ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
തങ്ങളുടെ പ്രശ്നങ്ങൾക്ക് അനേകർ ദൈവത്തെ കുറ്റപ്പെടുത്തുന്നു. ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “മനുഷ്യന്റെ ഭോഷത്തം അയാളെ നാശത്തിലേക്ക് നയിക്കുമ്പോൾ അയാളുടെ ഹൃദയം കർത്താവിനെതിരെ രോഷംകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 19:3, ഓശാന ബൈ.) എന്നാൽ മനുഷ്യന്റെ കഷ്ടങ്ങൾക്ക് ദൈവത്തെ ഉത്തരവാദിയാക്കുന്നത്, മദ്യപിച്ചു വാഹനം ഓടിക്കുന്നതിനാലുള്ള അപകടങ്ങൾക്ക് കാർ നിർമാതാവിനെ കുറ്റപ്പെടുത്തുന്നതു പോലെയാണ്.
ദൈവം മാനവരാശിക്ക് തന്റെ വചനമായ ബൈബിളിൽ മൂല്യവത്തായ മാർഗനിർദേശം നൽകിയിട്ടുണ്ട്. ആ ദിവ്യ ഗ്രന്ഥശേഖരം പഠിക്കുന്നതിനാലും അതിൽ കൊടുത്തിരിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചു ജീവിക്കുന്നതിനാലും ജീവിതത്തിലെ ഒട്ടനവധി കെണികൾ നമുക്ക് ഒഴിവാക്കാൻ കഴിയും. നേരേമറിച്ച്, ദൈവത്തിന്റെ മാർഗനിർദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ആപത്കരമാണ്. ദൃഷ്ടാന്തത്തിന്, അമിത ഭക്ഷണം, പുകവലി, അമിത മദ്യപാനം, ദുർമാർഗം ഇവമൂലം മിക്കപ്പോഴും ആളുകൾക്ക് ദാരുണമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. (ലൂക്കൊസ് 21:34; 1 കൊരിന്ത്യർ 6:18; 2 കൊരിന്ത്യർ 7:1) ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് എഴുതി: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.”—ഗലാത്യർ 6:7, 8.
ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചു ജീവിക്കുന്നത് എത്രയോ മെച്ചമാണ്! നാം അപ്രകാരം ചെയ്യുന്നെങ്കിൽ, യെശയ്യാ പ്രവാചകനിലൂടെ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതിന്റെ നിവൃത്തി നാം അനുഭവിക്കും: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”—യെശയ്യാവു 48:17, 18.