്പെട്ടു. ആശ്ചര്യം കൂറിയ സദസ്സ്, സന്തോഷാശ്രുക്കൾ പൊഴിച്ചും എഴുന്നേറ്റുനിന്ന് ദീർഘനേരം കരഘോഷം മുഴക്കിയും സത്വരം പ്രതികരിച്ചു!
ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതൻ 19-ാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയായിരുന്നു 1905 മുതൽ യഹോവയുടെ സാക്ഷികൾ ഉപയോഗിച്ചിരുന്നത്. വർഷങ്ങളോളം ആ ബൈബിൾ അവർക്ക് വളരെയേറെ പ്രയോജനം ചെയ്തു. എന്നാൽ, കൂടുതൽ കൃത്യതയുള്ളതും ലളിതവുമായ ഒരു ബൈബിൾ പരിഭാഷയുടെ ആവശ്യം യഹോവയുടെ സാക്ഷികൾക്കു തോന്നി തുടങ്ങിയിട്ട് കുറേക്കാലം ആയിരുന്നു. 1993-ൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ഗ്രീക്ക് പരിഭാഷ ലഭിച്ചപ്പോൾ അവർ സന്തോഷിച്ചു. എന്നാൽ ആധുനിക ഗ്രീക്കിൽ മുഴു ബൈബിളും ലഭിച്ചതു നിമിത്തം ഇപ്പോൾ അവരുടെ സന്തോഷം തിരതല്ലുകയായിരുന്നു.
വിലമതിപ്പുള്ള ഒരു സാക്ഷി പുതിയലോക ഭാഷാന്തരത്തെ “ഒരു കാവ്യം, യഹോവയുടെ ശബ്ദം വഹിക്കുന്ന ഒരു മൃദുവായ ഇളംകാറ്റ്” എന്ന് വിളിച്ചു. “ആദ്യമായിട്ടാണ് സ്വന്തം ഭാഷയിൽ ഞങ്ങൾക്ക് അതു വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത്” എന്നും അവൾ പറഞ്ഞു. ചിലർ വീട്ടിൽ എത്തിയ ഉടനെ പുതിയ ബൈബിൾ വായിക്കാൻ തുടങ്ങി. ആവേശഭരിതനായ ഒരു സമ്മേളിതൻ രാത്രി ഒരുമണി വരെ അതു താഴെ വെച്ചില്ല, അപ്പോഴേക്കും അദ്ദേഹം ഇയ്യോബിന്റെ പുസ്തകം മുഴുവനും വായിച്ചു തീർത്തിരുന്നു!
ഗ്രീക്കിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഏകദേശം ഏഴു വർഷത്തെ ശ്രദ്ധാപൂർവമായ പരിശ്രമത്തിന്റെ ഫലമാണ്. ലഭിച്ച ഒരു കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “യഹോവയെ കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ പുതിയലോക ഭാഷാന്തരം ഞങ്ങളെ വളരെയേറെ സഹായിക്കാൻ പോകുകയാണെന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്.”