നീതിനിഷ്ഠമായ ഒരു ലോകം—നിങ്ങൾ അതു വാഞ്ഛിക്കുന്നുവോ?
മൂന്ന് പായ്മരങ്ങളും രണ്ടു തട്ടുകളുമുള്ള, തടികൊണ്ടുള്ള ഒരു യാത്രാക്കപ്പൽ യു.എസ്.എ. മാസാച്ചുസെറ്റ്സിലെ ഇന്നത്തെ കേപ് കോഡിന്റെ തീരത്തോടടുക്കുന്നു. 66 ദിവസത്തെ സമുദ്രയാത്രമൂലം കപ്പലിലെ ജോലിക്കാരും 101 യാത്രക്കാരും ക്ഷീണിച്ചവശരായിരിക്കുന്നു. മതപീഡനത്തിൽനിന്നും സാമ്പത്തിക വൈഷമ്യത്തിൽനിന്നും രക്ഷതേടി അവർ അറ്റ്ലാൻറിക്കിനു കുറുകെ ആയാസകരമായ ഒരു യാത്ര നടത്തിയിരിക്കുന്നു.
1620 നവംബർ 11-ന് കരകണ്ടപ്പോൾ മേയ്ഫ്ളവർ എന്ന ഈ കപ്പലിലെ യാത്രക്കാരുടെ കണ്ണുകൾ ഒരു പുതിയ തുടക്കത്തിന്റെ പ്രത്യാശയാൽ വെട്ടിത്തിളങ്ങി. മെച്ചപ്പെട്ട ഒരു ലോകത്തിന് അടിത്തറപാകാനുള്ള ആഗ്രഹത്താൽ ആ സംഘത്തിലെ പ്രായപൂർത്തിയായ ഭൂരിപക്ഷം പുരുഷന്മാരും മേയ്ഫ്ളവർ ഉടമ്പടി ഒപ്പുവെക്കുന്നു. “കോളനിയുടെ പൊതുനന്മക്കായി നീതിനിഷ്ഠവും നിഷ്പക്ഷവുമായ നിയമങ്ങൾ” നിർമിക്കാമെന്ന് അവർ അതിൽ സമ്മതിക്കുന്നു. എല്ലാവരോടും ധാർമികമായി സത്യസന്ധവും നിഷ്പക്ഷവുമായി പെരുമാറുന്ന ലോകത്തെക്കുറിച്ചുള്ള—ഒരു നീതിനിഷ്ഠമായ ലോകത്തെക്കുറിച്ചുള്ള—അവരുടെ സ്വപ്നം യാഥാർഥ്യമായിത്തീർന്നിട്ടുണ്ടോ?
മേയ്ഫ്ളവറിൽവെച്ച് ഒപ്പിട്ട ആ ഉടമ്പടി അമേരിക്കൻ ഭരണവ്യവസ്ഥയുടെ മൂലക്കല്ലുകളിലൊന്നായി പരിഗണിക്കപ്പെടുന്നെങ്കിലും, ലോകത്തുള്ള മറ്റേതൊരു സ്ഥലത്തെയുംപോലെ അനീതി അമേരിക്കയിലും സാധാരണമാണ്. ദൃഷ്ടാന്തത്തിന്, മോഷണം നടത്തുകയും കടയുടമയെ വെടിവെക്കുകയും ചെയ്തിട്ട് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പൊലീസിന്റെ വെടിയേറ്റ ഒരുവന്റെ കാര്യമെടുക്കുക. അയാൾ പൊലീസിനും ന്യൂയോർക്ക് നഗരഭരണാധികാരികൾക്കുമെതിരെ കേസുകൊടുക്കുകയും ഒത്തുതീർപ്പിൽ ലക്ഷക്കണക്കിനു ഡോളർ നേടുകയും ചെയ്തു.
മറ്റൊരു ദൃഷ്ടാന്തം പരിഗണിക്കുക. കാലിഫോർണിയയിലെ പാസഡെനയിൽ നിയമവിദ്യാർഥികൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ അവരിലൊരാൾ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണു. അടുത്തുള്ള രണ്ട് വിദ്യാർഥികൾ ഉടനെ ഹൃദയപുനർജീവന നടപടികൾ ആരംഭിക്കുകയും പാരാമെഡിക്കൽ ജീവനക്കാർ എത്തുന്നതുവരെ അതു തുടരുകയും ചെയ്തു. ആ വ്യക്തിയെ സഹായിക്കുന്നതിനായി അവർ 40 മിനിറ്റ് ചെലവഴിച്ചു. എന്നാൽ, പരീക്ഷ പൂർത്തിയാക്കാൻ നഷ്ടപ്പെട്ട അത്രയും സമയം നൽകണമെന്ന് അവർ അപേക്ഷിച്ചപ്പോൾ അധികാരികൾ അതു നിരസിച്ചു.
