ജീവിതപന്ഥാവിൽ നിങ്ങൾക്കൊരു മാർഗദീപം
“യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) ഈ വാക്കുകളിൽ പ്രവാചകനായ യിരെമ്യാവ്, സഹായമില്ലാതെ മനുഷ്യനു ജീവിതപന്ഥാവിലൂടെ വിജയപ്രദമായി മുന്നേറാനാകില്ലെന്നു വ്യക്തമാക്കി. അത്തരം സഹായം എവിടെ കണ്ടെത്താം? യഹോവയാം ദൈവത്തോടുള്ള തന്റെ പ്രാർഥനയിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ ഉത്തരം നൽകുന്നു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.”—സങ്കീർത്തനം 119:105.
ദൈവവചനമായ വിശുദ്ധ ബൈബിളിന്റെ അധ്യയനത്തിലേർപ്പെടുകയും അതു പറയുന്നതു ബാധകമാക്കുകയും ചെയ്യുന്നവർ അതിരാവിലെ യാത്ര പുറപ്പെടുന്ന ഒരുവനെപ്പോലെയാണ്. ഇരുട്ടായതിനാൽ അയാൾക്കാദ്യം അധികമൊന്നും കാണാൻ സാധിക്കില്ല. എന്നാൽ, സൂര്യനുദിക്കുന്നതോടെ അയാൾ കൂടുതൽ വ്യക്തമായി കാണുന്നു. അങ്ങനെ, നട്ടുച്ചയാകുന്നു. അതോടെ അയാൾക്ക് സകലതും വ്യക്തമായി കാണാൻ സാധിക്കുന്നു. അത്തരം ദൃഷ്ടാന്തം ഒരു ബൈബിൾ സദൃശവാക്യത്തെക്കുറിച്ച് ഒരുവനെ ഓർമിപ്പിക്കുന്നു: “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.”—സദൃശവാക്യങ്ങൾ 4:18.
ദൈവത്തിന്റെ മാർഗനിർദേശം തള്ളിക്കളയുന്നവരുടെ കാര്യമോ? “ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 4:19) അതേ, ദുഷ്ടന്മാർ ഇരുട്ടിൽ തട്ടിവീഴുന്ന ഒരുവനെപ്പോലെയാണ്. അവരുടെ ഏറ്റവും മെച്ചപ്പെട്ടതെന്നു തോന്നിക്കുന്ന വിജയങ്ങൾപോലും താത്കാലികമാണ്. കാരണം, “യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.”—സദൃശവാക്യങ്ങൾ 21:30.
അതുകൊണ്ട്, ദൈവവചനമായ ബൈബിളിന്റെ മാർഗനിർദേശം പിൻപറ്റുക. അങ്ങനെയെങ്കിൽ, സദൃശവാക്യങ്ങൾ 3:5, 6-ലെ പിൻവരുന്ന വാക്കുകൾ സത്യമെന്നു നിങ്ങൾ കണ്ടെത്തും. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”