അവ നിശബ്ദം തങ്ങളുടെ സ്രഷ്ടാവിനെ സ്തുതിക്കുന്നു
സൂര്യാസ്തമയങ്ങൾ സ്വതവേ വർണോജ്വലമാണ്. എന്നാൽ ഇറ്റലിയിലെ റ്റുസ്കനിലുള്ള ആപ്യവൻ മലകളിലെ ഈ പ്രത്യേക മലയ്ക്കു പിന്നിൽ സൂര്യൻ താഴുന്നത് തികച്ചും അനുപമമായ ഒരു ദൃശ്യംതന്നെയാണ്.
ദൂരെനിന്നു നോക്കുമ്പോൾ, സൂര്യൻ മലയ്ക്കു പിന്നിൽ താഴുന്നുവെന്നല്ല, അതിലേക്കു വീഴുകയാണന്നേ തോന്നൂ. എന്തുകൊണ്ട്? എന്തെന്നാൽ മലയുടെ ശിഖരത്തിന് കൊത്തിയുണ്ടാക്കിയിരിക്കുന്നതെന്നു തോന്നുന്ന ഒരു സ്വാഭാവിക കമാനം ഉണ്ട്. ഈ മുനമ്പിന് ഒരു പേരു കിട്ടിയിട്ടുണ്ട്—മൊൻഡെ ഫൊറാറ്റൊ, അതായത് സുഷിരിത മല. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതുകൊണ്ട്, കമാനത്തിലൂടെ നോക്കുന്നവർക്കു വർഷത്തിൽ രണ്ടു പ്രാവശ്യമേ മൊൻഡെ ഫൊറാറ്റൊയിലേക്കു സൂര്യൻ വീഴുന്നതായുള്ള മിഥ്യാദർശനം ലഭിക്കുകയുള്ളൂ.
സൃഷ്ടികളുടെ മറ്റു സവിശേഷതകൾപോലെ, അചേതന ആകാശം അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുന്നു. എങ്ങനെ? ഒരു മനോഹര ഛായാചിത്രം അതു വരച്ച ചിത്രകാരനു സ്തുതി കരേറ്റുന്നതുപോലെ. ഫലത്തിൽ, ആകാശഗോളങ്ങൾ യഹോവയുടെ ശക്തിയെയും ജ്ഞാനത്തെയും ഗാംഭീര്യത്തെയും വിളിച്ചോതുന്നു. സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (സങ്കീർത്തനം 19:1; 69:34) സൂര്യനും മറ്റ് അചേതന ഗോളങ്ങളും അവയുടെ സ്രഷ്ടാവിനെ സ്തുതിക്കുന്നെങ്കിൽ, നാമെത്രയധികം അങ്ങനെ ചെയ്യേണ്ടതാണ്!—സങ്കീർത്തനം 148:1, 3, 12, 13.