നാസി പീഡനത്തിന്മധ്യേ അവർ ഉറച്ചുനിന്നു
നാസി ജർമനിയിലെ യഹോവയുടെ സാക്ഷികളുടെ നിർഭയ നിർമലത ക്രൈസ്തവലോകത്തിലെ സഭകൾ സ്വീകരിച്ച നിലപാടിനു കടകവിരുദ്ധമായി മുന്തിനിൽക്കുന്നു. മരണത്തിന്റെ പ്രത്യയശാസ്ത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ചരിത്രപ്രൊഫസറായ ജോൺ വൈസ് അഭിപ്രായപ്പെട്ടതാണങ്ങനെ. അദ്ദേഹം എഴുതുന്നു:
“‘ലൂഥറൻ സഭക്കാർ’ നാസികളെ ‘സ്വാഗതം’ ചെയ്യണമെന്ന് 1934-ൽ ഇവാഞ്ചലിക്കൽ സഭ ശാഠ്യം പിടിക്കുകയും ജർമൻകാർക്ക് ‘ദൈവഭക്തിയുള്ള, വിശ്വാസയോഗ്യനായ മേലധികാരിയെ’ നൽകിയതിൽ ‘കർത്താവായ ദൈവ’ത്തിനു നന്ദി നൽകുകയും ചെയ്തു. . . . ‘നമ്മുടെ അടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ് [ഹിറ്റ്ലർ]’ എന്ന് ഒരു പ്രൊട്ടസ്ററൻറ് ബിഷപ്പ് തന്റെ വൈദികഗണത്തിന് എഴുതി.” വൈസ് തുടരുന്നു: “ആസന്നമായിരുന്ന ബോൾഷേവിക് വിപ്ലവത്തിൽനിന്ന് ജർമനിയെ രക്ഷിച്ചുകൊണ്ട് ഹിറ്റ്ലർ സമാധാനവും സുസ്ഥിരതയും കൈവരുത്തിയെന്നതിൽ . . . ജർമൻ മെഥഡിസ്റ്റ് സഭ, ബിഷപ്പ് ഡിബേലിയൂസുമായി യോജിച്ചു. ഹിറ്റ്ലറെ എതിർക്കുന്നത് മോർമൻനിയമത്തിന്റെ ലംഘനമാണെന്ന് മോർമൻസഭ അതിന്റെ വിശ്വസ്ത അംഗങ്ങളെ ഉപദേശിച്ചു.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “പുതിയ രാഷ്ട്രത്തെ അനുസരിക്കുന്നത് ഒരു പാവനകർത്തവ്യമാണെന്നു കത്തോലിക്കരോടു പറയപ്പെട്ടു, പൂർവയൂറോപ്പിൽ [നാസികൾ] ചെയ്ത ഭീകരതകളെല്ലാം വൈദികർ അറിഞ്ഞിട്ടും ഒരിക്കലും പിൻവലിക്കാഞ്ഞ ഒരു കർത്തവ്യം തന്നെ.”
എന്നാൽ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചോ? “ഒരു സമൂഹമെന്നനിലയിൽ യഹോവയുടെ സാക്ഷികൾ മാത്രമേ നാസികളെ ചെറുത്തുനിന്നുള്ളൂ” എന്ന് പ്രൊഫസർ വൈസ് ചൂണ്ടിക്കാട്ടുന്നു. അവരിൽ ആയിരക്കണക്കിനാളുകൾ തടവറയിലായി, പ്രൊഫസർ വൈസ് തുടരുന്നു, “എന്നാൽ തടങ്കൽപ്പാളയത്തിലേക്ക് അയയ്ക്കപ്പെട്ട ഏതൊരു സാക്ഷിക്കും തന്റെ വിശ്വാസം ത്യജിച്ചുകൊണ്ട് ഒരു രേഖയിൽ ഒപ്പിടുക മാത്രം ചെയ്താൽ മോചനം നേടാനാകുമായിരുന്നു.”
യഹോവയുടെ സാക്ഷികളുടെ നിർമലതയെക്കുറിച്ച് പ്രൊഫസർ വൈസ് അഭിപ്രായപ്പെടുന്നു: “[ക്രിസ്ത്യാനിത്വത്തിന്റെ] സ്ഥാപനവത്കരണത്തിനും നിർമലതപാലിച്ചു ജീവിക്കാനുള്ള ആഗ്രഹത്തെ സാമൂഹികപ്രതിബദ്ധതകൾ കീഴടക്കുന്നതിനും മുമ്പ് ആദിമ ക്രിസ്ത്യാനിത്വത്തിനുണ്ടായിരുന്ന അതുല്യ നിശ്ചയദാർഢ്യത്തോടുകൂടിയ വീരോചിത സ്വാധീനശക്തിയെയാണ് അവരുടെ ദൃഷ്ടാന്തം ചിത്രീകരിക്കുന്നത്. അവരെക്കുറിച്ച് ഒരു പ്രൊട്ടസ്ററൻറ് പാസ്റ്റർ എഴുതിയതുപോലെ, ‘ആ നാസി ഭൂതത്തിന്റെ ക്രോധത്തിനെതിരെ ആദ്യമായി ഉറച്ചുനിന്നതും തങ്ങളുടെ വിശ്വാസപ്രകാരമുള്ള എതിർപ്പു പ്രകടിപ്പിച്ചതും വൻസഭകളല്ല, മറിച്ച് ഏഷണിക്കും നിന്ദയ്ക്കും വിധേയരായ ഈ ആളുകളായിരുന്നു.’”