കുറ്റകൃത്യ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷയുടെ കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക വിശകലനവിദഗ്ധനായ എഡ് റൂബെൻസൈറ്റിൻ അഭിപ്രായപ്പെടുന്നു: “ഒട്ടുമിക്ക കുറ്റകൃത്യങ്ങളും ഒരിക്കലും അറസ്റ്റിൽ കലാശിക്കുന്നില്ല. അറസ്റ്റുചെയ്യപ്പെട്ട മിക്കവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്നില്ല. കുറ്റക്കാരായി വിധിക്കപ്പെട്ട മിക്കവരും പരോളിലാണ്. കുറ്റവാളിയെ സംബന്ധിച്ചിടത്തോളം ശിക്ഷയെന്നത് ഒരു സാധ്യത മാത്രമാണ്, ഉറപ്പുള്ള കാര്യമല്ല.” കവർച്ചക്കാരനായിത്തീരുന്ന ഒരുവൻ “98 ശതമാനത്തിലധികം തവണയും ജയിൽശിക്ഷയിൽനിന്നു രക്ഷപ്പെടു”മെന്ന്, ഭവനഭേദനങ്ങൾ സംബന്ധിച്ച രേഖകൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നിഗമനം ചെയ്യുന്നു. ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവായിരിക്കുന്നത് കൂടുതൽ കുറ്റകൃത്യത്തിലേക്കും കൂടുതൽപേർ കുറ്റകൃത്യത്തിന് ഇരയാകുന്നതിലേക്കും നയിക്കുന്നു.—സഭാപ്രസംഗി 8:11.
മിക്ക രാജ്യങ്ങളിലും ദരിദ്ര ജനങ്ങൾ സാമ്പത്തിക അനീതിയെ അഭിമുഖീകരിക്കുമ്പോൾ ഒരു സമ്പന്ന ന്യൂനപക്ഷം അധികമധികം ധനികരായിക്കൊണ്ടിരിക്കുന്നു. തൊലിനിറം, വംശീയ പശ്ചാത്തലം, ഭാഷ, ലിംഗഭേദം, മതം എന്നിവ നിമിത്തം തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനോ തങ്ങളെത്തന്നെ പോറ്റുന്നതിനുപോലുമോ അവസരമില്ലാത്തപ്പോൾ അത്തരം അനീതികൾ നിലനിൽക്കുന്നു. ദൃഷ്ടാന്തത്തിന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, “ഹൈന്ദവാധിപത്യമുള്ള ദക്ഷിണേഷ്യയിൽ ഏതാണ്ട് 25 കോടി ആളുകൾ—അവരിൽ ഒട്ടുമിക്കവരും ഇന്ത്യയിലും നേപ്പാളിലുമാണ്—തൊട്ടുകൂടാത്തവരായി ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.” ദാരിദ്ര്യത്താലും വിശപ്പിനാലും രോഗത്താലും ജനകോടികൾ വേട്ടയാടപ്പെടുന്നുവെന്നതാണ് ഫലം. ചൊട്ടമുതൽ ചുടലവരെ അവർ അനീതിക്കിരകളാകുന്നു.
മാനുഷ നിയന്ത്രണത്തിനതീതമായ, അനീതികളെന്നു തോന്നിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചോ? അന്ധത, മന്ദബുദ്ധി, വിരൂപത എന്നീ വൈകല്യങ്ങളോടെ ജനിക്കുന്ന ശിശുക്കളുടെ കാര്യമോർക്കുക. അടുത്തു കിടക്കുന്ന സ്ത്രീകൾ ആരോഗ്യമുള്ള ശിശുക്കളെ ആശ്ലേഷിക്കുമ്പോൾ തന്റെ കുട്ടി ജനിക്കുന്നതു മുടന്തനായോ മരിച്ചനിലയിലോ ആണെങ്കിൽ ഒരു സ്ത്രീക്ക് താൻ അനീതിക്കിരയായതായി തോന്നുകയില്ലേ?
ദുഃഖകരമെന്നു പറയട്ടെ, അനീതി വ്യാപകമാണ്, അതുപോലെതന്നെ അതിന്റെ ഭവിഷ്യത്തുകളും—കൊടിയ യാതനകളും സമാധാനം, സന്തോഷം, സംതൃപ്തി എന്നിവയുടെ അഭാവവും. തങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന അനീതി നിമിത്തം കോപാകുലരായിട്ട് അനേകർ അക്രമമാർഗം അവലംബിക്കുന്നു. അത് മാനുഷ ദുരിതം വർധിപ്പിക്കാൻ മാത്രമേ ഉതകൂ. അനീതിക്കിരയാകുന്നുവെന്ന തോന്നലാണ് ഒട്ടുമിക്ക യുദ്ധങ്ങൾക്കും കാരണം.
നീതിനിഷ്ഠമായ ഒരു ലോകം ഉളവാക്കാൻ മനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? അത്തരം ലോകം വെറുമൊരു സ്വപ്നമാണോ?
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Corbis-Bettmann
[4-ാം പേജിലെ ചിത്രം]
മേയ്ഫ്ളവർ ഉടമ്പടി ഒപ്പുവെക്കുന്നു
[കടപ്പാട]
Corbis-Bettmann