ദൈവം ഈ ലോകത്തെ നശിപ്പിക്കുമോ?
ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നതനുസരിച്ച്, മനുഷ്യർക്ക് ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ കഴിയും. ചരിത്രത്തിലുടനീളം “മനുഷ്യർ പാപം ചെയ്യുന്നതിൽ തുടർന്നിട്ടുണ്ട്, ഒരുപക്ഷേ, ജലപ്രളയത്തിനു മുമ്പുണ്ടായിരുന്നതായി വിവരിക്കപ്പെട്ടിരിക്കുന്നവയെക്കാൾ വലിയ പാപങ്ങൾപോലും,” അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പാപ്പാ വിശദീകരിച്ചു: “താൻ സൃഷ്ടിച്ച ലോകത്തെ നശിപ്പിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്ന യാതൊരു പാപവും ഇപ്പോഴില്ലെന്ന് നോഹയുമായി ദൈവമുണ്ടാക്കിയ ഉടമ്പടിയിൽനിന്ന് നാം മനസ്സിലാക്കുന്നു.”
ദൈവം ഒരിക്കലും ഈ ലോകത്തെ നശിപ്പിക്കുകയില്ലെന്നത് സത്യമാണോ? ജലപ്രളയത്തിനുശേഷം ദൈവം നോഹയോട് പിൻവരുന്ന പ്രകാരം പറഞ്ഞെന്ന് ബൈബിൾ പ്രസ്താവിക്കുന്നു: “ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല.” (ഉല്പത്തി 9:11) “നാശത്തിൽനിന്ന് [ഭൂമിയെ] സംരക്ഷിക്കാൻ” ഈ വാക്കുകളാൽ ദൈവം “സ്വയം പ്രതിജ്ഞാബദ്ധ”നായെന്ന് പാപ്പാ പറയുന്നു.
നമ്മുടെ ഗ്രഹം നശിപ്പിക്കപ്പെടാൻ സ്രഷ്ടാവ് അനുവദിക്കുകയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. “ഭൂമിയോ എന്നേക്കും നില്ക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 1:4) എന്നാൽ ജലപ്രളയത്തിൽനിന്ന്, പാപ്പാ പരാമർശിക്കാഞ്ഞ കൂടുതലായ ചിലതു പഠിക്കാനുണ്ട്.
തന്റെ ഭാവി സാന്നിധ്യത്തിന്റെ സമയത്ത് ഭൂമിയിലെ അവസ്ഥകൾ “നോഹയുടെ കാലംപോലെ തന്നേ”യായിരിക്കുമെന്നും അന്ന് “ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമി”ല്ലെന്നും യേശു പറഞ്ഞു. (മത്തായി 24:37-39) സമാനമായി, “അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു” എന്നും അതുപോലെതന്നെ “ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസ”ത്തിന്റെ ഭീതിയിൻ കീഴിലാണ് ഇന്നത്തെ ലോകമെന്നും പത്രൊസ് അപ്പോസ്തലൻ എഴുതി.—2 പത്രൊസ് 3:5-7.
യേശുവും പത്രൊസും നോഹയുമായുള്ള ദൈവത്തിന്റെ ഉടമ്പടി മറന്നുപോയോ? തീർച്ചയായുമില്ല! നോഹയുമായുള്ള ഉടമ്പടിയിൽ ദൈവം പ്രസ്താവിച്ചതുപോലെതന്നെ, ഈ ദുഷ്ടവ്യവസ്ഥിതിക്ക് അന്തം വരുത്താൻ ദൈവം പ്രളയജലം ഉപയോഗിക്കില്ല. പകരം, “രാജാധിരാജാവും കർത്താധികർത്താവു”മായ യേശുക്രിസ്തുവിന്റെ ശക്തി അവൻ ഉപയോഗപ്പെടുത്തും. (വെളിപ്പാടു [അപ്പോകാലിപ്സ്] 19:11-21) അതുകൊണ്ട് ബൈബിൾ പറയുന്നതനുസരിച്ച്, ഭൂമി നശിപ്പിക്കപ്പെടുകയില്ല, പിന്നെയോ ദുഷ്ടമനുഷ്യവർഗമാകുന്ന “ലോകം” നിശ്ചയമായും അവസാനിക്കും. (സദൃശവാക്യങ്ങൾ 2:21, 22; വെളിപ്പാടു 11:18) അതിനുശേഷം, “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.