“എല്ലാ ജാതികളിലെയും ആളുകളെ ശിഷ്യരാക്കുവിൻ”
“ആകയാൽ പോയി എല്ലാ ജാതികളിലെയും ആളുകളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാപനപ്പെടുത്തി അവരെ ശിഷ്യരാക്കുവിൻ.” ഇങ്ങനെയാണ് പുതിയലോക ഭാഷാന്തരം മത്തായി 28:19-ലെ കൽപ്പന പരിഭാഷപ്പെടുത്തുന്നത്. എന്നാൽ ഈ പരിഭാഷ വിമർശിക്കപ്പെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, “‘സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ എന്ന പരിഭാഷമാത്രമേ ഗ്രീക്കു പാഠം അനുവദിക്കുന്നുള്ളൂ” എന്ന് ഒരു മതലഘുലേഖ അവകാശപ്പെടുന്നു. ഇതു സത്യമാണോ?
“സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് അനേകം ബൈബിൾ പരിഭാഷകളിലും കാണുന്നത്; അത് ഗ്രീക്കിന്റെ അക്ഷരീയ പരിഭാഷയാണ്. അപ്പോൾ, ‘എല്ലാ ജാതികളിലെയും ആളുകളെ സ്നാപനപ്പെടുത്തി അവരെ ശിഷ്യരാക്കുവിൻ’ എന്നു പരിഭാഷപ്പെടുത്തുന്നതിനുള്ള അടിസ്ഥാനമെന്താണ്? അതിന്റെ സന്ദർഭം. ‘അവരെ സ്നാപനപ്പെടുത്തുവിൻ’ എന്ന പ്രയോഗം പരാമർശിക്കുന്നത് വ്യക്തമായും ജാതികളെയല്ല, വ്യക്തികളെയാണ്. ജർമൻ പണ്ഡിതനായ ഹാൻസ് ബ്രൂൺസ് പ്രസ്താവിക്കുന്നു: “‘അവരെ’ എന്ന [പദം] പരാമർശിക്കുന്നത് ജാതികളെയല്ല (ഗ്രീക്ക് അതിനു വ്യക്തമായ വ്യത്യാസം കൽപ്പിക്കുന്നുണ്ട്), ജാതികളിലെ ആളുകളെയാണ്.”
കൂടാതെ, യേശുവിന്റെ കൽപ്പന നിറവേറ്റപ്പെട്ട വിധവും കണക്കിലെടുക്കേണ്ടതാണ്. ഏഷ്യാമൈനറിലെ ഒരു നഗരമായ ദെർബ്ബയിൽ പൗലൊസും ബർന്നബാസും നടത്തിയ ശുശ്രൂഷയെക്കുറിച്ചു നാം വായിക്കുന്നു: “ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു.” (പ്രവൃത്തികൾ 14:21) പൗലൊസും ബർന്നബാസും ദെർബ്ബ നഗരത്തെയല്ല, ദെർബ്ബയിലെ ആളുകളിൽ ചിലരെയാണു ശിഷ്യരാക്കിയത് എന്നതു ശ്രദ്ധിക്കുക.
സമാനമായി, അന്ത്യകാലത്തെക്കുറിച്ചു വെളിപ്പാടു പുസ്തകം മുൻകൂട്ടിപ്പറഞ്ഞത് ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നുള്ള ഒരു മഹാപുരുഷാരം’ ദൈവത്തെ സേവിക്കുമെന്നാണ്, അല്ലാതെ എല്ലാ ജാതികളുമല്ല. (വെളിപ്പാടു 7:9) അങ്ങനെ, ‘ദൈവശ്വാസീയമായ എല്ലാതിരുവെഴുത്തു’കളുടെയും ഒരു ആശ്രയയോഗ്യമായ പരിഭാഷയെന്നനിലയിൽ പുതിയലോക ഭാഷാന്തരം സംസ്ഥാപിക്കപ്പെട്ടിരിക്കുന്നു.—2 തിമൊഥെയൊസ് 3:16.