‘നീ ശൈശവംമുതൽ അറിയുന്നു’
അടുത്തകാലത്തെ ശാസ്ത്രീയ പഠനങ്ങളനുസരിച്ച്, ശിശുക്കളോടു സംസാരിക്കുന്നത് ചിന്തിക്കാനും ന്യായവാദം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള അവരുടെ പ്രാപ്തിയെ സുസ്ഥിരമാക്കിക്കൊണ്ട് തലച്ചോറിന്റെ വളർച്ചയെ ആഴമായി സ്വാധീനിക്കുന്നു. ഒരു ശിശുവിന്റെ ജീവിതത്തിലെ ആദ്യത്തെ വർഷം അതു വിശേഷിച്ചും അപ്രകാരമാണ്. “പിൽക്കാല ബുദ്ധിശക്തി, വിദ്യാഭ്യാസ വിജയം, സാമൂഹിക പര്യാപ്തത എന്നിവയെ മുൻനിർണയിക്കുന്ന സുപ്രധാന ഘടകം ഓരോ ദിവസവും ഒരു ശിശു കേൾക്കുന്ന വാക്കുകളുടെ എണ്ണ”മാണെന്ന് ചില ഗവേഷകർ ഇപ്പോൾ വിശ്വസിക്കുന്നതായി ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു.
എന്നാൽ, പറയപ്പെടുന്ന വാക്കുകൾ ഒരു വ്യക്തിയിൽനിന്നു വരണം. ടെലിവിഷനോ റേഡിയോയോ അതിനു പകരമാകില്ലത്രേ.
യു.എസ്.എ. സീയ്റ്റിലിലുള്ള വാഷിങ്ടൺ സർവകലാശാലയിലെ ഒരു നാഢീവിജ്ഞാനി ഇപ്രകാരം പ്രസ്താവിച്ചു: “ജീവിതത്തിന്റെ നന്നേ തുടക്കത്തിൽത്തന്നെ നാഢീബന്ധങ്ങൾ രൂപീകൃതമാകുന്നുവെന്നും അവ എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നു നിർണയിക്കാൻ ശിശുവിന്റെ തലച്ചോറ് അനുഭവങ്ങൾക്കുവേണ്ടി അക്ഷരീയമായി കാത്തിരിക്കുന്നുവെന്നും നമുക്കിന്നറിയാം. ഈ പ്രക്രിയ എത്ര നേരത്തെ ആരംഭിക്കുന്നുവെന്ന് ഈ അടുത്തകാലംവരെ നാം തിരിച്ചറിഞ്ഞിരുന്നില്ല. ദൃഷ്ടാന്തത്തിന്, ആറുമാസം പ്രായമുള്ളപ്പോൾ ശിശുക്കൾ തങ്ങളുടെ തദ്ദേശീയ ഭാഷയുടെ സ്വരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.”
ശിശുക്കൾക്കു ധാരാളം സ്നേഹം നൽകിയാൽത്തന്നെ അവർ ബുദ്ധിപരമായി നല്ല വളർച്ചപ്രാപിക്കുമെന്ന വ്യാപകമായ അഭിപ്രായത്തിനു പുതിയ ഗവേഷണങ്ങൾ വെല്ലുവിളി ഉയർത്തുന്നു. ശിശുവിന്റെ വളർച്ചയിൽ മാതാപിതാക്കൾക്കുള്ള പ്രാധാന്യത്തെയും അതു പ്രദീപ്തമാക്കുന്നു.
ഇത് തിമൊഥെയൊസിനുള്ള പൗലൊസ് അപ്പോസ്തലന്റെ നിശ്വസ്ത ലേഖനത്തിലെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു: ‘നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ നീ ബാല്യംമുതൽ [“ശൈശവംമുതൽ,” NW] അറിയുന്നു.’ ശിശുവായിരിക്കെ തിമൊഥെയൊസിനോട് വിശ്വാസികളായ അവന്റെ അമ്മയും വല്യമ്മയും പറഞ്ഞ തിരുവെഴുത്തുകൾ ദൈവത്തിന്റെ ഒരു ശ്രദ്ധേയനായ ദാസനെന്ന നിലയിലുള്ള അവന്റെ വളർച്ചയിൽ ഒരു മുഖ്യ പങ്കു വഹിച്ചിരിക്കാൻ നല്ല സാധ്യതയുണ്ട്.—2 തിമൊഥെയൊസ് 1:5; 3:14.