“നിങ്ങൾക്കുള്ളത് മുറുകെ പിടിച്ചുകൊൾക”
സാക്ഷികളുടെ ഒരു കൂട്ടം, ഏതാണ്ട് 30 ദ്വീപുകൾ ഉൾപ്പെടുന്ന ഗ്രീസിലെ സിക്ലഡിസ് ദ്വീപുകളിൽ ഒരെണ്ണത്തിൽ പ്രസംഗിക്കുക ആയിരുന്നു. അവരിൽ രണ്ടു പേർ തെരുവിലുള്ള വീടുകൾതോറും ആയിരുന്നു പ്രവർത്തിച്ചത്. അവർ ഒരു പൊലീസുകാരനെ കണ്ടുമുട്ടി. തന്നോടൊപ്പം സ്റ്റേഷനിലേക്കു ചെല്ലാൻ അദ്ദേഹം അവരോടു പറഞ്ഞു. സ്റ്റേഷനിൽ എത്തിയ ഉടനെ ഫോൺ ശബ്ദിച്ചു. ആ ഗ്രാമത്തിലെ പുരോഹിതനായിരുന്നു അത്. “ഗ്രാമത്തിൽ യഹോവയുടെ സാക്ഷികൾ വന്നിട്ടുണ്ടെന്ന് കേട്ടു,” പുരോഹിതൻ പറഞ്ഞു. “ശരിയാ, അവരിൽ രണ്ടുപേർ ഇവിടെയുണ്ട്,” പൊലീസുകാരൻ പറഞ്ഞു. “ഞാനിതാ സ്റ്റേഷനിലേക്കു വരികയാണ്.” സംസാര രീതി ശ്രദ്ധിച്ചിരുന്ന സഹോദരങ്ങൾ തെല്ലൊന്ന് പരിഭ്രാന്തരായി.
എന്നാൽ, സുസ്മേര വദനനായി അവിടെ എത്തിയ പുരോഹിതൻ അവർക്കു ഹസ്തദാനം നൽകിയിട്ട് പൊലീസുകാരന്റെ അടുത്തായി ഇരിപ്പുറപ്പിച്ചു. ചർച്ച തുടരവേ, പൊലീസുകാരൻ ദേഷ്യപ്പെടാൻ തുടങ്ങി. പുരോഹിതനാകട്ടെ, ന്യായബോധത്തോടും മര്യാദയോടും കൂടെ ചർച്ചയിൽ പങ്കെടുത്തു. സാക്ഷികളെ തരംതാഴ്ത്തരുതെന്ന് പൊലീസുകാരനോടു പറഞ്ഞിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെ പരിശീലനം ലഭിക്കുന്നതുകൊണ്ട് ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ അവർക്കു സാധിക്കും. യഹോവയുടെ സാക്ഷികളിൽ ഒരുവനെ തന്റെ വിശ്വാസത്തിൽനിന്നും വ്യതിചലിപ്പിക്കുന്നതിനെക്കാൾ എളുപ്പം ലോകത്തിന്റെ അസ്തിവാരം ഇളക്കുന്നതായിരിക്കും.”
പിറ്റേ ദിവസം രാവിലെ പ്രസംഗ വേലയിൽ ആയിരിക്കവേ, വീണ്ടും പുരോഹിതനെ കണ്ടുമുട്ടിയ അവർ അദ്ദേഹത്തോടു ചോദിച്ചു: “ഇന്നലെ പൊലീസ് സ്റ്റേഷനിൽവെച്ച് താങ്കൾ വളരെ സൗഹാർദപരമായി ഇടപെട്ടത് എന്തുകൊണ്ടാണ്?” സിറോസിൽവെച്ച് താൻ നിരവധി സാക്ഷികളെ പരിചയപ്പെട്ടിരുന്നെന്നും വീക്ഷാഗോപുരവും ഉണരുക!യും വർഷങ്ങളോളം വായിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേ, നിരവധി സന്ദർഭങ്ങളിൽ അദ്ദേഹം വീക്ഷാഗോപുരം മാസിക സ്വീകരിച്ച് ഒരു കവറിൽ ഒളിപ്പിച്ചു വെക്കുകയും പള്ളി പ്രസംഗങ്ങൾ നടത്താൻ അവ ഉപയോഗിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിങ്ങളുടെ സാഹിത്യം ഇല്ലാത്തപക്ഷം ജീവിതം മൂല്യവത്താണെന്നു ഞാൻ കരുതുന്നില്ല. അതാണ് പ്രത്യാശ പകരുന്നത്.”
പിന്നീട് ആ പുരോഹിതൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം. നിങ്ങൾക്കുള്ളത് മുറുകെ പിടിച്ചുകൊൾക. അതു വിട്ടുകളഞ്ഞുകൊണ്ട് അബദ്ധമൊന്നും കാണിക്കരുത്. ഞാൻ നടത്തിയതിൽവെച്ച് ഏറ്റവും നല്ല പ്രസംഗമാണ് ഇത്, കേവലം വായ്കൊണ്ട് പറയുകയല്ല; ഹൃദയത്തിൽനിന്നു പറയുകയാണ്.”