മുൻകാല തെറ്റുകളിൽനിന്നു പഠിക്കൽ
നമ്മുടെ സ്രഷ്ടാവിന്റെ ധാർമിക നിയമങ്ങൾ നിത്യവും അചഞ്ചലവുമാണ്. ആയതിനാൽ, ഗലാത്യർ 6:7-ലെ തത്ത്വം ഇന്നും ബാധകമാണ്: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” ദൈവത്തോടുള്ള ഉത്തരവാദിത്വത്തെ ഒരുവൻ നിഷേധിച്ചേക്കാം എന്നതു സത്യമാണ്, പക്ഷേ ദിവ്യനിയമം മാറ്റമില്ലാതെ തുടരുന്നു. അന്തിമമായി, ഒരു മനുഷ്യനും തന്റെ പ്രവർത്തനങ്ങളുടെ പരിണത ഫലങ്ങളിൽനിന്ന് ഒഴിവുള്ളവനല്ല.
വഴിപിഴച്ച ഒരു ജീവിതം നയിച്ചിട്ട് പിന്നീടു മാറ്റം വരുത്തി ദൈവത്തിന്റെ ദാസനായിത്തീരുന്ന ഒരുവന്റെ കാര്യമോ? അദ്ദേഹം അപ്പോഴും തന്റെ മുൻ ജീവിതരീതിയുടെ ഭവിഷ്യത്തുകളും പേറി ജീവിക്കേണ്ടി വന്നേക്കാം. എന്നാൽ ദൈവം അദ്ദേഹത്തോടു ക്ഷമിച്ചിട്ടില്ലെന്ന് ഇത് അർഥമാക്കുന്നില്ല. ബത്ത്-ശേബയുമായുള്ള ദാവീദ് രാജാവിന്റെ വ്യഭിചാരബന്ധം അവന്റെ ജീവിതത്തിൽ അനേകം ദുരിതങ്ങൾ വരുത്തിക്കൂട്ടി. അവന് അതിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ, അവൻ അനുതപിച്ചു, ദൈവത്തിന്റെ ക്ഷമ ലഭിക്കുകയും ചെയ്തു.—2 ശമൂവേൽ 12:13-19; 13:1-31.
ചെയ്ത തെറ്റുകളുടെ ഭവിഷ്യത്തുകൾ അനുഭവിക്കവേ, നിങ്ങൾ എന്നെങ്കിലും ഭഗ്നാശനായിട്ടുണ്ടോ? ശരിയായ വിധത്തിൽ വീക്ഷിക്കുന്നെങ്കിൽ, ‘നീതികേടിലേക്കു തിരിയാതെ സൂക്ഷി’ക്കാനുള്ള ഒരു ഓർമിപ്പിക്കലായി വ്യസനം ഉപകരിക്കും. (ഇയ്യോബ് 36:21) അതേ, വ്യസനം തോന്നുന്നത് തെറ്റ് ആവർത്തിക്കാതിരിക്കാൻ നമ്മെ സഹായിക്കും. കൂടുതൽ മെച്ചമായി, താൻ ചെയ്ത പാപത്തിൽനിന്നു നേടിയ അനുഭവങ്ങൾ തന്റെ മാത്രമല്ല മറ്റുള്ളവരുടെയും പ്രയോജനത്തിനായി ദാവീദ് ഉപയോഗിച്ചു. അവൻ പറഞ്ഞു: “ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും.”—സങ്കീർത്തനം 51:13.
[7-ാം പേജിലെ ചിത്രങ്ങൾ]
ബത്ത്-ശേബയുമായുള്ള പാപത്തിൽനിന്നു ദാവീദ് ഒരു പാഠം പഠിച്ചു