നിങ്ങൾക്ക് ആരുടെ വാഗ്ദാനങ്ങളെ ആശ്രയിക്കാനാകും?
ഭാവിയെക്കുറിച്ചു ചർച്ചചെയ്യുന്നതിന് 1893-ൽ 74 സാമൂഹിക വിദഗ്ധരുടെ ഒരു സംഘം ചിക്കാഗോ ലോക മേളയിൽ സമ്മേളിച്ചു. (അതിന്റെ സ്ഥാനം മുകളിൽ കാണിച്ചിരിക്കുന്നു.) 100 വർഷം മുന്നോട്ട്, അതായത് 1993-ലേക്ക്, നോക്കിക്കൊണ്ട് അവർ ചില പ്രവചനങ്ങൾ നടത്തി. അവയിൽ ചിലതാണു പിൻവരുന്നത്: “അനേകമാളുകൾ 150 വയസ്സുവരെ ജീവിക്കും.” “ജയിലുകൾ കുറയുകയും വിവാഹമോചനം അനാവശ്യമായി കരുതപ്പെടുകയും ചെയ്യും.” “മാഹാത്മ്യത്തിന്റെ അളവുകോൽ എല്ലായ്പോഴും ലാളിത്യമായിരിക്കുമെന്നതിനാൽ ഭരണനിർവഹണം കൂടുതൽ ലളിതമായിരിക്കും.”
സമാനമായി, 2000-ാമാണ്ട് (ഇംഗ്ലീഷ്) എന്ന ശീർഷകത്തോടുകൂടിയ ഒരു പുസ്തകം 1967-ൽ ഇങ്ങനെ പ്രവചിച്ചു: “സാധ്യതയനുസരിച്ച്, 2000-ാമാണ്ടോടെ കമ്പ്യൂട്ടറുകൾ ഒരുപക്ഷേ മമനുഷ്യന്റെ കലാപരവും സർഗാത്മകവുമായ ചില പ്രാപ്തികൾ ഉൾപ്പെടെയുള്ള അവന്റെ ഏറ്റവും വലിയ ‘മനുഷ്യ-സമാന’ ബൗദ്ധിക പ്രാപ്തികൾക്കു തുല്യമാകുകയോ അതിനെ അനുകരിക്കുകയോ കടത്തിവെട്ടുകയോ ചെയ്യും.” “മിതമായ വിലയുള്ള റോബോട്ടുകൾ ഭൂരിഭാഗം വീട്ടുജോലികളും ചെയ്യുകയെന്ന ആശയം . . . 2000-ാമാണ്ടോടെ അങ്ങേയറ്റം ന്യായയുക്തമായിരിക്കുമെന്നു തോന്നുന്നു.”
ഭാവിസംഭവങ്ങൾ മുൻകൂട്ടിക്കാണാനുള്ള മനുഷ്യവർഗത്തിന്റെ അപ്രാപ്തി ശ്രദ്ധേയമായും ദൈവത്തിന്റെ പ്രാപ്തിക്ക് നേർവിപരീതമാണ്. ദൃഷ്ടാന്തത്തിന് മുൻപ്രസ്താവിച്ച പ്രവചനങ്ങളെ, ഏതാണ്ട് 20 നൂറ്റാണ്ടുകൾക്കുമുമ്പ് നമ്മുടെ നാളിനെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുമായി താരതമ്യം ചെയ്യുക: “മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
“അന്ത്യകാല”ത്തെക്കുറിച്ചുള്ള ഈ ബൈബിൾ പ്രവചനം നമ്മുടെ നാളിൽ നിവൃത്തിയേറിയിട്ടുള്ള അനേകം പ്രവചനങ്ങളിൽ ഒന്നുമാത്രമാണ്. യേശുവിന്റെ സാന്നിധ്യത്തിന്റെ “അടയാള”ത്തിൽ ലോകയുദ്ധം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധി, ഭൂകമ്പങ്ങൾ, ദൈവരാജ്യ സുവാർത്തയുടെ ലോകവ്യാപക പ്രസംഗം എന്നിവ ഉൾപ്പെടുമെന്ന് ദൈവവചനം മുൻകൂട്ടിപറഞ്ഞു.—മത്തായി 24:3-14; ലൂക്കൊസ് 21:11.
ദൈവിക വാഗ്ദാനങ്ങളുടെ തെറ്റുപറ്റാനാകാത്ത കൃത്യത, നൂറ്റാണ്ടുകൾക്കു മുമ്പ് പിൻവരുന്ന പ്രകാരം ഘോഷിക്കാൻ ബൈബിളെഴുത്തുകാരനെ പ്രേരിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.”—യോശുവ 23:14
അതേ, ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളും പെട്ടെന്നുതന്നെ നിവൃത്തിയേറുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം. ദൈവരാജ്യം രോഗം, കുറ്റകൃത്യം, മയക്കുമരുന്നാസക്തി, ദാരിദ്ര്യം, യുദ്ധം എന്നിവയ്ക്കെല്ലാം അറുതിവരുത്തും—മുഴുഭൂമിയും ഒരു പറുദീസയായിരിക്കും. (സങ്കീർത്തനം 37:10, 11, 29; വെളിപ്പാടു 21:3, 4) ഈ പ്രവചനത്തിന്റെ നിവൃത്തി നിങ്ങൾക്ക് ഉറപ്പായും പ്രതീക്ഷിക്കാൻ കഴിയും! “ഭോഷ്കില്ലാത്ത ദൈവ”മായ നമ്മുടെ സ്രഷ്ടാവിൽനിന്നാണ് അത് വരുന്നത്.—തീത്തൊസ് 1:2; എബ്രായർ 6:13-19 താരതമ്യം ചെയ്യുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Cleveland State University Archive