“ആഴമുള്ള വെള്ളം” കോരിയെടുക്കൽ
ഒരു ബൈബിൾ പഴമൊഴി പ്രസ്താവിക്കുന്നു: “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” (സദൃശവാക്യങ്ങൾ 20:5) ഇന്നത്തെ പല രാജ്യങ്ങളിലെയും അവസ്ഥയോടുള്ള താരതമ്യത്തിൽ ബൈബിൾ കാലങ്ങളിൽ, വെള്ളം കോരിയെടുക്കുന്നതു വളരെ ശ്രമകരമായിരുന്നു. യേശു ശമര്യസ്ത്രീയോട് സംസാരിച്ചപ്പോൾ അവൾ യാക്കോബിന്റെ ഉറവിൽനിന്നു വെള്ളം കോരുകയായിരുന്നു, അത് ഏതാണ്ട് 23 മീറ്റർ ആഴമുള്ള ഒരു കിണറായിരുന്നു!—യോഹന്നാൻ 4:5-15.
സദൃശവാക്യങ്ങൾ 20:5 സൂചിപ്പിക്കുന്നതുപോലെ, ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ള ആഴമേറിയ വികാരവിചാരങ്ങൾ കോരിയെടുക്കുന്നതിന് വിവേകം ആവശ്യമാണ്, ഒരു കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കുന്നതിനു ശ്രമം ആവശ്യമായിരിക്കുന്നതുപോലെ. ജീവിതത്തിന്റെ മിക്ക തുറകളിലും ഇതു സത്യമാണ്. ദൃഷ്ടാന്തത്തിന്, നിരവധി വർഷംകൊണ്ട് ധാരാളം അറിവും അനുഭവസമ്പത്തും ആർജിച്ചിട്ടുള്ള വ്യക്തികളെ നിങ്ങൾക്കറിയാമായിരിക്കും. ആവശ്യപ്പെടാതെ, സ്വമനസ്സാലെ ഉപദേശം തരാൻ ഇവർ ചായ്വുള്ളവരല്ലെങ്കിൽ, നിങ്ങൾ അതു കോരിയെടുക്കേണ്ടതുണ്ടായിരിക്കാം. താത്പര്യം കാണിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും നയപൂർവം ചുഴിഞ്ഞിറങ്ങുകയും ചെയ്യുകവഴി നിങ്ങൾ ആഴമുള്ള ഒരു ജ്ഞാനക്കിണറിലേക്ക് തൊട്ടിയിറക്കുകയാകും ചെയ്യുന്നത്.
സദൃശവാക്യങ്ങൾ 20:5-ലെ ബുദ്ധ്യുപദേശം കുടുംബത്തിലും ബാധകമാണ്. ഭാര്യമാർ മിക്കപ്പോഴും ഇങ്ങനെ പറയുന്നതായി കേട്ടിട്ടുണ്ട്: “എന്റെ ഭർത്താവ് ഒരിക്കലും അദ്ദേഹത്തിന് എന്തു തോന്നുന്നുവെന്ന് എന്നോടു പറയാറില്ല!” ഒരു ഭർത്താവു പറഞ്ഞേക്കാം: “ഭാര്യയ്ക്ക് എന്നോട് മിണ്ടാട്ടമില്ല!” അത്തരം സാഹചര്യങ്ങളിൽ, ഇണയുടെ ഹൃദയത്തിന്റെ അടിത്തട്ടിലുള്ള വിചാരങ്ങൾ കോരിയെടുക്കുന്നതിന് വിവേകമാവശ്യമാണ്. നയപൂർവമുള്ള ചോദ്യങ്ങൾ (ഇന്നെന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നോ? എന്തുപറ്റി? ഞാൻ എന്തു സഹായമാണു ചെയ്യേണ്ടത്?) മിക്കപ്പോഴും ഹൃദയംതുറന്ന് ആശയവിനിയമം നടത്താൻ പ്രേരിപ്പിച്ചേക്കാം. അത്തരം വിവേകം പ്രകടമാക്കുന്നത് വിവാഹബന്ധത്തെ ബലിഷ്ഠമാക്കിക്കൊണ്ട് ഭാര്യയ്ക്കും ഭർത്താവിനും പ്രയോജനം ചെയ്യും.