നിങ്ങളുടെ സംസാരം മുറിപ്പെടുത്തുന്നതോ സുഖപ്പെടുത്തുന്നതോ?
പ്രയാസമേറിയ ഈ നാളുകളിൽ അനേകമാളുകളും “ഹൃദയം നുറുങ്ങിയവ”രും “മനസ്സു തകർന്നവ”രുമാണ് എന്നത് ഒട്ടുംതന്നെ അതിശയകരമല്ല. (സങ്കീർത്തനം 34:18) അതുകൊണ്ട്, അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകളിൽ പറഞ്ഞാൽ, “വിഷാദ ദേഹികളോട് സമാശ്വാസകരമായി സംസാരി”ക്കേണ്ടതിന്റെയും ‘ബലഹീനരെ താങ്ങേണ്ട’തിന്റെയും വർധിച്ച ആവശ്യം ഇന്നുണ്ട്. (1 തെസ്സലൊനീക്യർ 5:14, NW) എന്നാൽ സഹമനുഷ്യൻ നമ്മെ എതിർക്കുകയോ ഗുരുതരമായ തെറ്റു ചെയ്യുകയോ ആണെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ, വ്യക്തിയെ പരുക്കൻ രീതിയിൽ തിരുത്തുന്നതിൽ നമുക്കു ന്യായം തോന്നിയേക്കാം. എന്നിരുന്നാലും, ജാഗ്രത ആവശ്യമാണ്. ബുദ്ധ്യുപദേശം ആവശ്യമായിരിക്കുന്ന അവസരങ്ങളിൽ പോലും, മയമില്ലാതെ നൽകിയാൽ, അത് ഹാനികരം ആയിരുന്നേക്കാം. സദൃശവാക്യങ്ങൾ 12:18 പ്രസ്താവിക്കുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്.”
ആയതിനാൽ, തിരുത്തൽ നൽകുമ്പോഴോ തെറ്റിദ്ധാരണ കൈകാര്യം ചെയ്യുമ്പോഴോ സദൃശവാക്യങ്ങൾ 12:18-ന്റെ രണ്ടാം ഭാഗം ഓർക്കുന്നതു മർമപ്രധാനമാണ്: “ജ്ഞാനികളുടെ നാവോ സുഖപ്രദം.” ‘മറ്റുള്ളവർ എന്നെ എപ്രകാരം തിരുത്താനാണ് ഞാൻ ആഗ്രഹിക്കുക’ എന്ന് എല്ലായ്പോഴും സ്വയം ചോദിക്കുക. വിമർശനത്തെക്കാൾ പ്രോത്സാഹനത്തോടാണ് നമ്മിൽ മിക്കവരും ക്രിയാത്മകമായി പ്രതികരിക്കുന്നത്. അതുകൊണ്ട് അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കാതിരിക്കുക. [നമ്മോട്] തെറ്റുചെയ്യുന്നവൻ അഭിവൃദ്ധി പ്രാപിക്കാൻ ഇതു പ്രചോദനമേകും. കൂടാതെ, പ്രദാനം ചെയ്യപ്പെടുന്ന സഹായത്തോട് അയാൾ നന്ദിയുള്ളവനും ആയിരിക്കും.
നമ്മുടെ വാക്കുകൾ എല്ലായ്പോഴും മയപ്പെടുത്തേണ്ടത് എത്ര പ്രധാനമാണ്! സുഖപ്പെടുത്തുന്ന വാക്കുകൾ, പിൻവരുന്ന പ്രകാരം എഴുതിയ സങ്കീർത്തനക്കാരനെപ്പോലെ തോന്നാൻ ശ്രോതാവിനെ ഇടയാക്കും: “നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ.”—സങ്കീർത്തനം 141:5.