പ്രയോജനപ്രദമായിത്തീർന്ന നിദ്രാരഹിത രാവുകൾ
രാജാക്കന്മാർക്കു പോലും നിദ്രാരഹിത രാവുകളുണ്ട്. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ ശക്തനായ പേർഷ്യൻ ഭരണാധിപനായിരുന്ന അഹശ്വേരോശിന് അതു സംഭവിച്ചു. ചില കർത്തവ്യങ്ങൾ അവഗണിച്ചുവെന്ന തോന്നലുകൊണ്ടാകാം, രാജദിനവൃത്താന്ത ഗ്രന്ഥം തന്നെ വായിച്ചുകേൾപ്പിക്കാൻ അവൻ ആവശ്യപ്പെട്ടു. വിശ്വസ്ത ദാസനായ മൊർദ്ദെഖായി, തനിക്കെതിരായ ഒരു വധഗൂഢാലോചന വിഫലമാക്കിയിരുന്നെന്നും എന്നാൽ അവന് പ്രതിഫലം നൽകിയിട്ടില്ലെന്നും രാജാവ് മനസ്സിലാക്കി. അശ്രദ്ധകൊണ്ടുപറ്റിയ ഈ പിശക് ഉടനടി പരിഹരിക്കാൻ അഹശ്വേരോശ് തീരുമാനിച്ചു. അദ്ദേഹത്തിന്റെ നടപടികൾക്ക് ദൈവജനത്തിന്മേലുണ്ടായിരുന്ന പ്രയോജനകരമായ ഫലങ്ങൾ രാജാവിന്റെ നിദ്രാരാഹിത്യത്തിനു കാരണം ദൈവമായിരുന്നെന്നു സൂചിപ്പിക്കുന്നു.—എസ്ഥേർ 6:1-10.
ദക്ഷിണാഫ്രിക്കൻ തീരദേശ പട്ടണമായ ഹെർമാനസിലെ യഹോവയുടെ സാക്ഷികളുടെ സഭയ്ക്ക് ബൈബിളിലെ ഈ ഭാഗം ഓർമിക്കുന്നതിന് കാരണമുണ്ട്. അവർ പതിവായി യോഗം ചേർന്നിരുന്നത് വാടകയ്ക്കെടുത്ത ഒരു ഹാളിലായിരുന്നു. സ്വന്തം രാജ്യഹാൾ പണിയുന്നതിനു സ്ഥലം വാങ്ങാൻ അവർ വർഷങ്ങളോളം ശ്രമിച്ചു. ഒടുവിൽ, 1991-ൽ ടൗൺ കൗൺസിൽ ഏറ്റവും മെച്ചപ്പെട്ട ഒരു സ്ഥലം വാഗ്ദാനം ചെയ്തു.
എന്നാൽ, ഈ സ്ഥലം യഹോവയുടെ സാക്ഷികൾക്കു വിൽക്കുന്നതിനെ ചിലർ എതിർത്തു. കുറെ വർഷത്തെ കാലതാമസത്തിനുശേഷം, ആരാധനാലയങ്ങൾക്കു സ്ഥലം വിൽക്കുന്നത് മൂന്നുവർഷത്തേക്ക് മരവിപ്പിച്ചെന്നും സ്ഥലവാഗ്ദാനം പിൻവലിച്ചെന്നും സഭയെ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കാൻ കൗൺസിലിനോട് അഭ്യർഥിച്ചുകൊണ്ട് 1993 മേയിൽ സഭ വീണ്ടും കത്തെഴുതി. ആ താത്കാലിക വിൽപ്പനാനിരോധനം അപ്പോഴും പ്രാബല്യത്തിലാണെന്നു പ്രസ്താവിക്കുന്ന ഒരുവാചകം മാത്രമുള്ള ഒരു കത്ത് അവർക്കു ലഭിച്ചു.
ആ വർഷം ഒക്ടോബറിൽ ടൗൺ കൗൺസിലർമാരിൽ ഒരാൾക്കു നിദ്രാരാഹിത്യം അനുഭവപ്പെട്ടു. ശ്രദ്ധയാവശ്യമുള്ള ഏതെങ്കിലും കാര്യങ്ങളുണ്ടോയെന്ന് മനസ്സിലാക്കാനായി അവർ പഴയ കൗൺസിൽ യോഗങ്ങളുടെ രേഖകൾ മറിച്ചുനോക്കിക്കൊണ്ട് സമയം തള്ളിനീക്കി. തീരുമാനം പുനഃപരിശോധിക്കാൻ അപേക്ഷിച്ചുകൊണ്ട് സാക്ഷികൾ കൗൺസിലിന് എഴുതിയ കത്ത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അടുത്ത യോഗത്തിനുള്ള അജണ്ടയിൽ ആ വിഷയം ഉൾപ്പെടുത്താൻ അവർ തീരുമാനിച്ചു. ആരാധനാലയങ്ങൾക്കുള്ള സ്ഥലത്തിനുമേൽ താത്കാലിക നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പാണ് യഹോവയുടെ സാക്ഷികൾ സ്ഥലത്തിനുവേണ്ടി അപേക്ഷിച്ചതെന്നു ചൂണ്ടിക്കാട്ടാൻ അവർ ആഗ്രഹിച്ചു.
ഒടുവിൽ, ആദ്യം 1991-ൽ വാഗ്ദാനംചെയ്ത അതേ സ്ഥലംതന്നെ സഭയ്ക്ക് അനുവദിച്ചുകിട്ടി! അത് പ്രധാന നിരത്തിനു സമീപമാണ്, സഭാംഗങ്ങൾക്കും താത്പര്യക്കാർക്കും അനായാസം എത്തിച്ചേരാനാകും. അവർ മനോഹരമായൊരു രാജ്യഹാൾ പണിത് 1996 ഒക്ടോബർ 5-ന് അത് യഹോവയ്ക്കു സമർപ്പിച്ചു.
നിദ്രാരഹിത രാവ് കൗൺസിലർക്കുളവാക്കിയ അസൗകര്യത്തിൽ സഭ ഖേദിക്കുന്നു. എന്നാൽ അഹശ്വേരോശ് രാജാവിനും അപ്രകാരമൊന്ന് അനുഭവപ്പെട്ടെന്നുള്ള വസ്തുത അവർക്ക് ആശ്വാസമേകിയേക്കാം. രണ്ടു സംഭവങ്ങളിലും പരിണതഫലം പ്രയോജനപ്രദമായിരുന്നു. സത്യാരാധനയുടെയും ജനപ്രീതിയാർജിച്ച ഈ തീരദേശ പട്ടണത്തിലെ ദിവ്യാധിപത്യ പരിശീലനത്തിന്റെയും കേന്ദ്രമായി ഒരു രാജ്യഹാൾ സ്വന്തമായിട്ടുള്ളതിൽ ഹെർമാനസിലെ സഭയ്ക്കു തീർച്ചയായും അങ്ങേയറ്റം കൃതജ്ഞതയുണ്ട്.—എബ്രായർ 10:24, 25.