നിങ്ങൾ പാപത്തെ എങ്ങനെ വീക്ഷിക്കുന്നു?
“നിന്നിൽ ഒരു പാപവുമില്ല, നിന്നിൽ ഒരു ദുരിതവുമില്ല; അപരിമേയ ശക്തിയുടെ സംഭരണശാലയാണു നീ.” ഈ പ്രസ്താവന നടത്തിയത് പ്രശസ്ത ഹൈന്ദവ തത്ത്വചിന്തകനായ വിവേകാനന്ദനാണ്, ഹൈന്ദവ വിശുദ്ധ ഗ്രന്ഥമായ ഭഗവദ്ഗീതയിൽനിന്നുള്ള ഒരു ഖണ്ഡിക വിശദീകരിക്കവേയാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. വേദാന്തത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അവകാശപ്പെട്ടു: “നിങ്ങൾ ദുർബലനാണ്, ഒരു പാപിയാണ് എന്നു പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്.”a
എന്നാൽ, മനുഷ്യനിൽ പാപമില്ലെന്നുള്ളതു സത്യമാണോ? അപ്പോൾപ്പിന്നെ, ജനനത്തിങ്കൽ ഒരു വ്യക്തി പാരമ്പര്യമായി അവകാശപ്പെടുത്തുന്നത് എന്താണ്? “പാരമ്പര്യത്താൽ നിർണയിക്കപ്പെടുന്നതു ശാരീരിക പ്രത്യേകതകൾ” മാത്രമാണെന്ന് സ്വാമി നിഖിലാനന്ദ പറയുന്നു. മറ്റു സ്വഭാവങ്ങൾ നിർണയിക്കപ്പെടുന്നത് ഒരുവന്റെ “മുൻജന്മ കർമങ്ങ”ളാലാണ്. വിവേകാനന്ദൻ പറയുന്നതനുസരിച്ച്, “നിങ്ങളുടെ വിധിയുടെ സ്രഷ്ടാവ് നിങ്ങൾത്തന്നെയാണ്.” പാരമ്പര്യസിദ്ധ പാപത്തെക്കുറിച്ചു ഹിന്ദുമതം യാതൊന്നും പഠിപ്പിക്കുന്നില്ല.
സൊരാഷ്ട്രർ, ഷിന്റോ മതക്കാർ, കൺഫ്യുഷ്യസ് മതക്കാർ, ബുദ്ധമതക്കാർ എന്നിവർക്കിടയിൽ പാരമ്പര്യസിദ്ധ പാപം എന്ന ആശയമില്ല. പാരമ്പര്യസിദ്ധ പാപം എന്ന ഉപദേശം പരമ്പരാഗതമായി പഠിപ്പിച്ചിട്ടുള്ള യഹൂദ-ക്രിസ്തീയ മതങ്ങളിൽ പോലും, പാപത്തോടുള്ള ആളുകളുടെ സമീപനം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് അധികമധികം ആളുകളും തങ്ങളെത്തന്നെ പാപികളായി കരുതുന്നില്ല.
“ആധുനിക മനസ്സാക്ഷി ധാർമിക നിന്ദയെ പ്രോത്സാഹിപ്പിക്കുന്നില്ല; പ്രത്യേകിച്ചും, ആത്മനിന്ദയെ അതു പ്രോത്സാഹിപ്പിക്കുന്നില്ല” എന്ന് ദൈവശാസ്ത്രജ്ഞനായ കൊർനീലിയസ് പ്ലാൻറിങാ ജൂനിയർ പറയുന്നു. പാപത്തെ നിസ്സാരീകരിക്കുന്നതിൽ ക്രൈസ്തവലോകത്തിലെ സഭകൾ ഒരു പരിധിവരെ ഉത്തരവാദികളാണ്. “പാപത്തെക്കുറിച്ചു കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ പള്ളിയിൽ പോകരുത്” എന്ന് ഡ്യൂക് സർവകലാശാലയിലെ ഒരു വൈദികൻ പറയുന്നു. പ്ലാൻറിങാ പറയുന്നതനുസരിച്ച്, ചില പള്ളികൾ സാമൂഹിക പ്രശ്നങ്ങളോടുള്ള ബന്ധത്തിൽ മാത്രമേ സാധാരണമായി പാപത്തെക്കുറിച്ചു സംസാരിക്കുന്നുള്ളൂ.
സാമൂഹിക കെടുതികൾ ഇന്ന് ഒട്ടനവധിയുണ്ടെന്നു സമ്മതിക്കുന്നു. അക്രമം, കുറ്റകൃത്യം, യുദ്ധങ്ങൾ, വർഗീയ കലാപങ്ങൾ, മയക്കുമരുന്നു ദുരുപയോഗം, സത്യസന്ധതയില്ലായ്മ, അടിച്ചമർത്തൽ, കുട്ടികൾക്കെതിരായ അക്രമം എന്നിവ വിപുലവ്യാപകമാണ്. മനുഷ്യവർഗം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും രക്തപങ്കിലമായ നൂറ്റാണ്ടുകളിലൊന്ന് എന്ന് 20-ാം നൂറ്റാണ്ടു വിളിക്കപ്പെട്ടിരിക്കുന്നു. രോഗം, വാർധക്യം, മരണം എന്നിവ വരുത്തിവെക്കുന്ന വേദനയും ദുരിതവും ഇതോടൊപ്പമുണ്ട്. ഇന്നത്തെ ലോകത്തിലെ അസംഖ്യം പ്രശ്നങ്ങളിൽനിന്നുള്ള വിമോചനത്തിനായി വാഞ്ഛിക്കാത്ത ആരാണുള്ളത്?
അപ്പോൾ, പാപത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണമെന്താണ്? പാപം പാരമ്പര്യസിദ്ധമാണോ? വേദനയിൽനിന്നും ദുരിതത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം നാം എന്നെങ്കിലും അനുഭവിക്കുമോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ചചെയ്യും.
[അടിക്കുറിപ്പുകൾ]
a ഹൈന്ദവ തിരുവെഴുത്തുകളായ വേദങ്ങളുടെ അവസാനം കാണുന്ന ഉപനിഷത്തുകളിൽ അധിഷ്ഠിതമാണ് വേദാന്ത തത്ത്വശാസ്ത്രം.