“ലഭ്യമായതിൽ ഏറ്റവും മികച്ച വരിമധ്യ പുതിയനിയമം അതാണ്”
ഗ്രീക്കു തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരത്തെ ഡോ. ജയ്സൺ ബെഡൂൺ വർണിക്കുന്നത് അങ്ങനെയാണ്. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:
“ബ്ലൂമിങ്ടണിലെ [യു.എസ്.എ.] ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ മതപഠന വിഭാഗത്തിന്റെ ഒരു കോഴ്സിൽ ഞാൻ പഠിപ്പിച്ചുകഴിഞ്ഞതേയുള്ളൂ . . . അതു പ്രധാനമായും സുവിശേഷങ്ങളെ അധികരിച്ചുള്ള ഒരു കോഴ്സാണ്. ഗ്രീക്കു തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരത്തിന്റെ കോപ്പികളായിരുന്നു നിങ്ങളുടെ പക്കൽനിന്നുള്ള സഹായം. എന്റെ വിദ്യാർഥികൾ ക്ലാസ്സിലെ പാഠപുസ്തകങ്ങളിലൊന്നായി അതുപയോഗിച്ചു. ഈ ചെറു ഗ്രന്ഥങ്ങൾ പാഠ്യപദ്ധതിയിൽ അമൂല്യമായിരുന്നു. എന്റെ വിദ്യാർഥികൾക്ക് അവ പ്രിയങ്കരവുമായിരുന്നു.”
കോളെജിലെ പാഠ്യപദ്ധതിയിൽ ഡോ. ബെഡൂൺ രാജ്യവരിമധ്യ ഭാഷാന്തരം ഉപയോഗിക്കാനുള്ള കാരണമെന്താണ്? അദ്ദേഹം ഉത്തരം നൽകുന്നു: “ലളിതമായി പറഞ്ഞാൽ, ലഭ്യമായതിൽ ഏറ്റവും മികച്ച വരിമധ്യ പുതിയനിയമം അതാണ്. ഞാൻ ഒരു പരിശീലിത ബൈബിൾ പണ്ഡിതനാണ്. ആധുനിക ബൈബിൾപഠനങ്ങളിൽ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങളും ഉപാധികളും പരിചയമുള്ള ഞാൻ ഒരു യഹോവയുടെ സാക്ഷിയല്ലെന്നുകൂടെ പറഞ്ഞോട്ടെ. എങ്കിലും, ഗുണമേന്മയുള്ള പ്രസിദ്ധീകരണം കണ്ടാൽ തിരിച്ചറിയാൻ എനിക്കു സാധിക്കും. നിങ്ങളുടെ ‘പുതിയലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി’ ഉത്കൃഷ്ടമായ ഒരു വേലയാണു നിർവഹിച്ചിരിക്കുന്നത്. നിങ്ങളുടെ വരിമധ്യ ഇംഗ്ലീഷ് തർജമ കൃത്യതയുള്ളതും അങ്ങേയറ്റം പൊരുത്തമുള്ളതുമാണ്. ഗ്രീക്കു സംസാരിച്ചിരുന്ന ലോകത്തെയും നമ്മുടെ ലോകത്തെയും തമ്മിൽ വേർതിരിച്ചുനിർത്തുന്ന ഭാഷാപരവും സാംസ്കാരികവും ആശയപരവുമായ വിടവുകൾ മനസ്സിലാക്കാൻ അതു വായനക്കാരനെ നിർബന്ധിതനാക്കുന്നു. ഗ്രീക്കുപാഠത്തോടു വിശ്വസ്തത പുലർത്തുന്നതിൽ പരമ്പരാഗത അബദ്ധ വ്യാഖ്യാനങ്ങൾ ഒഴിവാക്കുന്ന, ഉന്നത നിലവാരമുള്ള ഒരു അക്ഷരീയ പരിഭാഷയാണ് നിങ്ങളുടെ ‘പുതിയലോക ഭാഷാന്തരം.’ അത് ഇന്ന് ഉപയോഗത്തിലിരിക്കുന്ന ഏറ്റവും നല്ല ഭാഷാന്തരങ്ങളെക്കാളും അനേകം വിധങ്ങളിൽ ശ്രേഷ്ഠമാണ്.”
ബൈബിളിന്റെ മൂല ഗ്രീക്കുപാഠവുമായി പരിചിതരാകാൻ ദൈവവചന പ്രേമികളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ് ഗ്രീക്കു തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരം. അതിൽ പേജിന്റെ ഇടതുവശത്തായി ആദിമ ഗ്രീക്കിലുള്ള പുതിയനിയമം (ബി. എഫ്. വെസ്ക്കോട്ടും എഫ്. ജെ. എ. ഹോർട്ടും സമാഹരിച്ചത്) കൊടുത്തിരിക്കുന്നു. ഗ്രീക്കുപാഠത്തിലെ വരികൾക്കടിയിൽ അക്ഷരീയ പദാനുപദ ഇംഗ്ലീഷ് തർജമ കാണാം. വലതുവശത്തുള്ള വീതികുറഞ്ഞ കോളത്തിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം കൊടുത്തിരിക്കുന്നു. ബൈബിളിന്റെ ഒരു ആധുനിക ഇംഗ്ലീഷ് ഭാഷാന്തരത്തെ വരിമധ്യഭാഷാന്തരവുമായി താരതമ്യം ചെയ്യാൻ അതു നിങ്ങളെ സഹായിക്കുന്നു.