വൃദ്ധർക്കു ബുദ്ധിമുട്ടേറിയ നാളുകൾ
ഓനീയൻ അമ്മച്ചിക്കു വയസ്സ് 68. പശ്ചിമാഫ്രിക്കയിലെ ഒരു വൻ നഗരത്തിലാണു താമസം. ജീവിതസായാഹ്നം മക്കളോടും പേരക്കിടാങ്ങളോടുമൊപ്പം സ്വസ്ഥമായി ആസ്വദിക്കണമെന്ന് ചെറുപ്പത്തിൽ അവർ മോഹിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഉഷ്ണമേഖലയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ തണുത്ത വെള്ളം വിറ്റുകൊണ്ടു നാളുകൾ കഴിച്ചുകൂട്ടുകയാണ്. തന്റെ തുച്ഛ വരുമാനംകൊണ്ട് അവർ ഒരുവിധത്തിൽ കഴിഞ്ഞുകൂടുന്നു. അവരുടെ രണ്ടു പുത്രന്മാർ ഒരു വിദൂര രാജ്യത്താണ്. പുത്രന്മാർ അവർക്കു പണമയച്ചുകൊടുത്തിട്ട് ഇപ്പോൾ ഒരുപാടു കാലമായി.
പോയകാലങ്ങളിൽ ആഫ്രിക്കയിൽ വൃദ്ധരെ അത്യന്തം ആദരവോടെയാണു വീക്ഷിച്ചിരുന്നത്. അവരുടെ അനുഭവസമ്പത്തും അറിവും ജ്ഞാനവും വിവേകവുമെല്ലാം നിമിത്തം അവർ ആദരിക്കപ്പെട്ടിരുന്നു. പേരക്കിടാങ്ങളെ വളർത്തിക്കൊണ്ടുവരാൻ അവർ സഹായിച്ചിരുന്നു. ചെറുപ്പക്കാർ അവരുടെ ഉപദേശവും അംഗീകാരവും തേടിയിരുന്നു. ആളുകൾ പിൻവരുന്ന ബൈബിൾ ബുദ്ധ്യുപദേശമനുസരിച്ചാണു ജീവിച്ചിരുന്നത്: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ [അല്ലെങ്കിൽ വൃദ്ധയുടെ] മുഖം ബഹുമാനിക്കയും . . . വേണം.”—ലേവ്യപുസ്തകം 19:32.
കാലം മാറിയിരിക്കുന്നു. ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, നഗരങ്ങളിലേക്കുള്ള കൂട്ടമായ കുടിയേറ്റം എന്നിവ വൃദ്ധരായ അനേകരെയും കാര്യാദികൾ സ്വയം നോക്കിനടത്താൻ നിർബന്ധിതരാക്കുന്നു. ഹെൽപ്പേജ് കെനിയയുടെ ഡയറക്ടറായ കാമിലസ് വെർ ഇങ്ങനെ പറയുന്നു: “വൃദ്ധർക്ക് താങ്ങും തണലുമേകുന്ന കീഴ്വഴക്കത്തിനു നാൾക്കുനാൾ പ്രസക്തിയില്ലാതാകുകയാണ്.”
കുടുംബബന്ധങ്ങളുടെ ബലക്ഷയം ആഫ്രിക്കൻ ദേശങ്ങളുടെ മാത്രം പ്രത്യേകതയല്ല. ജപ്പാനെക്കുറിച്ച് ഗാർഡിയൻ വീക്ക്ലി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കൺഫ്യൂഷ്യസ് മതം നിഷ്കർഷിച്ചിരുന്ന മാതൃ-പിതൃഭക്തി ജപ്പാന്റെ മൂല്യവ്യവസ്ഥയുടെ മൂലക്കല്ലായിരുന്നു. എന്നാൽ അതിനു നഗരവത്കരണത്തെയും ശിഥിലമായ കുടുംബബന്ധങ്ങളെയും അതിജീവിക്കാനായില്ല. ഇന്നു ജപ്പാൻകാരിൽ 85 ശതമാനവും ആശുപത്രികളിലോ വൃദ്ധമന്ദിരങ്ങളിലോവെച്ചാണ് അന്ത്യശ്വാസം വലിക്കുന്നത്.”
സ്ഥിതിഗതികൾ എന്തൊക്കെയായിരുന്നാലും ദൈവത്തെ പ്രീതിപ്പെടുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. അവർ ബൈബിളിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നു: ‘“നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.”’ (എഫെസ്യർ 6:2, 3) വൃദ്ധമാതാപിതാക്കളെ ബഹുമാനിക്കുന്നതും പരിചരിക്കുന്നതും എല്ലായ്പോഴും അത്ര എളുപ്പമല്ലെങ്കിലും അതു സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തും.